Sunday, November 10, 2013

ഹരിയാനയില്‍ വന്‍ തൊഴിലാളിറാലി

ജിന്ദ് (ഹരിയാന): തൊഴിലാളിവിരുദ്ധ നടപടികളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ജിന്ദില്‍ വന്‍ തൊഴിലാളി റാലി. സിഐടിയുവിന്റെയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. ഹരിയാനയിലെ ഭുപീന്ദര്‍സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന തൊഴിലാളി ചൂഷണത്തിനെതിരെയുള്ള രോഷപ്രകടനമായി റാലി. അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവര്‍ വന്‍തോതില്‍ റാലിക്കെത്തി.

സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി ഹന്നന്‍ മുള്ള, സിഐടിയു ദേശീയ സെക്രട്ടറി ഡോ. ഹേമലത, സിഐടിയു സംസ്ഥാന സെക്രട്ടറി സത്ബീര്‍ സിങ്, പ്രസിഡന്റ് സുരേന്ദര്‍ സിങ്, സിപിഐ എം ഹരിയാന സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ് തുടങ്ങിയവര്‍ റാലിയെ അഭിവാദ്യംചെയ്തു. മിനിമം കൂലി നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ മുഴങ്ങിയത്. നവംബര്‍ 13ന് സംസ്ഥാന ജീവനക്കാരും നവംബര്‍ 14ന് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും നടത്തുന്ന പണിമുടക്കിന് റാലി പിന്തുണ പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment