Tuesday, November 12, 2013

ജനസമ്പര്‍ക്കം ദല്ലാള്‍ മാമാങ്കങ്ങളായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ഭരണ രാഷ്ട്രീയ ദല്ലാള്‍മാരുടെ മാമാങ്കമായി മാറുന്നു. കോടതിയില്‍ തീര്‍ക്കേണ്ട കേസുകള്‍പോലും ജനസമ്പര്‍ക്ക പരിപാടികളിലൂടെ നടത്തിക്കൊടുക്കാന്‍ കോണ്‍ഗ്രസിന്റെയും ഭരണമുന്നണിയിലെ ഘടകകക്ഷികളുടെയും കങ്കാണിനേതാക്കള്‍ അരങ്ങുവാഴുന്നതായി റിപ്പോര്‍ട്ടുകള്‍. ഒപ്പം സാര്‍വത്രികമായ കോഴക്കൊയ്ത്തും.

റിട്ടുഹര്‍ജികളിലൂടെ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കേണ്ട കേസുകള്‍പോലും മുഖ്യമന്ത്രി ഇടപെട്ട് തീര്‍പ്പുകല്‍പ്പിക്കുന്നതിലൂടെ ജുഡീഷ്യറിയുടെമേല്‍ ഭരണയന്ത്രം കടന്നുകയറ്റം നടത്തുന്ന അത്യന്തം  ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്ന് ഹൈക്കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന്‍ 'ജനയുഗ'ത്തോട് പറഞ്ഞു. ഭരണയന്ത്രത്തില്‍ വിവിധ വകുപ്പുകളിലെ താഴേത്തലം മുതല്‍ ഉന്നതങ്ങള്‍ വരെയുള്ള സംവിധാനങ്ങളും ഭരണമുന്നണി ദല്ലാള്‍മാര്‍ ജനസമ്പര്‍ക്കത്തിനുവേണ്ടി വിദഗ്ധമായി ഉപയോഗിക്കുന്ന പുതിയൊരു പ്രതിഭാസവും പിറന്നിരിക്കുന്നു.
കോടതികള്‍വഴി തീര്‍ക്കേണ്ട കേസുകളില്‍ ബന്ധപ്പെട്ട കക്ഷികളെ കണ്ടുപിടിക്കുന്ന ദല്ലാള്‍മാര്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ കാര്യം നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് വന്‍കോഴത്തുക നിശ്ചയിച്ച് അഡ്വാന്‍സ് കൈപ്പറ്റുന്നത്. ഇതിനുവേണ്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കാര്യസാധ്യത്തിനുള്ള അനുബന്ധരേഖകളും ഒപ്പിച്ചെടുക്കുന്നു. ഈ രേഖകള്‍ ഭരണമുന്നണി ദല്ലാള്‍മാര്‍ വഴി സമര്‍പ്പിക്കപ്പെട്ടവയാണെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളോ കോഡുനമ്പരുകളോ ഉണ്ടായിരിക്കുമെന്നുമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അറിവായത്.

കോടതിമുഖേന തീര്‍പ്പാക്കേണ്ട കേസുകള്‍ക്ക് മുഖ്യമന്ത്രി ഇടപെട്ട് ഏകപക്ഷീയമായി തീര്‍പ്പുകല്‍പ്പിച്ച സംഭവങ്ങള്‍ പുറത്തുവരുന്നതോടെ വരുംനാളുകളില്‍ നിയമയുദ്ധങ്ങളുടെ പരമ്പരയ്ക്കുതന്നെ ഇത് വഴിതെളിച്ചേയ്ക്കാമെന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്. ദല്ലാള്‍മാരുടെ സ്വാധീനവലയത്തിലായ ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്നതും സാധാരണ നടപടിക്രമമായി മാറി.

