Friday, November 1, 2013

സാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

പുരോഗമന കലാസാഹിത്യസംഘം പത്താം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം പാലക്കാട്ട് തുടക്കമായി. രാവിലെ പത്തിന് പി ഗോവിന്ദപ്പിള്ള നഗറില്‍ (പാലക്കാട് നഗരസഭ ടൗണ്‍ഹാള്‍) പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ ഡോ. മല്ലികസാരാഭായി ഉദ്ഘാടനം ചെയ്തു. ബംഗാളി എഴുത്തുകാരി തിലോത്തമ മജുംദാര്‍, തമിഴ് നോവലിസ്റ്റ് അഴകിയ പെരിയവന്‍ എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 500ല്‍ പരം സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതിനിധികളായി പങ്കെടുക്കും.

വര്‍ത്തമാനകാലത്ത് സാംസ്കാരികമേഖല നേരിടുന്ന പ്രശ്നങ്ങളും പ്രവണതകളും പ്രതിസന്ധിയും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഭാവി പ്രവര്‍ത്തനനയരേഖയ്ക്ക് രൂപം നല്‍കും. വയലാര്‍ അവാര്‍ഡ് നേടിയ പ്രഭാവര്‍മയെ രണ്ടിന് വൈകിട്ട് നാലിന് പ്രത്യേകമായി ആദരിക്കും. സെമിനാര്‍, കലാസാംസ്കാരികപ്രവര്‍ത്തകരെ ആദരിക്കല്‍, പുസ്തകപ്രകാശനം, കലാപരിപാടികള്‍ എന്നിവയും സമ്മേളനത്തില്‍ നടക്കും.

ഉദ്ഘാടനസമ്മേളനത്തിന് ശേഷം പ്രശസ്ത കലാകാരന്മാരെ എം എ ബേബി എംഎല്‍എ ആദരിച്ചു. പി കെ നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം സത്യഭാമ, പി കെ മേദിനി, ഞാറ്റ്യേല ശ്രീധരന്‍, തേവര്‍തോട്ടം സുകുമാരന്‍, വസന്തകുമാര്‍ സാംബശിവന്‍, വി ഹര്‍ഷകുമാര്‍ എന്നിവരെയാണ് ആദരിച്ചത്. തുടര്‍ന്ന് അശോകന്‍ ചെരുവിലിന്റെ "എഴുത്തിന്റെ വെയിലും നിലാവും", കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ "ഹ്യൂഗോ ഷാവേസ് ഒരു ഓര്‍മപ്പുസ്തകം", ഷാജഹാന്‍ കേനോത്തിന്റെ കെഇഎന്‍ അടയാളം എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു..

ഉച്ചതിരിഞ്ഞ് പ്രതിനിധി സമ്മേളനത്തില്‍ പ്രഫ. വി എന്‍ മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നയരേഖ കെഇഎന്‍ കുഞ്ഞഹമ്മദ് അവതരിപ്പിച്ചു. വൈകിട്ട് 4.30ന് "അധികാരവും മാധ്യമങ്ങളും" എന്ന സെമിനാറില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാവര്‍മ, സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എ കെ ബാലന്‍ എംഎല്‍എ, മാധ്യമപ്രവര്‍ത്തകരായ സെബാസ്റ്റ്യന്‍പോള്‍, ഷാഹിന, റൂബിന്‍ ഡിക്രൂസ് എന്നിവര്‍ പങ്കെടുക്കും. ദേശം(ഇപി രാജഗോപാല്‍), എന്റെ വില ഒരു കാറിന്റെ വില (ടികെ ശങ്കരനാരായണന്‍) എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. രാത്രി 7.30ന് കലാപരിപാടി വി ചെന്താമരാക്ഷന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട് കലാവേദിയുടെ "മത്തായിയെ റഫറി പുറത്താക്കി" നാടകവും അരങ്ങേറും

മലയാള സാഹിത്യ ചരിത്രത്തിലേക്ക് വഴിതുറന്ന് പ്രദര്‍ശനം

പാലക്കാട്: മലയാള സാഹിത്യചരിത്രത്തിന്റെ വികാസവും അവയ്ക്ക് പുരോഗമനപ്രസ്ഥാനവും സാഹിത്യവുമായുള്ള ബന്ധവും വിശദീകരിക്കുന്ന സാഹിത്യചരിത്രപ്രദര്‍ശനം ടൗണ്‍ഹാളില്‍ തുടങ്ങി. പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം. മലയാളസാഹിത്യത്തിലെ മണ്‍മറഞ്ഞുപോയ പ്രതിഭകളും അവരുടെ സംഭാവനകളെയും പുതുതലമുറക്ക് ലളിതമായ വാക്കുകളിലൂടെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ശ്രദ്ധേയമാണ്. മലയാളഭാഷ അതിന്റെ ചരിത്രം, നാള്‍വഴി, പരിണാമം എന്നീ വിവിധ ഘട്ടങ്ങളില്‍ ഭാഷയെ സ്നേഹിക്കുകയും വളര്‍ച്ചക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത യുഗപുരുഷന്മാരെ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നു.

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, കേസരി എ ബാലകൃഷ്ണപിള്ള, എം ആര്‍ നായര്‍, എം പി പോള്‍, സി ജെ തോമസ്, മുണ്ടശേരി, കുറ്റിപ്പുഴ, കുട്ടികൃഷ്ണമാരാര്‍ എന്നിവരും ഭാഷയെയും സാഹിത്യത്തെയും പുരോഗമനപ്രസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് ജനകീയവല്‍ക്കരിച്ച ഇ എം എസ്, കെ ദാമോദരന്‍, പി ഗോവിന്ദപ്പിള്ള,തായാട്ട് ശങ്കരന്‍ എന്നിവരെക്കുറിച്ചുള്ള സ്കെച്ചുകള്‍ പ്രദര്‍ശനത്തിലുണ്ട്.

മലയാളഭാഷയില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കും നേരിട്ട വെല്ലുവിളികളും ചെറുതല്ല. എന്നിട്ടും സാഹിത്യ മണ്ഡലത്തില്‍ പുരോഗമനസാഹിത്യം ശ്രദ്ധേയമായി. ഗ്രന്ഥശാലകളുടെ വളര്‍ച്ചയും സാഹിത്യനായകരുടെ പങ്കും എങ്ങനെ നല്ലൊരുഭാഷയെയും വായനാശീലത്തെയും വളര്‍ത്തി. അതില്‍ ഇത്രയേറെ സമ്പൂര്‍ണമായ ഒരു നായകനിര നിലനിന്നുവെന്നും അവയ്ക്ക് ഇടതുപക്ഷþപുരോഗമനപ്രസ്ഥാനം എന്ത് പങ്കുവഹിച്ചു എന്നതിന്റെ നേര്‍ചിത്രമാകുന്നു പ്രദര്‍ശനം.

പുരോഗമനകലാസാഹിത്യസംഘം പയ്യന്നൂരില്‍ സംഘടിപ്പിച്ച സംസ്ഥാന സാഹിത്യക്യാമ്പില്‍നിന്നാണ് ഇത്തരമൊരു പ്രദര്‍ശനത്തിന്റെ ആശയം ഉയര്‍ന്നുവന്നത്. ഇ പി രാജഗോപാലന്‍ ആശയം നല്‍കി ചിത്രകാരന്മാരായ പൊന്ന്യംചന്ദ്രന്‍, വിനോദ് പയ്യന്നൂര്‍, തങ്കരാജ് എന്നിവരാണ് ചിത്രാവിഷ്കാരങ്ങള്‍ നല്‍കിയത്. പുരോഗമനകലാസാഹിത്യസംഘം പയ്യന്നൂര്‍ മേഖലാ കമ്മിറ്റിയുടെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. എം ചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുരോഗമനകലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷനായി. ബി വിജയന്‍ സ്വാഗതവും സി പി ജോണ്‍ നന്ദിയും പറഞ്ഞു. ടി ആര്‍ അജയന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ഗോകുലേന്ദ്രന്‍, വി എന്‍ മുരളി, തമിഴ്സാഹിത്യകാരന്‍ അഴകിയ പെരിയവന്‍, പി കെ സുധാകരന്‍, എ കെ ചന്ദ്രന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment