Friday, November 15, 2013

കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജിവെക്കണം: കയര്‍ സെന്റര്‍

ആലപ്പുഴ: കയര്‍മേഖലയെ പുനരുദ്ധരിക്കാനുള്ള റിമോട്ട് പദ്ധതിയില്‍ തട്ടിപ്പ് നടത്തി കയര്‍ തൊഴിലാളികളെ വഞ്ചിച്ച കെ ആര്‍ രാജേന്ദ്രപ്രസാദ് കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ആവശ്യപ്പെട്ടു. രാജേന്ദ്രപ്രസാദ് അഴിമതി നടത്തിയതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്ന സ്ഥിതിക്ക് കയര്‍ കോര്‍പറേഷന്‍ ചുമതല രാജിവെക്കണമെന്നും കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എയും ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എയും ആവശ്യപ്പെട്ടു.

കയര്‍ തറി സ്ഥാപിച്ചു നല്‍കാതെ അതിന്റെ രേഖയുണ്ടാക്കി 94 പേരില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രാജേന്ദ്രപ്രസാദ്് 21.26 ലക്ഷം രൂപ തട്ടിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇല്ലാത്ത തറി നിര്‍മാണ കമ്പനി ഉണ്ടാക്കിയതായി രേഖയുണ്ടാക്കി അതിന്റെ പേരില്‍ ക്വട്ടേഷനും നല്‍കിയായിരുന്നു തട്ടിപ്പ്. അന്വേഷണ ഏജന്‍സി ഇങ്ങനെ കണ്ടെത്തിയ ഒരാള്‍ പിന്നെയും കയര്‍ കോര്‍പറേഷന്റെ സാരഥിയായി തുടരുന്നത് കയര്‍ തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. തന്നെയുമല്ല കയര്‍ കോര്‍പറേഷനെയും ചെയര്‍മാന്‍ നോക്കുകുത്തിയാക്കി. വിലസ്ഥിരതാ പദ്ധതി തകര്‍ത്തു. കയറ്റുമതിക്കാരില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങി ചെറുകിടക്കാര്‍ക്കും സംഘങ്ങള്‍ക്കും നല്‍കി. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഇതു മൂലം കയര്‍ മേഖലയാകെ പട്ടിണിയിലാണ്. ആറു കയര്‍ഫാക്ടറി തൊഴിലാളികളും ചെറുകിട തറി ഉടമകളുമാണ് ആലപ്പുഴ ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തത്. അതുകൊണ്ടു തന്നെ രാജേന്ദ്രപ്രസാദിന്് ഇനിയൊരു നിമിഷം ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഇത്തരം ഒരു ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തുമ്പോഴാണ് രാജേന്ദ്രപ്രസാദിനെ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് സര്‍ക്കാരും നിയമിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിനും കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാനാകില്ല. രാജേന്ദ്രപ്രസാദിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അല്ല മുഖ്യമന്ത്രിയുടെ മാതൃക പിന്തുടര്‍ന്ന് സ്ഥാനത്ത് കടിച്ചു തൂങ്ങാനാണ് നീക്കമെങ്കില്‍ കനത്ത പ്രക്ഷോഭം ഉയരുമെന്നും തോമസ് ഐസകും ആനത്തലവട്ടം ആനന്ദനും മുന്നറിയിപ്പ് നല്‍കി.

രാജേന്ദ്രപ്രസാദിനെ മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം

ആലപ്പുഴ: അഴിമതിക്കാരനായ രാജേന്ദ്രപ്രസാദിനെ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആലപ്പി കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ സിഐടിയു ജനറല്‍സെക്രട്ടറി ടി ആര്‍ ശിവരാജന്‍ മുന്നറിയിപ്പ് നല്‍കി. കയര്‍ത്തറികള്‍ പുതുക്കിപ്പണിയുന്നതിനും ആധുനികവല്‍ക്കരണം നടത്തുന്നതിനുമായി കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതി അനുസരിച്ച് ചെറുകിട ഉല്‍പാദകര്‍ക്ക് കയര്‍ബോര്‍ഡില്‍ നിന്നും അനുവദിച്ച ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ രാജേന്ദ്രപ്രസാദിനെതിരെ സിബിഐ കോടതി കുറ്റപത്രം നല്‍കിയിരിക്കുകയാണ്്. കയര്‍ കോര്‍പറേഷനില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാതെ പുതിയ ആളുകളെ എടുക്കുകയും അവരില്‍ നിന്നും പണം ആവശ്യപ്പെടുന്നതായും നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു.

തുടരാന്‍ അര്‍ഹതയില്ല: ജി വേണുഗോപാല്‍

ആലപ്പുഴ: കയര്‍ മേഖലയെ നവീകരിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതി തൊഴിലാളികളുടെ നേട്ടത്തിനായി ഉപയോഗിച്ചില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ തെളിഞ്ഞതായി മുന്‍ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജി വേണുഗോപാല്‍ പറഞ്ഞു. പദ്ധതിയെ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനും അഴിമതിക്കും വേണ്ടി രാജേന്ദ്രപ്രസാദ് അടക്കമുള്ളവര്‍ ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ രാജേന്ദ്രപ്രസാദ് ഇനി കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ധാര്‍മികതയല്ല. രാജിവെക്കണം. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment