Tuesday, November 12, 2013

കേരളവര്‍മ അധികാരികളുടെ നടപടി അംഗീകരിക്കാനാകില്ല: എസ്.എഫ്.ഐ

കേരളവര്‍മ അധികാരികളുടെ നടപടി അംഗീകരിക്കാനാകില്ല: എസ്എഫ്ഐ

തൃശൂര്‍: കേരളവര്‍മ കോളേജില്‍ ഒക്ടോബര്‍ 24ന് നടന്ന സംഘട്ടനത്തിലെ ഒരുവിഭാഗം വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള അധികാരികളുടെ നീക്കം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അവരോട് വിശദീകരണം ചോദിക്കുകയോ അവരുടെ പശ്ചാത്തലം പരിഗണിക്കുകയോ ചെയ്യണം. ഇതിനുപോലുംമുതിരാതെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടെന്നപേരില്‍ വിദ്യാര്‍ഥികളെ ക്രൂശിക്കുന്നത് ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് വ്യക്തം. ഇതിനു പുറമെയാണ് പൊതുവിദ്യാര്‍ഥികളില്‍നിന്ന് സ്വരൂപീക്കുന്ന പിടിഎ ഫണ്ടില്‍നിന്ന് രാഷ്ട്രീയ സംഘട്ടനത്തില്‍ ഏര്‍പ്പെട്ട എബിവിപി പ്രവര്‍ത്തകരുടെ ചികിത്സക്ക് 50,000 രൂപ നല്‍കിയത്. പ്രിന്‍സിപ്പല്‍ അടക്കമുള്ള ചില വ്യക്തികള്‍ മാത്രം എടുത്ത ഈ തീരുമാനം പ്രതിഷേധാര്‍ഹവും മോശം മാതൃകയുമാണ്. കഴിഞ്ഞ കാലങ്ങളില്‍ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരേയും യൂണിയന്‍ ഭാരവാഹികളേയും ക്യാമ്പസിനകത്തും പുറത്തുമായി കൊലപ്പെടുത്തുകയും മാരകമായി ആക്രമിക്കുകയും ചെയ്തിട്ടുപോലും തിരിഞ്ഞുനോക്കാത്ത അധ്യാപകരും അധികാരികളുമാണ് ചികിത്സാ ഫണ്ട് നല്‍കി അപഹാസ്യരാകുന്നത്.

കോളേജില്‍ എസ്എഫ്ഐ പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള അധികാരികളുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അഞ്ച് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന പുറത്താക്കല്‍ നടപടി പുനഃപരിശോധിച്ച് മാതൃകാപരമായ തീരുമാനം അധികാരികള്‍ കൈക്കൊള്ളണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത നടപടിയില്‍നിന്ന് അധികാരികള്‍ പിന്‍മാറിയില്ലെങ്കില്‍ നീതിലഭിക്കുന്നതുവരെ എസ്എഫ്ഐ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ഈ സമരത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി കെ എസ് സെന്തില്‍കുമാറും പ്രസിഡന്റ് എന്‍ ജി ഗിരിലാലും അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment