Friday, November 15, 2013

മലയാളത്തെ ഒഴിവാക്കി എസ്ബിടി പ്യൂണ്‍ പരീക്ഷ

എസ്ബിടി പ്യൂണ്‍ (സബോര്‍ഡിനേറ്റ് കേഡര്‍) തസ്തികയിലേക്ക് 12 വര്‍ഷത്തിനുശേഷം നടക്കുന്ന പരീക്ഷയില്‍ മലയാളം പടിക്കുപുറത്ത്. ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ മലയാളത്തിലില്ല. ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യപേപ്പര്‍ തയ്യാറാക്കിയത് പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴലാകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് ഊറ്റം കൊള്ളുമ്പോഴും പരീക്ഷയില്‍ മാതൃഭാഷയെ തഴഞ്ഞതില്‍ ജീവനക്കാര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും കടുത്ത വിയോജിപ്പുണ്ട്. കേരളത്തനിമ അറിയിക്കാന്‍ പരമ്പരാഗതമായ എംബ്ലത്തില്‍ തെങ്ങ് ഉള്‍പ്പെടുത്താന്‍ ലക്ഷക്കണക്കിന് രൂപ ധൂര്‍ത്തടിക്കുമ്പോഴും പരീക്ഷയില്‍ മലയാളം ഉള്‍പ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ക്ക് താല്‍പ്പര്യമില്ല. മലയാളം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്ബിടി സ്റ്റാഫ് യൂണിയന്‍ ഹെഡ് ഓഫീസില്‍ പരാതി നല്‍കിയിട്ടും അനക്കമില്ല.

86,118 പേരാണ് ഈമാസം 24ന് പരീക്ഷ എഴുതുന്നത്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകള്‍ പരീക്ഷാ കേന്ദ്രങ്ങളാണ്. വയനാട്ടിലെ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട്ടും ഇടുക്കിയിലെ ഉദ്യോഗാര്‍ഥികള്‍ എറണാകുളത്തും പരീക്ഷയെഴുതും. മുന്‍കാലങ്ങളില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്ന ഈ തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയാണ്. പ്ലസ്ടു മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. കേരളത്തിനകത്ത് 761ഉം പുറത്ത് 269ഉം ഉള്‍പ്പെടെ 1030 ഒഴിവുകളാണ് എസ്ബിടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ശാഖകളും അഡ്മിനിസ്ട്രേറ്റീവ് സെക്ഷനുകളും ഉള്‍പ്പെടെ 1200 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓഫീസുകളിലേക്ക് ഓരോ ജീവനക്കാരെപ്പോലും നിയമിക്കാനാവില്ലെന്നും ആക്ഷേപമുണ്ട്. പ്യൂണ്‍ തസ്തികയില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത ജില്ല തിരിച്ചുള്ള കണക്ക്. കാസര്‍കോട് -4, കണ്ണൂര്‍- 23, വയനാട്- 10, കോഴിക്കോട്- 54, മലപ്പുറം- 39, പാലക്കാട്- 39, തൃശൂര്‍- 84, എറണാകുളം- 137, ഇടുക്കി- 13, കോട്ടയം- 83, പത്തനംതിട്ട- 46, ആലപ്പുഴ- 41, കൊല്ലം- 75, തിരുവനന്തപുരം- 113.
(ആര്‍ ഹണീഷ്കുമാര്‍)

deshabhimani

No comments:

Post a Comment