നിര്‍ധനര്‍ക്കുള്ള ചികിത്സാസഹായം, ബി പി എല്‍ റേഷന്‍കാര്‍ഡുകള്‍, പ്രകൃതിദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം, ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടക്കുന്ന ഭവനനിര്‍മ്മാണ സഹായം മുതല്‍ വിധവാ പെന്‍ഷനും വികലാംഗ പെന്‍ഷനും വാര്‍ധക്യകാല പെന്‍ഷനുമടക്കം പട്ടിണിപ്പാവങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മിക്കവയുടെ പിന്നിലും ശുപാര്‍ശക്കാരായി ഭരണമുന്നണി ദല്ലാള്‍മാര്‍ ജനസമ്പര്‍ക്ക പരിപാടികളില്‍ നിറഞ്ഞാടുന്നുവെന്ന ആക്ഷേപവും വ്യാപകം.

വില്ലേജ് ഓഫീസുകള്‍ മുതല്‍ ഹൈക്കോടതി വരെ തീര്‍പ്പാക്കേണ്ട അപേക്ഷകളിന്മേല്‍ മുഖ്യമന്ത്രിതന്നെ വിധികര്‍ത്താവിന്റെ കുപ്പായം എടുത്തണിയുന്നത് രാഷ്ട്രീയലാഭം കൊയ്യാനാണെങ്കില്‍ ജനസമ്പര്‍ക്ക പരിപാടികളിലൂടെ കോഴയുടെ ചാകരക്കോളൊരുക്കാന്‍ ഭരണമുന്നണി ദല്ലാള്‍മാര്‍ രംഗത്തിറങ്ങുന്നതുമുഖേന ഭരണകൂടംതന്നെ അപ്രസക്തമാവുന്ന ഒരുവസ്ഥാവിശേഷമാണ് സംജാതമായിരിക്കുന്നതെന്ന വിമര്‍ശനത്തിനും ബലമേറുന്നു.

മുഖ്യമന്ത്രിക്കെതിരെ ആയിരങ്ങളുടെ പ്രതിഷേധം

പാലക്കാട്:  ജനസമ്പര്‍ക്കത്തിനായി പാലക്കാട് എത്തിയ മുഖ്യമന്ത്രിക്കെതിരെ ആയിരങ്ങള്‍  കരിങ്കൊടിയുമായി പ്രതിഷേധിച്ചു.പാലക്കാട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന്റെ മൂന്ന് ഭാഗത്താണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തത്.

അതേസമയം പ്രതിഷേധം ഭയന്ന്  തലേന്ന് അര്‍ധരാത്രി തന്നെ സ്‌റ്റേഡിയത്തിന് തൊട്ടടുത്തുള്ള കെ എസ് ഇ ബി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ എത്തി ഒളിച്ചിരുന്നാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തത്.

ഐ ബിയില്‍നിന്ന്  പ്രത്യേകമായി പോലീസ് ഉണ്ടാക്കിയ ഇരുമ്പുമറയിലൂടെയാണ് മുഖ്യമന്ത്രിയുടെ കാര്‍ സ്‌റ്റേഡിയത്തിലേക്ക് ആരും കാണാതെ പ്രവേശിച്ചത്.    പാലക്കാട് -കോയമ്പത്തൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഐ ബിയുടെ അരകിലോമീറ്റര്‍ അകലെ  മൂന്ന് ഭാഗത്തും പോലീസ് മുള്‍വേലി സ്ഥാപിച്ചും ജനങ്ങളെയാകെ ഉപരോധിച്ചുമായിരുന്നു മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കിയത്. സുല്‍ത്താന്‍ പേട്ട മുതലുള്ള ഭാഗങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു. രണ്ട് പെട്രോള്‍ പമ്പുള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളൊന്നും തുറക്കാന്‍ അനുവദിച്ചില്ല. കാല്‍നടയാത്ര പോലും അനുവദിച്ചില്ല. സമീപത്തെ സ്‌കൂളുകള്‍ക്കും പൊലീസ് നിര്‍ബന്ധിത അവധി നല്‍കി.  സംഘര്‍ഷസ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന വരുണ്‍, വജ്ര തുടങ്ങിയ സായുധ സജ്ജമായ വാഹനങ്ങളും ഇടിവണ്ടികളും നിരത്തിയിട്ടു.

ആയിരത്തോളം പോലീസുകാരെ ഈ ഭാഗത്ത് മാത്രം വിന്യസിപ്പിച്ച് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ പൊലീസ് സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തിയാക്കി, കത്തുന്ന പ്രതിഷേധവുമായി രാവിലെ ഏഴ് മുതല്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ നിശ്ചയിച്ച ഭാഗങ്ങളിലേക്ക് കരിങ്കൊടിയുമായി ഒഴുകിയെത്തി. ബാരിക്കേഡിന് പിന്നില്‍നിന്ന് പോലീസ് സമരം തടഞ്ഞിരിക്കുന്നുവെന്നുള്ള ചുവന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടി. സമര സഖാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.   സുല്‍ത്താന്‍ പേട്ട ജങ്ഷനില്‍നിന്നും ചിറ്റൂര്‍ റോഡില്‍ നിന്നും കല്‍മണ്ഡപത്തില്‍ നിന്നും പ്രകടനമായാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ എത്തിയത്.

സ്റ്റേഡിയം ബസ്സ്റ്റാന്റിന് സമീപം എല്‍ ഡി എഫ് ജില്ലാ കണ്‍വീനറും സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ വി ചാമുണ്ണിയും സുല്‍ത്താന്‍പേട്ട ഐ ബിക്ക് സമീപം സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലനും സ്റ്റേഡിയം ബൈപ്പാസില്‍ സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും സമരം ഉദ്ഘാടനം ചെയ്തു.

വിദ്യാലയങ്ങള്‍ അടപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.  നഗരത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സിനിയര്‍ ബേസിക് സ്‌കൂള്‍, സെന്റ് സെബാസ്റ്റ്യന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കല്‍മണ്ഡപം എ യു പി എസ് എന്നിവയുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടത്. എയ്ഡഡ് യു പി സ്‌കൂളായ സെബാസ്റ്റ്യന്‍ സിനിയര്‍ ബേസിക് സ്‌കൂളും അണ്‍ എയ്ഡഡ് സ്‌കൂള്‍ ആയ സെന്റ് സെബാസ്റ്റ്യന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളും അടച്ചിട്ടു.   കല്‍മണ്ഡപം എ യു പി സ്‌കൂളില്‍ നാമമാത്രമായ വിദ്യാര്‍ത്ഥികളാണ് ഹാജരായത്.

പോലീസുകാരെ തലങ്ങുംവിലങ്ങും വിന്യസിച്ചും ഇരു ചക്രവാഹനങ്ങള്‍ പോലും തടഞ്ഞും നഗരത്തില്‍ കര്‍ഫ്യൂ പ്രതീതി സൃഷ്ടിച്ചിരുന്നു. ഇതുമൂലം രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ഭയപ്പെടുകയായിരുന്നു.

എല്‍ ഡി എഫ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ സുല്‍ത്താന്‍പേട്ടമുതല്‍ കല്‍മണ്ഡപം ജംഗ്ഷന്‍ വരെയുള്ള കോയമ്പത്തൂര്‍ റോഡില്‍ പോലീസ് ഉപരോധം തീര്‍ക്കുകയായിരുന്നു. ഇതുമൂലം ഈ പ്രദേശത്തുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് സ്ഥാപനങ്ങളിലെ ജോലിക്കാര്‍ എന്നിവര്‍ക്കൊന്നും സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
സുല്‍ത്താന്‍പേട്ട സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ വഴി മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിലു പോലീസ് വാഹനങ്ങള്‍ തടഞ്ഞു.

 സ്‌കൂളിനു മുമ്പില്‍ പോലീസ് വാഹനങ്ങളും പോലീസുകാരുടെ പടയും നിരന്നതോടെ രക്ഷിതാക്കളും അധ്യാപകരും ഭയന്നു. അതിനിടെ അധ്യയനം ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്ന പോലിസുകാരുടെ താക്കീത് കൂടിയായതോടെ സ്‌കൂളില്‍ എത്തിയ കുട്ടികളെയും സ്‌കൂള്‍ അധികൃതര്‍ക്ക് തിരിച്ചയക്കേണ്ടി വന്നു.

janayugom

No comments:

Post a Comment