Saturday, January 11, 2014

10 വര്‍ഷത്തില്‍ ഭക്ഷ്യവിലക്കയറ്റം 256 ശതമാനം

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 256.4 ശതമാനം വര്‍ധനവുണ്ടായി. പച്ചക്കറിയുടെ വിലയിലാണ് വന്‍ വര്‍ധന-402.6 ശതമാനം. ഇതില്‍ത്തന്നെ സവാളയുടെ വിലയില്‍ 754 ശതമാനം വര്‍ധനവുണ്ടായി. 2004 മുതല്‍ 2013 നവംബര്‍വരെയുള്ള കണക്കുകളെ ആധാരമാക്കി കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. നവംബറിനുശേഷമുള്ള വിലവര്‍ധനകൂടി കണക്കിലെടുത്താല്‍ 260 ശതമാനത്തിലധികമാകും ഭക്ഷ്യവില വര്‍ധന.

അരിവിലയില്‍ ഈ കാലയളവില്‍ 232.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഗോതമ്പുവില 217.1 ശതമാനം കൂടി. പയറുവര്‍ഗങ്ങളില്‍ 228.6 ശതമാനത്തിന്റെയും മുട്ട, മാംസം, മീന്‍ എന്നിവക്ക് 282.8 ശതമാനത്തിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. പാല്‍വിലയിലുണ്ടായ വര്‍ധന 222.6 ശതമാനമാണ്. ഇന്ധനവിലയിലും ഇരട്ടിയിലധികം വര്‍ധനവാണുണ്ടായത്. പെട്രോളിന് 193.8 ശതമാനവും ഡീസലിന് 222.4 ശതമാനവും പാചകവാതകത്തിന് 200 ശതമാനവും വില കൂടി. ഭക്ഷ്യേതരവസ്തുക്കളുടെ വിലയില്‍ 216.7 ശതമാനമാണ് വര്‍ധന. കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പിന്റെ രേഖയനുസരിച്ച് 2004 ഏപ്രിലില്‍ ഒരുകിലോ അരിയുടെ ശരാശരി വില 11.13 രൂപയാണ്. 2014 ജനുവരിയില്‍ വില ശരാശരി 30 രൂപയായി. ആട്ടയ്ക്ക് 11.19 രൂപയില്‍നിന്ന് 28 രൂപയായി ഉയര്‍ന്നു. പായ്ക്ക് ചെയ്ത ആട്ടയ്ക്ക് 40 രൂപ വരെ. ചെറുപയറിന് 22.75 രൂപയില്‍നിന്ന് 93 രൂപയായി വില ഉയര്‍ന്നു.

ഗവണ്‍മെന്റ് തന്നെ വിലവര്‍ധനക്ക് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ഇവയാണ്: ഭക്ഷ്യവിളകളില്‍ കൃഷിയുടെ വിസ്തൃതിയും ഉല്‍പ്പാദനവും കുറയുന്നത്, താങ്ങുവിലയില്‍ കാലകാലങ്ങളില്‍ വരുത്തുന്ന മാറ്റം, ആവശ്യത്തിലും ഉപഭോഗത്തിലും വരുന്ന വര്‍ധന, അന്താരാഷ്ട്രവിലയില്‍ വരുന്ന വ്യതിയാനങ്ങള്‍, ഗവണ്‍മെന്റിന്റെ നയങ്ങള്‍, പഞ്ചസാര പോലെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് ചാക്രികമായുണ്ടാകുന്ന വിലവ്യതിയാനം. ഗവണ്‍മെന്റ് നയങ്ങളെ അപ്രധാനമായാണ് ചൂണ്ടിക്കാട്ടുന്നതെങ്കിലും മറ്റ് കാരണങ്ങളെ വലിയതോതില്‍ സ്വാധീനിക്കുന്നത് ഗവണ്‍മെന്റ് നയങ്ങളാണ്. ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കിയിരുന്ന പൊതുവിതരണസംവിധാനം ഇല്ലാതാക്കി സബ്സിഡി പിന്‍വലിച്ചതാണ് ഭക്ഷ്യവില വര്‍ധനവിന് പ്രധാന കാരണമായത്. കര്‍ഷകര്‍ക്ക് നല്‍കുന്ന താങ്ങുവിലയേക്കാള്‍ എത്രയോ അധികമാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്ന വില. ഇന്ത്യക്ക് ആവശ്യമായ പയറുവര്‍ഗങ്ങളില്‍ 37 ശതമാനവും ഇറക്കുമതിചെയ്യുകയാണ്.

ആഗോളവിലയില്‍ വരുന്ന മാറ്റവും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറയുന്നതും പറയുവര്‍ഗങ്ങളുടെ വിലവര്‍ധനക്ക് കാരണമാകുന്നു. രാജ്യത്ത് പയറുവര്‍ഗങ്ങളുടെ കൃഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊന്നും വിജയിപ്പിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യവുമില്ല. സബ്സിഡി വെട്ടിച്ചുരുക്കലാണ് ഇന്ധനവില വര്‍ധനവിന്റെ പ്രധാന കാരണം. ആധാറുമായി പാചകവാതക കണക്ഷന്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് സബ്സിഡി നിഷേധിക്കുന്ന നയംമൂലം 14.2 കിലോ ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില 1320 രൂപയായി വര്‍ധിച്ചു. സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സിലിണ്ടറിന് 512 രൂപ നല്‍കേണ്ടിവരുന്നു. 2004 ജൂണില്‍ 261.60 രൂപയായിരുന്നു പാചകവാതക സിലിണ്ടറിന്റെ വില. സബ്സിഡിയോടെയുള്ള സിലിണ്ടറുകള്‍ക്ക് പത്ത് വര്‍ഷംകൊണ്ട് ഇരട്ടി വിലയായി. 2004 ജൂണില്‍ ലിറ്ററിന് 35.71 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 76.08 രൂപയായി. ഡീസലിന്റെ വില 22.74-ല്‍നിന്ന് 58.35 രൂപയായും വര്‍ധിച്ചു. ഡീസല്‍ വില കൂട്ടുമ്പോള്‍ എല്ലാ അവശ്യവസ്തുക്കളുടെയും വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നു.

(വി ജയിന്‍)

deshabhimani

No comments:

Post a Comment