Sunday, November 10, 2013

യുനെസ്‌കോ വോട്ടവകാശ നഷ്ടം; ഒബാമ കോണ്‍ഗ്രസ്സിനെ പഴിചാരുന്നു

വാഷിങ്ടണ്‍: യുനെസ്‌കോ (യു എന്‍ വിദ്യാഭ്യാസ, സാമൂഹ്യ- സാംസ്‌കാരിക സംഘടന)യില്‍ യു എസിന് വോട്ടവകാശം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണെന്ന് ഒബാമ ഭരണകൂടം. യുനെസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ കോണ്‍ഗ്രസ്സ് കഴിഞ്ഞവര്‍ഷം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംഘടനയ്ക്ക് നല്‍കാനുളള തുക കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് യുനെസ്‌കോയിലുള്ള വോട്ടവകാശം നഷ്ട്ടമായതില്‍ തങ്ങള്‍ക്ക് ദു:ഖമുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ സാക്കി പറഞ്ഞു.

പലസ്തീന് അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് രണ്ട് വര്‍ഷം മുമ്പ് യുനെസ്‌കോയ്ക്കുള്ള സംഭാവന നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ്  യു എസിനും ഇസ്രയേലിനും യുനസ്‌ക്കോയിലെ വോട്ടവവകാശം നഷ്ട്ടമായത്. യുനെസ്‌കോയ്ക്ക് ധനസഹായം നല്‍കുന്നത് പുനരാരംഭിക്കുന്നതിനും കുടിശ്ശികവരുത്തിയത് സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിനും വെള്ളിയാഴ്ച രാവിലെ വരെ യു എസിന് സമയമുണ്ടായിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഇതില്‍ ഒരു കാര്യവും യു എസ് ചെയ്തില്ല. തുടര്‍ന്നാണ് വോട്ടവകാശം നഷ്ട്ടമായത്.

സാമ്പത്തിക സഹായം നല്‍കുന്നതില്‍ നിയമപരമായ നിയന്ത്രണം വന്നതാണ് വോട്ടവകാശം നഷ്ട്ടമാക്കിയതെന്ന് യു എസിന്റെ യു എന്‍ അംബാസിഡര്‍ സാമന്ത പവര്‍ പറഞ്ഞു. ഇത് യുനസ്‌ക്കോയിലെ യു എസിന്റെ ഇടപെടല്‍ ശേഷി കുറയ്ക്കും. അതിനാല്‍ തന്നെ ഇത്തരം സാമ്പത്തിക സഹായങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്ന് ഒബാമ ഭരണകൂടം കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടവകാശം നഷ്ടപ്പെട്ടതോടെ ഫണ്ട് വിതരണമുള്‍പ്പടെ യുനെസ്‌കോയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ യു എസിന് വോട്ടവകാശമുണ്ടായിരിക്കില്ല. ലോകത്തിലെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നത് യുനെസ്‌കോയാണ്. ഒരു വര്‍ഷം എട്ടുകോടി ഡോളറാണ് യു എസ് യുനെസ്‌കോയ്ക്ക് നല്‍കിയിരുന്നത്. യുനെസ്‌കോയുടെ ബജറ്റിന്റെ 22 ശതമാനമാണിത്. യു എസ് വിഹിതം നിര്‍ത്തലാക്കിയത് യുനെസ്‌കോയെ സാമ്പത്തിക ഞെരുക്കത്തിലാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ യു എസിന്റെ മുന്‍കൈയില്‍ ആരംഭിച്ച പല സംരംഭങ്ങള്‍ക്കുമുള്ള ഫണ്ടിംഗ് നിര്‍ത്തലാക്കാന്‍ യുനെസ്‌കോ നിര്‍ബന്ധിതമായിരുന്നു. തീവ്രവാദത്തിനെതിരെയുള്ള വിദ്യാഭ്യാസ പദ്ധതിയും സ്ത്രീ-പുരുഷ സമത്വവും പത്രസ്വാതന്ത്ര്യവും പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതികളും യു എസ് നിലപാട് കാരണം ദുര്‍ബലമായി. പലസ്തീന് അംഗത്വമുള്ള എല്ലാ യു എന്‍ സംഘടനകള്‍ക്കും ധനസഹായം നിര്‍ത്തലാക്കുന്നതിനുള്ള യു എസ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. 1946 ല്‍ യുനെസ്‌കോയ്ക്ക് രൂപം നല്‍കാന്‍ മുന്‍കൈയെടുത്ത രാഷ്ട്രങ്ങളുടെകൂട്ടത്തില്‍ യു എസും ഉള്‍പ്പെട്ടിരുന്നു.

janayugom

No comments:

Post a Comment