Thursday, November 7, 2013

പരിസ്ഥിതി പ്രവര്‍ത്തകന്റെ കൊല; ബിജെപി എംപി അറസ്റ്റില്‍

ഗിര്‍ വനത്തിലെ അനധികൃത ഖനനത്തിനെതിരെ പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ അമിത് ഭിക്കഭായ് ജത്വയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി എംപി ദിനുഭായ് ബൊഗഭായ് സോളങ്കിയെ സിബിഐ അറസ്റ്റുചെയ്തു. ഇയാളെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി. ഗുജറാത്തിലെ കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ രണ്ടുദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിക്കണമെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് ലോകേഷ്കുമാര്‍ ശര്‍മ മുമ്പാകെ സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഗുജറാത്തിലെ ജുനഗഡില്‍നിന്നുള്ള ലോക്സഭാംഗമാണ് സോളങ്കി. നരേന്ദ്രമോഡിയുടെ വിശ്വസ്തനായാണ് സോളങ്കി അറിയപ്പെടുന്നത്. അഹമ്മദാബാദിലെ സിബിഐ കോടതിയില്‍ വ്യാഴാഴ്ച സോളങ്കിയെ ഹാജരാക്കും. ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ വച്ചാണ് സോളങ്കിയെ അറസ്റ്റുചെയ്തത്.

2010 ജൂലൈയിലാണ് വിവരാവകാശപ്രവര്‍ത്തകനായ ജത്വ കൊല്ലപ്പെട്ടത്. ഗൂഢാലോചനയില്‍ സജീവപങ്കാളിത്തം വഹിച്ച വ്യക്തിയാണ് സോളങ്കിയെന്നാണ് സിബിഐയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങള്‍ സിബിഐ ഇതിനകം സമര്‍പ്പിച്ചു. രണ്ടാമത്തെ കുറ്റപത്രത്തിലാണ് സോളങ്കിയുടെ പേരുള്ളത്. നേരത്തെ സംസ്ഥാന പൊലീസ് സോളങ്കിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സോളങ്കിയുടെ അനന്തരവന്‍ ശിവ സോളങ്കി, ജത്വയെ വെടിവച്ച ശൈലേഷ് പാണ്ഡെ എന്നിവരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലാണ്. പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ജത്വ ഗീര്‍ വനത്തിലെ ഖനനവുമായി ബന്ധപ്പെട്ട് എംപിയെയും അനന്തരവനെയും പ്രതിചേര്‍ത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ജത്വയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

deshabhimani

No comments:

Post a Comment