Thursday, November 7, 2013

രക്തദാഹികളുടെ ഒടുങ്ങാത്ത കൊലവെറി

മനുഷ്യരെ അരിഞ്ഞുതള്ളുന്ന സംഘപരിവാറിന്റെ ചോരക്കൊതിയില്‍ വിറങ്ങലിച്ച് തലസ്ഥാനജില്ല. രണ്ടുമാസത്തിനിടെ മൂന്ന് സിപിഐ എം പ്രവര്‍ത്തകരുടെ ജീവനാണ് രക്തദാഹികള്‍ കവര്‍ന്നത്. ഉറയിലിടാത്ത വാളുമായി ചാടിവീണ് നിരായുധരായ മനുഷ്യരെ വെട്ടിനുറുക്കുന്ന ഭീകരത. ഈ ചോരക്കളിക്ക് ഒത്താശക്കാരാകുകയാണ് പൊലീസ്. പാറശാല, വെള്ളറട, ധനുവച്ചപുരം മേഖലകളില്‍ വര്‍ഗീയവാദികള്‍ പച്ചമാംസത്തില്‍ ത്രിശൂലം കയറ്റി കൊലവിളി നടത്തുമ്പോള്‍ പൊലീസും ഭരണക്കാരും നിശ്ശബ്ദരായ കാഴ്ചക്കാരാകുകയാണ്.ഏകപക്ഷീയമായി മൂന്ന് കൊലപാതകങ്ങള്‍. വാളും ബോംബുമായുള്ള തേര്‍വാഴ്ച. വീടുകയറിയിറങ്ങി കൊലവിളികള്‍. നിയമവാഴ്ച തകര്‍ന്നടിയുമ്പോഴും നോക്കിനില്‍ക്കുന്ന പൊലീസ് സേന. കരള്‍ പിളര്‍ക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമങ്ങളില്‍. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ ജനങ്ങളുടെ ചെറുത്തുനില്‍പ്പല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതായിരിക്കുന്നു.

കണ്ണീരുണങ്ങാത്ത ജനതയെ അപഹസിക്കുകയാണ് ചില മാധ്യമങ്ങള്‍. മൂന്ന് പേര്‍ മരിച്ചുവീണിട്ടും ആര്‍എസ്എസ് ഭീകരത തുറന്നുകാട്ടാന്‍ "നിഷ്പക്ഷ" മാധ്യമങ്ങള്‍ അധികമൊന്നും പേന ചലിപ്പിച്ചിട്ടില്ല. ക്ഷയിച്ച് നാശോന്മുഖമായ സംഘടനാസംവിധാനവും കൊഴിഞ്ഞുതീരുന്ന അണികളുമാണ് സംഘപരിവാറിനെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. ധനുവച്ചപുരം ഗവ. ഐടിഐ വിദ്യാര്‍ഥിയും എസ്എഫ്ഐ അമരവിള ലോക്കല്‍ വൈസ് പ്രസിഡന്റുമായ സജിന്‍ ഷാഹുലിനെ ആര്‍എസ്എസുകാര്‍ ക്യാമ്പസില്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിട്ട് ദിവസങ്ങളാകുന്നതേയുള്ളൂ. ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിലെ രണ്ടാംവര്‍ഷ ബികോം കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും എസ്എഫ്ഐ പാറശാല ഏരിയ വൈസ് പ്രസിഡന്റുമായ ധനുവച്ചപുരം മുക്കോല പ്ലാവിളവീട്ടില്‍ അനുഭവനില്‍ അനുവിന്റെ(21) ജീവിതം തട്ടിയെടുത്തതും സംഘപരിവാര്‍ തന്നെ. ഐഎച്ച്ആര്‍ഡി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അനുവിനെ നിരവധി തവണ ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കൊല്ലുമെന്ന് വീടുകയറി ഭീഷണി മുഴക്കി. അമ്മ ഷീല പാറശാല സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് അധിക്ഷേപിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് അനു ജീവിതം അവസാനിപ്പിച്ചത്. അനുവിന്റെയും സജിന്‍ ഷാഹുലിന്റെയും നിര്‍ധനകുടുംബത്തിന്റെ സംരക്ഷണച്ചുമതല നാട് ഏറ്റെടുത്തഘട്ടത്തിലാണ് വീണ്ടും ചോരക്കൊതിയോടെ സംഘപരിവാര്‍ ഉറഞ്ഞുതുള്ളിയത്.

അച്ഛന്റെ വേര്‍പാടറിയാതെ വെട്ടേറ്റ മക്കളും ആശുപത്രിയില്‍; വിങ്ങിപ്പൊട്ടി ജനം

അച്ഛന്‍ മരിച്ചതറിയാതെ മക്കള്‍ തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയില്‍. മക്കളുടെ മാറിമാറിയുള്ള ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാരും സുഹൃത്തുക്കളും. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ആര്‍എസ്എസ് അക്രമികളുടെ തേര്‍വാഴ്ച. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണന്‍നായര്‍ രാത്രിതന്നെ മരിച്ചു. എന്നാല്‍, നാരായണന്‍നായര്‍ക്കൊപ്പം തലയ്ക്കു വെട്ടേറ്റ ഗോപകുമാറും തുടയില്‍ വെട്ടേറ്റ ശിവപ്രസാദും അച്ഛന്‍ മരിച്ചതറിയാതെ സമീപത്തെ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വനും, ഇ പി ജയരാജനുമടക്കമുള്ള നേതാക്കള്‍ രണ്ടുപേരെയും സന്ദര്‍ശിക്കാനെത്തിയിരുന്നു.

സ്നേഹനിധിയായ അച്ഛന് എന്തോ സംഭവിച്ചുവെന്ന സംശയം ഗോപകുമാറിന്റെ മുഖത്ത് നിഴലിച്ചു. സുഹൃത്തുക്കളുടെ മടിയില്‍ തലവച്ചു കിടന്ന് ഗോപകുമാര്‍ അച്ഛനെക്കുറിച്ച് ചോദിച്ചു. ചികിത്സയിലാണെന്നു പറഞ്ഞ് ആശ്വസിപ്പിച്ചവരുടെ ദയനീയ മുഖഭാവം പക്ഷേ ഗോപകുമാറിന്റെ സംശയം ഇരട്ടിപ്പിച്ചു. അച്ഛന്‍ മരിച്ച വിവരം അറിഞ്ഞ ഗോപകുമാറിന് പിന്നെ നിയന്ത്രിക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തുകിടന്ന യുവാവിനെ സുഹൃത്തുക്കള്‍ താങ്ങിയെടുത്ത് ആശ്വസിപ്പിച്ചു. കൂടെയുണ്ടായിരുന്നവരുടെ കൈത്താങ്ങില്‍ വാര്‍ഡില്‍നിന്ന് പുറത്തുപോകുമ്പോഴും ഗോപകുമാര്‍ നിലവിളിക്കുകയായിരുന്നു. ശിവപ്രസാദ് അപ്പോഴും വിവരം അറിഞ്ഞിരുന്നല്ല. ഒടുവില്‍ ഇരുവരെയും അച്ഛന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഉച്ചയോടെ വീട്ടിലെത്തിക്കുകയായിരുന്നു. നാരായണന്‍നായരുടെ മൃതദേഹം മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്

4 ആര്‍എസ്എസുകാര്‍ പിടിയില്‍

വെള്ളറട: നാരായണന്‍നായരെ വെട്ടിക്കൊലപ്പെടുത്തിയ സംഘം കീഴാറൂര്‍ പെരുങ്കടവിള പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ്. ഏതാനും മാസംമുമ്പ് ശിവപ്രസാദിനുനേരെ മുഖംമൂടി ആക്രമണം നടത്തിവയവരാണ് ഇപ്പോഴുള്ള ആക്രമണത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ചൊവ്വാഴ്ച പഠിപ്പുമുടക്ക് സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ശിവപ്രസാദിനുനേരെ ചെമ്പൂരില്‍വച്ച് പ്രതികളില്‍ ഒരാള്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചുകയറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രകോപനവും ആക്രമണ കാരണമായതായി കരുതുന്നു. ബുധനാഴ്ച നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് നാരായണന്‍നായരുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മുതല്‍ ആനാവൂര്‍ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ജില്ലാകമ്മിറ്റി അംഗം കെ എസ് സുനില്‍കുമാര്‍, ഏരിയസെക്രട്ടറി എസ് നീലകണ്ഠന്‍, ഏരിയ നേതാക്കളായ സി കെ ശശി, ബി കൃഷ്ണപിള്ള, വി സനാതനന്‍, അഡ്വ. ബാലചന്ദ്രന്‍നായര്‍, അഡ്വ. വേലായുധരന്‍നായര്‍, കെ പി രണദിവെ, എം വത്സലന്‍നായര്‍, തുടലി സദാശിവന്‍, കെ എസ് സദാശിവന്‍നായര്‍, ഐ സൈനുലാബ്ദീന്‍, ഡിവൈഎഫ്ഐ ഏരിയസെക്രട്ടറി വി എസ് ഉദയന്‍, കെ വി ഷൈന്‍കുമാര്‍, കുടപ്പനമൂട് ബാദുഷ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ വീടുകളില്‍ കയറി ആക്രമിച്ച് രാഷ്ട്രീയ പക തീര്‍ക്കുന്ന ആര്‍എസ്എസുകാര്‍ നാരായണന്‍നായരുടെ കൊലപാതകത്തിന് കനത്ത വിലനല്‍കേണ്ടിവരുമെന്നും നാരായണന്‍നായരെ കൊലപ്പെടുത്തിയ എല്ലാപേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment