Wednesday, February 27, 2013

ചന്ദ്രശേഖരന് വധഭീഷണിയുള്ളതായി പരാതി നല്‍കിയിട്ടില്ല: രമ


കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധഭീഷണിയുള്ളതായി താന്‍ പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്ന് ഭാര്യ കെ കെ രമ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിലാണ് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ രമയുടെ മൊഴി. ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന വിവരം സിപിഐ എം നേതാവായിരുന്ന അച്ഛന്‍ കെ കെ മാധവനോടോ വീട്ടിലുള്ള ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍ എന്നിവരോടോ പറഞ്ഞിട്ടില്ല. അഡീഷണല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി ഇടത് ഏകോപനസമിതി നേതാവാണെന്ന് അറിയാം. ഇടത് ഏകോപനസമിതിയുടെ പരിപാടികളില്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ചന്ദ്രശേഖരനും എന്‍ വേണുവും കുമാരന്‍കുട്ടിയും ആര്‍എംപി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഫോട്ടോ അഭിഭാഷകന്‍ കാണിച്ചുകൊടുത്തപ്പോള്‍ അത് ശരിയാണെന്ന് അവര്‍ മറുപടി നല്‍കി.

പി സതീദേവിയും കെ കെ ലതിക എംഎല്‍എയും പ്രദേശത്തെ സ്വാധീനമുള്ള സ്ത്രീനേതാക്കളാണെന്ന് അറിയുമോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് അവര്‍ മൊഴി നല്‍കി. ഇവരെ പൊതുജനമധ്യത്തില്‍ താഴ്ത്തിക്കെട്ടാന്‍ ആര്‍എംപിയും രമയും ശ്രമിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു.

ചന്ദ്രശേഖരന്‍ ഒഞ്ചിയം സര്‍വീസ് സഹകരണ ബാങ്ക് മെയിന്‍ ശാഖയില്‍ 2001 മാര്‍ച്ച് 31ന് 4,65,710 രൂപ സ്ഥിരനിക്ഷേപമിട്ടതായി അറിയില്ല. വളം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരനെ പാര്‍ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനിടയായ സംഭവത്തില്‍ പരാമര്‍ശിച്ച തുകയാണ് ഇങ്ങനെ നിക്ഷേപിച്ചത് എന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തെറ്റാണെന്നായിരുന്നു രമയുടെ മൊഴി. നാലുമാസത്തിനകം ഈ തുക പിന്‍വലിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് അവര്‍ പറഞ്ഞു. ആര്‍എംപിക്കാരെ ആക്രമിച്ച സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേസെടുത്തില്ലെന്ന് ആരോപിച്ച രമ അന്ന് മുഖ്യമന്ത്രി ആരായിരുന്നുവെന്ന് ഓര്‍മയില്ലെന്ന് പ്രതിഭാഗം വിസ്താരത്തില്‍ പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, സി ശ്രീധരന്‍ നായര്‍, പി വി ഹരി, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവര്‍ ഹാജരായി. രമയുടെ വിസ്താരം പൂര്‍ത്തിയായി. 8, 11 സാക്ഷികളും ആര്‍എംപി പ്രവര്‍ത്തകരുമായ എന്‍ വേണു, അച്യുതന്‍ എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. രമയുടെ മകന്‍ അഭിനന്ദ്, അച്ഛന്‍ കെ കെ മാധവന്‍ എന്നിവരടക്കം അഞ്ചുസാക്ഷികളെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

വളം തിരിമറി: ചന്ദ്രശേഖരന്റെ അഴിമതി പുറത്തുവന്നു

കോഴിക്കോട്: അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണ് ടി പി ചന്ദ്രശേഖരനെന്ന വാദം കോടതിയില്‍ പൊളിഞ്ഞു. ഏറാമല സഹ. ബാങ്കിലെ വളം തിരിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയാണ് പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നത്. ഒഞ്ചിയം സര്‍വീസ് സഹകരണ ബാങ്കില്‍ തുക സ്ഥിരനിക്ഷേപമിട്ടതിന്റെ രേഖകളും കോടതിയില്‍ എത്തി. ഇതേപ്പറ്റി അറിയില്ലെന്ന മറുപടിയാണ് രമ നല്‍കിയത്. ഒഞ്ചിയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ആര്‍എംപി പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യമുണ്ടാക്കിയില്ലെന്ന വാദവും പൊളിഞ്ഞു. ഒഞ്ചിയത്ത് 17ല്‍ 11 സീറ്റിലും യുഡിഎഫ് മത്സരിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അറിയില്ലെന്നായിരുന്നു രമയുടെ മറുപടി. യുഡിഎഫ് മത്സരിക്കാത്ത വാര്‍ഡുകളുടെ പേരും കോടതിയില്‍ രേഖയായി. 2, 3, 5, 6, 7, 8, 9, 10, 12, 13, 14 വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികളില്ലാഞ്ഞത്.

deshabhimani 270213

No comments:

Post a Comment