Tuesday, November 5, 2013

ചെല്ലിക്കണ്ടത്തില്‍ തറവാട്ടിലെത്തി അന്വേഷണസംഘത്തിന്റെ അവഹേളനം

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് അന്വേഷിക്കുന്ന പൊലീസ് സംഘം സഖാവ് പാമ്പുകടിയേറ്റുമരിച്ച ഓലപ്പുര പാര്‍ടിക്ക് നല്‍കിയ ചെല്ലിക്കണ്ടത്തില്‍ തറവാട്ടിലെത്തി അവഹേളനാപരമായി പെരുമാറി. തിങ്കളാഴ്ച ചെല്ലിക്കണ്ടത്തെകുടുംബവീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പുര ചരിത്ര സ്മാരകമാക്കാന്‍ പാര്‍ടിക്ക് നല്‍കിയതിനെ പരിഹസിച്ചു. അതേസമയം കേസില്‍ ഇതേവരെ ഒരാളെ പോലും പിടിക്കാന്‍ പൊലീസ് കഴിഞ്ഞിട്ടില്ല. മുന്‍വിധികളോടെ നീങ്ങുന്നതിനാലാണ് പ്രതികളെ കണ്ടെത്താനാകാത്തതെന്ന് പൊലീസില്‍ തന്നെ വിമര്‍ശനമുണ്ട്. ഫോണ്‍ വിളികളുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ 60ഓളം പേരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തതു മാത്രമാണ് ഇതുവരെ ഉണ്ടായത്. ഒരാളെ പോലും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്മാരകത്തിന് സമീപം താമസിക്കുന്നവരെയാണ് കൂടുതലും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാത്തത് ദുരൂഹമാണ്.

സ്മാരകം കത്തിച്ച വാര്‍ത്ത വന്ന ഉടനെ ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റും പ്രതികരിച്ച അതേ മാതൃകയിലായിരുന്നു പൊലീസിന്റെയും ചോദ്യമെന്ന് മൊഴി കൊടുത്തവര്‍ പറഞ്ഞു. സംഭവ ദിവസം രാത്രി കായിപ്പുറത്ത് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാറില്‍ ചില ക്രിമിനലുകള്‍ പലവട്ടം മുഹമ്മയിലൂടെ കടന്നു പോയതും മുഹമ്മയിലെ സ്വകാര്യ സുരക്ഷാ ഗാര്‍ഡുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആ വഴിക്ക് അന്വേഷണമുണ്ടായിട്ടില്ല. പൊലീസ് അസോസിയേഷനിലെ കോണ്‍ഗ്രസ് അനുകൂലികള്‍ രണ്ടു ദിവസമായി മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ചില സിപിഐ എം നേതാക്കളുടെ പേര് സൂചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക പോലും ചെയ്തിരുന്നു. മലയാള മനോരമ ഒരു പടികൂടി കടന്ന് മൂന്നു പേര്‍ കസ്റ്റഡിയിലാണെന്ന് വാര്‍ത്തയും നല്‍കി. കോണ്‍ഗ്രസിന്റെ വാദം ഏറ്റെടുത്ത് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംശയത്തിന്റെ ഇരുട്ടില്‍ നിര്‍ത്തലായിരുന്നു വാര്‍ത്തയുടെ ഉദ്ദേശം. സ്മാരകം തകര്‍ത്തതിലെ പ്രതിഷേധം അക്രമമായി വളരാത്തതിലായിരുന്നു മനോരമയ്ക്ക് സങ്കടം. പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഈ രീതിയിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

അന്വേഷണം വഴി തിരിച്ചുവിടാന്‍ മനോരമ ശ്രമം: സിപിഐ എം

ആലപ്പുഴ: സ. പി കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ചത് സംബന്ധിച്ച് മനോരമ വാര്‍ത്ത ദുരുദ്ദേശ പ്രേരിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള സ്മാരകം തകര്‍ത്ത പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഉയര്‍ന്ന പൊലീസ് അധികൃതരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ഈ സംഭവത്തില്‍ പ്രതികരിച്ച കെപിസിസി പ്രസിഡന്റിന്റെയും മറ്റ് നേതാക്കളുടെയും വാദഗതിക്ക് സാധൂകരണം നല്‍കാനാണ് മനോരമയുടെ ശ്രമം. ഇത് അന്വേഷണം യഥാര്‍ത്ഥദിശയില്‍നിന്ന് തിരിച്ചുവിടാനുള്ള നീക്കത്തിന്റെകൂടി ഭാഗമാണ്. സംഭവത്തിനുശേഷം പാര്‍ടി പുലര്‍ത്തിയ മിതത്വവും പക്വമായ നിലപാടും ദുര്‍വ്യാഖ്യാനിക്കുകയാണ്. അന്വേഷണം വഴിതെറ്റിയാല്‍ തക്കസമയത്ത് ഇടപെടുന്നതിന് സിപിഐ എം തയ്യാറാകുമെന്ന് ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു. യോഗത്തില്‍ ആര്‍ നാസര്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment