Friday, November 15, 2013

സഹകരണമേഖലയുടെ ജനകീയമുഖം നഷ്ടപ്പെടുത്തുന്നു: പിണറായി

തലശേരി: സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതിലും അപ്പുറമാണ് സഹകരണമേഖലയിലെ പ്രതിസന്ധിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 97-ാം ഭരണഘടനാ ഭേദഗതിയോടെ സഹകരണവിരുദ്ധ നടപടികള്‍ നടപ്പാക്കാന്‍ കേരളവും ബാധ്യസ്ഥമായി. എങ്ങനെയെങ്കിലും സംസ്ഥാനത്തെ രക്ഷിച്ചെടുക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സഹകരണമന്ത്രി. ഇക്കാര്യത്തില്‍ താന്‍ അത്രത്തോളം ശുഭാപ്തി വിശ്വാസിയല്ലെന്ന് പിണറായി പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തലശേരി ടൗണ്‍ഹാളില്‍ "വര്‍ത്തമാന കാലഘട്ടത്തിലെ സഹകരണ പ്രസ്ഥാനം" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം. ധനമൂലധനത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം നില്‍ക്കുന്ന എന്തിനെയും തട്ടിമാറ്റുകയാണ് ആഗോളവല്‍ക്കരണത്തിന്റെ രീതി. 1990ലെ ബ്രഹ്മപ്രകാശ്മുതല്‍ ഏറ്റവുമൊടുവില്‍ വന്ന രഘുറാം രാജന്‍ വരെയുള്ള കമ്മിറ്റികളുടെ ശുപാര്‍ശകള്‍ സര്‍ക്കാരിന്റെയും സഹകരണ രജിസ്ട്രാറുടെയും നിയന്ത്രണം ഒഴിവാക്കി പകരം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഉറപ്പിക്കുന്നു. സഹകരണ മേഖലയുടെ ജനകീയമുഖം നഷ്ടപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യം. അപകടം തിരിച്ചറിഞ്ഞ് ഗവണ്‍മെന്റുകളും സഹകാരികളാകെയും ഈ നീക്കങ്ങളെ അതിശക്തമായി എതിര്‍ത്തു. അതുകൊണ്ടാണ് ഇവിടെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വലിയ കോട്ടം തട്ടാതിരുന്നത്. ഭരണഘടനാ ഭേദഗതി വന്നതോടെ കേരളത്തിന് മാറിനില്‍ക്കാനാവില്ല. ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ അനുഛേദം 19(1)സിയില്‍ സഹകരണ സംഘങ്ങള്‍ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തതോടെ സഹകരണ സംഘങ്ങള്‍ തുടങ്ങുകയെന്നത് പൗരന്മാരുടെ മൗലികാവകാശമായി മാറി. പ്രദേശത്ത് വേറെ സംഘം ഉണ്ടെങ്കിലും പുതിയ സംഘം തുടങ്ങാം. ഒപ്പം ബാങ്കിങ് നിയമവും ഭേദഗതി ചെയ്തു. ഇതിനനുസൃതമായി സംസ്ഥാന നിയമങ്ങളിലും മാറ്റം വരുത്തണം. അല്ലെങ്കില്‍ ഇവ ഉള്‍ചേര്‍ന്നതായി കണക്കാക്കും.

ഇതേവരെ സംസ്ഥാന വിഷയമായിരുന്ന സഹകരണം പൂര്‍ണമായി കേന്ദ്ര വിഷയമായി. സര്‍ക്കാരും സഹകാരികളും ബഹുജനങ്ങളും ഒറ്റക്കെട്ടായിനിന്ന് ഈ മാറ്റം കേരളത്തിന് പറ്റില്ലെന്ന് പറയുകയേ നിര്‍വാഹമുള്ളൂ. ഇതുവരെ പറഞ്ഞിട്ടുണ്ട്. ഇനിയും അതിനു കഴിയണം. കേരള വികസനത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ സംഭാവന വലുതാണ്. അവ കൊള്ളപ്പലിശക്കാരില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കി. സംസ്ഥാനത്ത് 23,000 സഹകരണ സ്ഥാപനങ്ങളുണ്ട്. എല്ലാ മേഖലയിലുമായി ഒരു ലക്ഷം പേര്‍ തൊഴിലെടുക്കുന്നു. ഈ മേഖലക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകണമെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment