Monday, November 18, 2013

മഅ്ദനിക്ക് ഉടനെ ചികിത്സ നല്‍കണം

ബംഗലൂരു സ്ഫോടനകേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതി ചികിത്സാനുമതി നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തിന് സ്വകാര്യ ആശുപത്രിയില്‍ പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ തേടാനാണ് നിര്‍ദേശം. ആശുപത്രിയില്‍ കര്‍ശന സുരക്ഷയോടെ പ്രത്യേക മുറി നല്‍കണം . മണിപ്പാലില്‍ ചികില്‍സ നല്‍കാനായില്ലെങ്കില്‍ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റണം. ചികിത്സ ഉടനെ നല്‍കണം.

കുടുംബാംഗങ്ങളെ ചികിത്സാസമയത്ത് കാണാനും അനുമതിയുണ്ട് .ചികിത്സാ ചെലവ് സര്‍ക്കാര്‍തന്നെ വഹിക്കണം. മഅ്ദനിയുടെ അരോഗ്യനില മെച്ചപ്പെട്ടശേഷംജാമ്യാപേക്ഷ പരിഗണിക്കും. ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനിയാണ് ജാമ്യപേക്ഷ നല്‍കിയിട്ടുള്ളത്. മഅ്ദനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സത്യവാങ്മൂലം കര്‍ണ്ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിക്ക് കൈമാറിയിരുന്നു.

മഅ്ദനിക്ക്പ്രത്യേക അസുഖങ്ങള്‍ ഒന്നും ഇല്ലെന്നും പ്രായത്തിന്റെ അവശതകള്‍ മാത്രമാണ് ഉള്ളതെന്നും അതിനുള്ള ചികിത്സ നല്‍കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ വിദഗ്ദ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കാമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അതേസമയം മഅ്ദനിക്ക് ജാമ്യം അനുവദിച്ചാല്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് കോടതിയെ അറിയിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളം നിര്‍ദ്ദേശമറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഅ്ദനിക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭാരതീയ വിചാരകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി ടി ജി മോഹന്‍ദാസ് സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment