Wednesday, November 20, 2013

ആറന്മുളയില്‍ "കസ്തൂരിരംഗന്‍ "ബാധകമായില്ല

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കിയതോടെ വ്യക്തമാകുന്നത് കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വാദിക്കുന്ന കേന്ദ്രം തന്നെയാണ് പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ആഘാതമുണ്ടാക്കുന്ന സ്വകാര്യ വിമാനത്താവളം അനുവദിച്ചത്. 123 വില്ലേജുകളിലെ ജനങ്ങളാണ് കുടിയിറക്കല്‍ ഭീഷണിയില്‍. ഒരു കമ്പനിയും ഇത്രപേരെ കുടിയിറക്കുമെന്ന് മുന്‍കൂട്ടി പറയാറില്ല. വിമാനത്താവളം വരുന്നതോടെ കുടിയിറങ്ങേണ്ട സാഹചര്യമാണുണ്ടാകുക. അതേസമയം, പരിസ്ഥിതിലോല പ്രദേശമെന്ന പേരില്‍ പതിറ്റാണ്ടുകളായി മലയോരങ്ങളില്‍ വസിക്കുന്നവരെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കുടിയിറക്കാന്‍ ശ്രമിക്കുന്നത്.

നാല് വില്ലേജിലെ വയലുകളാണ് ആറന്മുളയില്‍ നികത്തുന്നത്. ഇത് നികത്തിയെടുക്കാന്‍ 72 ലക്ഷത്തിലധികം ലോഡ് മണ്ണ് വേണം. ഇതിനു വേണ്ടി കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിന്റെ ആഘാതം വേറെ. പ്രധാന കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് നാലുവരിപ്പാത വേണ്ടിവരും. ഇത് 100 കിലോമീറ്ററെങ്കിലും വരുമെന്നാണ് കണക്ക്. ഇതും വന്‍തോതില്‍ കുടിയൊഴിപ്പിക്കലിന് കാരണമാകും. നികത്തുന്നവയില്‍ പമ്പാനദിയുടെ പ്രധാന കൈവഴിയായ കോഴിത്തോടും ഉള്‍പ്പെടും. ആറന്മുളയുടെയും പരിസര വില്ലേജുകളുടെയും പ്രധാന ജലസ്രോതസാണ് നികത്തുന്ന പാടങ്ങള്‍. അത് തകര്‍ക്കുന്നത് പ്രകൃതി സമ്പന്നമായ ആറന്മുളയെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. അതിന് പുറമെയാണ് ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും. റിലയന്‍സും റോബര്‍ട്ട് വധേരയുമടക്കമുള്ള റിയല്‍ എസ്റ്റേറ്റ്-മൂലധന ശക്തികളുമാണ് പദ്ധതിക്ക് പിന്നിലെന്ന ആരോപണങ്ങള്‍ ശരിവയ്ക്കപ്പെടുകയാണ് കേന്ദ്ര തീരുമാനം.

ആറന്മുള പൈതൃക ഗ്രാമത്തിന്റെ സംസ്ക്കാരവും ജീവിതവും തകര്‍ക്കുന്ന പദ്ധതിക്കെതിരെ ജനങ്ങളുടേതുമാത്രമല്ല നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെയും കേരളത്തിലെ 74 ഭരണ- പ്രതിപക്ഷ എംഎല്‍എമാരുടെയും എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പദ്ധതിയുടെ തുടക്കം മുതല്‍ ആറന്മുളയില്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് എല്ലാ പിന്തുണയും നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. എതിര്‍പ്പ് രൂക്ഷമായതോടെ 10 ശതമാനം ഓഹരി സ്വകാര്യ വിമാനത്താവള പദ്ധതിയില്‍ എടുക്കുമെന്ന് പ്രഖ്യാപിച്ച് വിമാനത്താവളത്തിന് ഔദ്യോഗിക പരിവേഷം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, പത്തനംതിട്ട എംപി ആന്റോ ആന്റണി, ആറന്മുള എംഎല്‍എ അഡ്വ. കെ ശിവദാസന്‍ നായര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കമ്പനിയുടെ ശക്തരായ വക്താക്കളായി. മുഖ്യമന്ത്രിയുടെ മൗനവും ഇവിടെ ചേര്‍ത്തു വായിക്കാം
(സണ്ണി മാര്‍ക്കോസ്)

deshabhimani

No comments:

Post a Comment