Tuesday, November 5, 2013

""പെണ്ണിന്റെ മാനത്തിന് ഒരു വിലയുമില്ലേ""- വനിതാ ട്രാഫിക് വര്‍ഡന്‍

കൊച്ചി: ""നടുറോഡില്‍വച്ച് അയാള്‍ എന്റെ മാറത്ത് അടിച്ചു. യൂണിഫോം വലിച്ചുകീറി. എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഞാന്‍ ജോലിക്കു വന്നില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകും. വീട്ടുവാടകയും കുട്ടികളുടെ പഠനവും മുടങ്ങും. വീട്ടിലെ കഷ്ടപ്പാടുകൊണ്ടാണ് ജോലിക്കു വരുന്നത്. പെണ്ണിന്റെ മാനത്തിനും അന്തഃസിനും ഒരു വിലയുമില്ലേ""- വനിതാ ട്രാഫിക് വര്‍ഡന്‍ പത്മിനി പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിക്കുന്നു.

ഡ്യൂട്ടിക്കിടെ നടുറോഡില്‍ പരസ്യമായി ആക്രമിച്ചിട്ടും പ്രതിയെ അറസ്റ്റ്ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ""നീതി ലഭിക്കാന്‍ സത്യഗ്രഹം കിടക്കേണ്ടിവന്നാല്‍ അതും ചെയ്യും. കൊല്ലുമെന്നു പറഞ്ഞാലും പിന്മാറില്ല""- അപമാനിതയായ സ്ത്രീയുടെ വേദനയും രോഷവുമാണ് ഈ വാക്കുകളില്‍. ശനിയാഴ്ചയാണ് കലൂര്‍-കടവന്ത്ര റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് വാര്‍ഡന്‍ പുനലൂര്‍ സ്വദേശിനി പത്മിനിയെ കാറിലെത്തിയ കലൂര്‍ അശോകാ റോഡില്‍ കാപ്പാടിയില്‍ വിനീഷ് വര്‍ഗീസ് (27) മര്‍ദിച്ചത്. യാത്രക്കാരന്റെ മര്‍ദനത്തെക്കാള്‍ പൊലീസ്സ്റ്റേഷനില്‍നിന്നുള്ള നിസ്സഹകരണമാണ് ഇവരെ ഏറെ വേദനപ്പിച്ചത്. ആക്രമണം നടന്നയുടനെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും കാര്‍ കണ്ടെത്താനായില്ല. വിവരം അറിഞ്ഞെത്തിയ പൊലീസുകാര്‍ പരാതി നല്‍കാന്‍ പല സ്റ്റേഷനുകളിലായി ചുറ്റിച്ചു. പരാതി നല്‍കിയാല്‍ വലിയ വിഷയമാകുമെന്നും മാറില്‍ അടിച്ചതും ഷര്‍ട്ടിന്റെ ബട്ടന്‍ പൊട്ടിച്ചതും മാധ്യമപ്രവര്‍ത്തകരോട് പറയരുതെന്നും പരാതി സ്വീകരിക്കവെ പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ള കുടുംബമാണ് വിനീഷിന്റേതെന്നും പരാതി നല്‍കിയാല്‍ പ്രശ്നമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിനുശേഷം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ താന്‍ അവിടെ നല്‍കിയ മൊഴിയും പൊലീസ്സ്റ്റേഷനില്‍ നല്‍കിയ മൊഴിയും വ്യത്യസ്തമാണെന്നു പറഞ്ഞ് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായും പത്മിനി ആരോപിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം 12 വര്‍ഷമായി എറണാകുളത്ത് പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണിവര്‍. സഹായത്തിന് ബന്ധുക്കളുമില്ല. താല്‍ക്കാലിക ജോലിയായതിനാല്‍ സഹപ്രവര്‍ത്തകരുടെ സഹായവുമില്ല. കാറിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് പ്രതിയെ പിടികൂടുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍മൂലമാണ് ഇയാളെ പിടിക്കാത്തതെന്നും വനിതാ കമീഷന് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. സംഭവത്തിനുശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇവര്‍ ജോലിക്കെത്തി. തിങ്കളാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ വൈകിട്ട് നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
(അനിത പ്രഭാകരന്‍)

deshabhimani

No comments:

Post a Comment