Friday, November 22, 2013

കലാപമുണ്ടാക്കിയ എംഎല്‍എമാര്‍ക്ക് ബിജെപിയുടെ "ആദരം"

ബരേലി (യുപി): മുസഫര്‍നഗറില്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍ വിത്ത് വിതച്ച എംഎല്‍മാര്‍ക്ക് ബിജെപിയുടെ "ആദരം". ബരേലിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ വേദിയില്‍വച്ചാണ് എംഎല്‍എമാരായ സംഗീത് സോം, സുരേഷ് റാണ എന്നിവര്‍ക്ക് ബിജെപി സംസ്ഥാന നേതൃത്വം സ്വീകരണമൊരുക്കിയത്.

സെപ്തംബറിലാണ് 62 പേരുടെ മരണത്തിന് ഇടയാക്കുകയും അരലക്ഷത്തോളം പേരെ ഭവനരഹിതരാക്കുകയും ചെയ്ത മുസഫര്‍നഗര്‍ കലാപമുണ്ടായത്. മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയവികാരം പടര്‍ത്തിയതിന് ജയിലിലായിരുന്ന സംഗീത് സോം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. വര്‍ഗീയകലാപം പടര്‍ത്താനുതകുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചതിനും വര്‍ഗീയവിദ്വേഷം പടര്‍ത്തും വിധം പ്രസംഗിച്ചതിനും സോമിനെതിരെ കേസുണ്ട്. സുരേഷ് റാണയും ഇതേ ആരോപണങ്ങളുടെ പേരില്‍ സെപ്തംബര്‍ 20നാണ് ലഖ്നൗവില്‍ അറസ്റ്റിലായത്. ഇതിനിടെ സുരേഷ് റാണയ്ക്കെതിരെ മറ്റൊരു കേസില്‍ ശംലി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കുറ്റപത്രം സമര്‍പ്പിച്ചു. ജൂണ്‍ 16ന് ശംലിയില്‍ ഇരുപത്തൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത സംഭവത്തിനെതിരെ സുരേഷ് റാണയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനിടെ അക്രമം നടത്തിയ കേസിലാണ് കുറ്റപത്രം.

മോഡിക്ക് മഹാത്മാഗാന്ധി "മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി

" ജയ്പുര്‍: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി "മോഹന്‍ലാല്‍" കരംചന്ദ് ഗാന്ധിയായി. ചൊവ്വാഴ്ച രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്യവെയാണ് മോഡി അബദ്ധം ആവര്‍ത്തിച്ചത്.

""ജീവിതത്തിന്റെ അവസാനനാളുകളില്‍ ഗാന്ധിക്ക് ഒരാഗ്രഹമുണ്ടായിരുന്നു. നിങ്ങള്‍ അത് നിറവേറ്റുമോ..?. ഗാന്ധിയുടെ ആഗ്രഹം നിങ്ങള്‍ നിറവേറ്റുമോ? മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയുടെ ആഗ്രഹം നിങ്ങള്‍ നിറവേറ്റുമോ?""- മോഡി പ്രസംഗിച്ചു.

മോഡി ചരിത്രപുസ്തകങ്ങള്‍ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ്നേതാക്കള്‍ കളിയാക്കുന്നതിനിടയിലാണ് മോഡി വീണ്ടും വിവരക്കേട് വിളമ്പിയത്. ഇസ്ലാമബാദിന് വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന പ്രാചീനനഗരം തക്ഷശില ബിഹാറിലാണെന്നും അലക്സാണ്ടര്‍ ചക്രവര്‍ത്തി ബിഹാറിലെത്തിയിട്ടുണ്ടെന്നും ഗംഗാതീരത്താണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്നുമുള്ള പരാമര്‍ശങ്ങള്‍ മോഡിയെ നേരത്തെ വെട്ടിലാക്കിയിരുന്നു. ഗുജറാത്തിലെ സ്വാതന്ത്ര്യ സമരസേനാനി ശ്യാംജി കൃഷ്ണവര്‍മയെ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയായി തെറ്റിദ്ധരിച്ച് മോഡി നടത്തിയ പരാമര്‍ശവും വിവാദമായി. നെഹ്റു രാഷ്ട്രീയക്കാരനാവുന്നതിനു മുമ്പ് പെയിന്റ് കച്ചവടക്കാരനായിരുന്നെന്ന് മോഡി പ്രസ്താവിക്കാനിടയുണ്ടെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ് പരിഹസിച്ചു. സുഷമാസ്വരാജും മുരളീമനോഹര്‍ ജോഷിയും മോഡിക്ക് ഉടന്‍ ട്യൂഷനെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിങ്ങിന്റെ പ്രതികരണം.

deshabhimani

No comments:

Post a Comment