Saturday, November 9, 2013

സിബിഐക്കെതിരായ ഉത്തരവ്: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

സിബിഐ സ്ഥാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പേഴ്സണല്‍വകുപ്പ് അപ്പീല്‍ സമര്‍പ്പിക്കുമെന്ന് നിയമ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിധി സംബന്ധിച്ച സിബിഐയുടെ വിശദീകരണം പേഴ്സണല്‍വകുപ്പിനെ അറിയിക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിച്ചു.

ദീപാവലി അവധിക്ക് പിരിഞ്ഞ സുപ്രീംകോടതി തിങ്കളാഴ്ച തുറക്കും. ഹൈക്കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പേഴ്സണല്‍വകുപ്പ് സഹമന്ത്രി വി നാരായണസ്വാമി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടിരുന്നു. ഹൈക്കോടതി ഉത്തരവ് പഠിച്ചുവരികയാണെന്ന് സിബിഐ ഡയറക്ടര്‍ സിന്‍ഹ പറഞ്ഞു. സിബിഐയുടെ അഭിപ്രായം പേഴ്സണല്‍വകുപ്പിനെ അറിയിക്കും. ഈ വിഷയത്തില്‍ എത്രയും വേഗം നടപടി വേണമെന്നാണ് സിബിഐ താല്‍പ്പര്യപ്പെടുന്നത്- സിന്‍ഹ പറഞ്ഞു. ഹൈക്കോടതിയുടേത് തെറ്റായ ഉത്തരവാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര പറഞ്ഞു. ഈ വിധി റദ്ദാക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. തിങ്കളാഴ്ചതന്നെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കും. സിബിഐക്ക് രൂപം നല്‍കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീംകോടതി ശരിവച്ചിട്ടുള്ളതാണ്- മല്‍ഹോത്ര പറഞ്ഞു. കേസില്‍ സിബിഐക്ക് വേണ്ടി ഗുവാഹത്തി ഹൈക്കോടതിയില്‍ ഹാജരായത് മല്‍ഹോത്രയായിരുന്നു. ജസ്റ്റിസുമാരായ ഐ എ അന്‍സാരിയും ഇന്ദിരാ ഷായും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിബിഐ സ്ഥാപനം ഭരണഘടനാ വിരുദ്ധമായാണെന്ന ഉത്തരവിട്ടത്. സിബിഐക്ക് രൂപം നല്‍കി ആഭ്യന്തര മന്ത്രാലയം 1963 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്ത ഹൈക്കോടതി സിബിഐയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. നവേന്ദ്രകുമാര്‍ എന്ന വ്യക്തി സമര്‍പ്പിച്ച റിട്ട്ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരാകരിച്ചിരുന്നു.

deshabhimani

No comments:

Post a Comment