Wednesday, November 13, 2013

വാറന്റില്ലാതെ അറസ്റ്റ്: എഫ്ഐആര്‍ നിര്‍ബന്ധം

വാറന്റ് കൂടാതെ അറസ്റ്റുസാധ്യമായ കുറ്റങ്ങളില്‍ പൊലീസ് നിര്‍ബന്ധമായും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പുവരുത്തണമെന്നും ചീഫ്ജസ്റ്റിസ് പി സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന് വിവേചനാധികാരം നല്‍കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ചീഫ്ജസ്റ്റിസ് വിധിന്യായത്തില്‍ പറഞ്ഞു.

ഇരകളുടെ അവകാശങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, രഞ്ജന പി ദേശായി, രഞ്ജന്‍ ഗൊഗോയ്, എസ് എ ബോബ്ഡെ എന്നിവര്‍കൂടി ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വിവാഹസംബന്ധമായ തര്‍ക്കം, വാണിജ്യകുറ്റം, ചികിത്സാപിഴവ്, അഴിമതി തുടങ്ങിയ കേസുകളില്‍ വസ്തുതകളെ ആധാരമാക്കി പ്രാഥമിക അന്വേഷണം അനുവദിക്കാം. എന്നാല്‍, വാറന്റില്ലാതെ അറസ്റ്റുസാധ്യമായ കുറ്റങ്ങളില്‍ ക്രിമിനല്‍ നടപടിചട്ടം(സിആര്‍പിസി) 154-ാം വകുപ്പുപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല.

വാറന്റ് കൂടാതെ അറസ്റ്റുസാധ്യമായ കുറ്റം വെളിപ്പെട്ടാല്‍ കേസെടുക്കുകയെന്ന ഉത്തരവാദിത്തത്തില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞുമാറാന്‍ പാടില്ല. കാര്യകാരണങ്ങളോ വിശ്വാസ്യതയോ തടസ്സമാവരുത്. എഫ്ഐആര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നത് ക്രിമിനല്‍ നടപടിചട്ടങ്ങളില്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ സംശയത്തിന്റെ സാഹചര്യമില്ല. ഇത്തരത്തിലുള്ള ഏത് കുറ്റവും നിയമപ്രകാരം ഏറ്റവും വേഗം അന്വേഷിക്കണമെന്നതാണ് നിയമം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എന്തെങ്കിലും വിവേചനമോ ഉപാധിയോ പൊലീസിനില്ല- 96 പേജ് വരുന്ന വിധിന്യായം പറഞ്ഞു.

deshabhimani 131113

No comments:

Post a Comment