Saturday, January 11, 2014

പുതിയ തെരഞ്ഞെടുപ്പ് സഖ്യം ഉടനെ : കാരാട്ട്

രുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ പുതിയ സഖ്യം ഉടനെ രൂപീകരിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു കാരാട്ട്. ഫെബ്രുവരിയോടെ പുതിയ സഖ്യം നിലവില്‍ വരും ബിജെപിയേയും നരേന്ദ്രമോഡിയേയും ചെറുക്കുവാന്‍ കോണ്‍ഗ്രസിന് നിലവില്‍ സാധ്യമല്ല. അതിജിവനത്തിന് തന്നെ കോണ്‍ഗ്രസ് പാടുപെടുകയാണ്. വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത ഉറപ്പാക്കാനും കോണ്‍ഗ്രസ് - ബിജെപി ഇതര ബദലിനേ സാധ്യമാകൂ.

ഇടത് ബദലുമായി സഹകരിക്കുന്ന, വര്‍ഗീയതക്കെതിരായ 14 പാര്‍ട്ടികളുടെ യോഗം കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്നിരുന്നു. അവരുമായി സഹകരിച്ച് പുതിയ സഖ്യം നിലവില്‍ വരും. മുന്‍ കാലങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ബദല്‍ സഖ്യങ്ങള്‍ രൂപീകൃതമായതെങ്കില്‍ നിലവില്‍ അനുകുല പാര്‍ടികളുമായി കൂടുതല്‍ അടുത്ത ബന്ധമുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുന്നേ സഹകരിച്ച് പ്രവര്‍ത്തിക്കാനാകും. ഏതെങ്കിലും നേതാവിനെ ഉയര്‍ത്തികാട്ടി മുമ്പും തെരഞ്ഞെടുപ്പിനെ നേരിടാറില്ല. അതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുന്ന കാര്യങ്ങളാണ്. നേതാവിനെ നോക്കിമാത്രം വോട്ടു ചെയ്യുന്നവരല്ല ഭുരിപക്ഷം ജനങ്ങളും. അത് നരേന്ദ്രമോഡിയായാലും രാഹുല്‍ ഗാന്ധിയായാലും. പാര്‍ടികളുടെ നയങ്ങളും പ്രവര്‍ത്തനവുമാണ് തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുക.

വിലക്കയറ്റമാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. പാചക വാതക സിലണ്ടറിനായി ഏര്‍പ്പെടുത്തുന്ന ആധാര്‍ ഭാവിയില്‍ പൊതു വിതരണ സമ്പ്രദായത്തിലടക്കം നിര്‍ബന്ധമാക്കാനിടയുണ്ട്. സുപ്രീം കോടതിയും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന നിലപാടാണ് എടുത്തത്. പാര്‍ലമെന്‍റും ഇക്കാര്യത്തില്‍ തീരീമാനമെടുത്തിട്ടില്ല. ആധാറിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമാണുള്ളത്. പ്രതിഷേധം കൂടുതല്‍ വ്യാപകമാക്കണം.

ആം ആദ്മി ഇടത്പാര്‍ടികള്‍ക്ക് ബദലല്ല. എന്നാല്‍ ഡെല്‍ഹിയില്‍ അവര്‍ നേടിയ വിജയം കുറച്ച്കാണുന്നില്ല. പൊതുവെ രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നിന്നിരുന്ന മധ്യവര്‍ഗത്തെ കൂടെ കൂട്ടാന്‍ ആം ആദ്മിക്കായി. എന്നാല്‍ രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ ആം ആദ്മിയുടെ നയങ്ങളും പരിപാടികളും വ്യക്തമായിട്ടില്ല. അവ എങ്ങിനെ രൂപപ്പെടുമെന്ന് കാത്തിരിക്കുകയാണ്. മെട്രോ നഗരങ്ങളില്‍ ഇടത് പാര്‍ടികൾക്ക് ഇടം കുറവാണ്. അതിന് നിരവധി കാര്യങ്ങളുണ്ട്. അത് മറികടക്കാനും മധ്യവര്‍ഗത്തെ പാര്‍ടിക്കൊപ്പം കൊണ്ടുപോകാനും ശ്രമിക്കും.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കേണ്ടതാണ്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടോ പൂര്‍ണമായും യോജിക്കുമെന്ന് പറയാനാകില്ല. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ലെന്നല്ല. എന്നാല്‍ മാറ്റങ്ങള്‍ ആവശ്യമാണ്. പശ്ചിമ ഘട്ടപ്രദേശത്തുള്ള ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പരിസ്ഥിതിയെ കൂടുതല്‍ സംരക്ഷിക്കാനാകും. അവരുടെ പ്രശ്നങ്ങളും കണക്കിലെടുക്കുന്നതാകണം റിപ്പോര്‍ട്ട്. അതിനാല്‍ കൂടുതല്‍ വിശാലമായ, ജനങ്ങളുടെ അഭിപ്രായമാരായുന്ന ഒരു കമ്മിറ്റിയാകണം രൂപീകരിക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment