Thursday, November 7, 2013

കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: എസ്എഫ്ഐ

റാഗിങ്ങിനെതിരെ പ്രതികരിച്ച ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല അധികൃതരുടെ നടപടി തിരുത്താന്‍ മാനവശേഷി മന്ത്രാലയവും സര്‍വകലാശാല ചാന്‍സലറായ ഉപരാഷ്ട്രപതിയും യുജിസിയും അടിയന്തരമായി ഇടപെടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി അടിയന്തരമായി പിന്‍വലിക്കണം. വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കണം. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. ലൈംഗിക ചൂഷണത്തിനെതിരായ പരാതി കേള്‍ക്കാനുള്ള സമിതി സര്‍വകലാശാലയില്‍ അടിയന്തരമായി സ്ഥാപിക്കണം.

ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ ദേശീയതലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രസിഡന്റ് വി ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈംഗികചൂഷണത്തിനും റാഗിങ്ങിനുമെതിരെ പ്രതികരിച്ച വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുകയാണ് സര്‍വകലാശാല അധികൃതര്‍. റാഗിങ്ങിനും ഗുണ്ടായിസത്തിനും നേതൃത്വം നല്‍കുന്ന ക്രിമിനലുകളെ സംരക്ഷിക്കുകയാണ് അധികൃതര്‍. ചില അധ്യാപകരും കൂട്ടുനില്‍ക്കുന്നു. കഴിഞ്ഞമാസം 21നാണ് ഫിസിക്കല്‍ എഡ്യൂക്കേഷനിലെ ജിത്തു എന്ന വിദ്യാര്‍ഥി പെണ്‍കുട്ടികളെ റാഗ് ചെയ്തത്. ഇതിനെതിരെ പരാതിപ്പെട്ടു. പൊലീസിലും പരാതി നല്‍കി. പരാതി നല്‍കിയവരെ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. പരാതിയില്‍നിന്ന് പിന്തിരിയണമെന്ന സമീപനമാണ് തുടക്കം മുതല്‍ വൈസ്ചാന്‍സലര്‍ സ്വീകരിച്ചത്. സ്ഥാപനത്തിന്റെ അന്തസ്സിന് കോട്ടംതട്ടുമെന്ന ന്യായമാണ് ഇതിന് പറഞ്ഞത്. ഫിസിക്കല്‍ എഡ്യൂക്കേഷനിലെ പ്രവീണ്‍ എന്ന അധ്യാപകനും അക്രമിസംഘത്തിന് കൂട്ടുനിന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ഉപരാഷ്ട്രപതിയും യുജിസിയും ഉടന്‍ ഇടപെടണമെന്ന് ശിവദാസന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത സര്‍വകലാശാലാ അധികൃതരുടെ നടപടി അപലപനീയമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. റാഗ് ചെയ്തവരെ സംരക്ഷിക്കുകയും വിധേയരായവരെ ശിക്ഷിക്കുകയുമെന്ന വിചിത്ര നിലപാടാണ് അധികൃതരുടേത്. റാഗിങ്ങിനെതിരെ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അധികൃതര്‍ റാഗ് ചെയ്തവരെ സംരക്ഷിക്കുന്നത്. അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ നിരാഹാരത്തിലാണ്. അധികൃതരുടെ തീരുമാനം പിന്‍വലിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും മഹിളാ അസോസിയേഷന്‍ ജനറല്‍സെക്രട്ടറി സുധ സുന്ദരരാമന്‍, വൈസ് പ്രസിഡന്റ് ജഗ്മതി സംഗ്വാന്‍, നിയമ വിഭാഗം കണ്‍വീനര്‍ കീര്‍ത്തിസിങ് എന്നിവര്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment