Tuesday, November 5, 2013

പരമ്പരാഗതവ്യവസായം സംരക്ഷിക്കാന്‍ യോജിച്ച പ്രക്ഷോഭം: പിണറായി

കൊല്ലം: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനും തൊഴില്‍ സുരക്ഷയ്ക്കും യോജിച്ച പ്രക്ഷോഭം ആരംഭിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പരമ്പരാഗത വ്യവസായമേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് സിഐടിയു ആരംഭിക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായുള്ള സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരമ്പരാഗത വ്യവസായങ്ങള്‍ അഭിമാനകരമായ നേട്ടമാണ് ഉണ്ടാക്കിയത്. ആഗോളവല്‍ക്കരണത്തിനെതിരായ ബദല്‍നയങ്ങളിലൂടെയാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. മൂന്നേമുക്കാല്‍ ലക്ഷം തൊഴിലാളികളുള്ള കയര്‍വ്യവസായവും ലക്ഷക്കണക്കിനാളുള്ള കശുവണ്ടി വ്യവസായവും മത്സ്യമേഖലയും ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. കയര്‍വകുപ്പ്മന്ത്രിയുടെ അടിക്കടിയുള്ള വിദേശയാത്ര കയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനല്ല. കയര്‍ വ്യവസായത്തിലും ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും കേരളത്തിന്റെ കുത്തക നഷ്ടപ്പെട്ടു. 27,656 മെട്രിക് ടണ്‍ കയര്‍ തടുക്ക് കയറ്റുമതി ചെയ്തതുവഴി 230 കോടി രൂപയുടെ വരുമാനമാണ് ഈ വ്യവസായം കഴിഞ്ഞവര്‍ഷം നേടിയത്. ഇതത്രയും കേരളത്തിലാണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ആലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ഫാക്ടറി മേഖലയില്‍ തൊഴില്‍ കിട്ടാത്തവരുണ്ടാകുമായിരുന്നില്ല. ചകിരി, ചികിരിച്ചോര്‍, പിവിസി ടഫ്ളക്സ് മാറ്റ് എന്നിവയുടെ കയറ്റുമതി വഴി കഴിഞ്ഞവര്‍ഷം 712 കോടി രൂപ കിട്ടി. ഇതു തമിഴ്നാടിന്റെ നേട്ടമായിരുന്നു. കശുവണ്ടി വികസന കോര്‍പറേഷനും കാപ്പക്സും ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. പിഎഫ് കുടിശ്ശികയായി. ഇഎസ്ഐ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. കാലോചിതമായ നടപടികളിലൂടെയേ ഈ വ്യവസായത്തില്‍ മാറ്റമുണ്ടാക്കാനാകൂ.

മത്സ്യമേഖലയിലും സ്ഥിതി സമാനമാണ്. വിദേശത്തുനിന്നുപോലും മത്സ്യം കേരളത്തിലേക്ക് ഇറക്കുമതിചെയ്യുന്നു. തൊഴിലാളികള്‍ക്കു സുരക്ഷിതത്വമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ 8000 കോടിയുടെ പദ്ധതികളാണ് നടപ്പാക്കിയത്. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തം. ആനുകൂല്യങ്ങളില്ല. കടാശ്വാസം ലഭിക്കുന്നില്ല. ജപ്തിഭീഷണിയും നേരിടുന്നു. മണ്ണെണ്ണ മതിയായ അളവില്‍ ലഭിക്കാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. കൈത്തറി, ബീഡി, ഖാദി, ചെത്ത് തുടങ്ങിയ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്. സ്കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം വിതരണം സ്വകാര്യ കമ്പനിയായ മഫത്ലാലിനെയാണ് ഏല്‍പ്പിച്ചത്. കൈത്തറി തുണിത്തരങ്ങള്‍ യൂണിഫോമിന് ഉപയോഗിക്കാനും അതുവഴി വ്യവസായം രക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ യോജിച്ച പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നത്. ഓരോ വ്യവസായത്തിലെയും പ്രശ്നങ്ങള്‍ ഉന്നയിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇനി യോജിച്ച പ്രക്ഷോഭമാണ് വേണ്ടതെന്നും പിണറായി പറഞ്ഞു. കണ്‍വന്‍ഷനില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം അധ്യക്ഷനായി. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്കരന്‍, പി രാജേന്ദ്രന്‍, കെ വരദരാജന്‍, സി എസ് സുജാത, എസ് ശര്‍മ, കെ ചന്ദ്രന്‍പിള്ള, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ ഒ ഹബീബ്, എന്‍ പത്മലോചനന്‍, ജില്ലാ സെക്രട്ടറി കെ തുളസീധരന്‍, വി എസ് മണി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

പരമ്പരാഗത വ്യവസായം: സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ ലക്ഷംപേര്‍ അണിനിരക്കും

കൊല്ലം: തൊഴിലും മിനിമം കൂലിയും സംരക്ഷിക്കണമെന്നും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ ഡിസംബര്‍ 30ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും. സിഐടിയു സംസ്ഥാനകമ്മിറ്റി നേതൃത്വത്തില്‍ കൊല്ലത്തു ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനാണ് പ്രക്ഷോഭം തീരുമാനിച്ചത്. കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.

പത്ത് പരമ്പരാഗത വ്യവസായങ്ങളിലെ ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു. തൊഴിലാളികളും കുടുംബാംഗങ്ങളുമായി ഒരു ലക്ഷംപേര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും ചേരുന്ന കണ്‍വന്‍ഷനുകളില്‍ സംയുക്ത സമരസമിതി രൂപീകരിക്കും. ഡിസംബര്‍ 15 മുതല്‍ 22വരെ രണ്ടു മേഖലാജാഥ ജില്ലകളില്‍ പര്യടനം നടത്തും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ നയിക്കുന്ന വടക്കന്‍ ജാഥ കാസര്‍കോട്ടുനിന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ക്യാപ്റ്റനായ തെക്കന്‍ ജാഥ തിരുവനന്തപുരത്തുനിന്നും പര്യടനം തുടങ്ങും. ജാഥകള്‍ കയര്‍ വ്യവസായകേന്ദ്രമായ ആലപ്പുഴയില്‍ സംഗമിക്കും. 27ന് പരമ്പരാഗത തൊഴില്‍സംരക്ഷണ ദിനം ആചരിക്കും.

കണ്‍വന്‍ഷനില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം അധ്യക്ഷനായി. കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എം തോമസ് ഐസക്, ചെത്ത്- മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ എം സുധാകരന്‍, കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ് ഇ കാസിം, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കൂട്ടായി ബഷീര്‍, കൈത്തറിത്തൊഴിലാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അരക്കന്‍ ബാലന്‍, ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍, ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി കൃഷ്ണന്‍, മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പുല്ലുവിള സ്റ്റാന്‍ലി, ബീഡിത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി പി ശ്രീധരന്‍, പരമ്പരാഗത ഈറ്റത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി പി ദേവസിക്കുട്ടി എന്നിവര്‍ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ വിശദീകരിച്ചു. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment