Saturday, January 11, 2014

ഉമ്മന്‍ചാണ്ടിക്ക് കുരുക്ക് മുറുകി

കേസ് പിന്‍വലിക്കാനാകില്ല: കോടതി

തൃശൂര്‍: പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് സാമൂഹ്യനീതിക്കും പൊതുതാല്‍പ്പര്യത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കെ ഹരിപാല്‍ ഹര്‍ജി തള്ളിയത്. കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എംഎല്‍എയും ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചു. ഇതോടെ കേസിലെ ഏഴ് പ്രതികള്‍ക്കുമെതിരായ നിയമനടപടികള്‍ തുടരുമെന്നുറപ്പായി.

കേസ് ഫെബ്രുവരി 22ന് പരിഗണിക്കും. സര്‍ക്കാരിനുവേണ്ടി ഹാജരായത് ഉത്തരവാദപ്പെട്ട അഭിഭാഷകനല്ലെന്നും കോടതി നിരീക്ഷിച്ചു. വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജുമനോഹറായിരുന്നു ഹാജരായത്. എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനുശേഷം പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചതും ഹാജരായതും ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനാണ്. പ്രതികളുടെ വിടുതല്‍ ഹര്‍ജികളെ എതിര്‍ത്തിരുന്ന പ്രോസിക്യൂഷന്‍, ഇപ്പോള്‍ കേസ് അപ്പാടേ പിന്‍വലിക്കുന്നതിനെ അനൂകുലിക്കുന്നതില്‍് വൈരുധ്യമുണ്ട്്. നിരപരാധികള്‍ പീഡിപ്പിക്കപ്പെടരുതെന്നും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ഇടയാകരുതെന്നും കോടതിക്ക് നിര്‍ബന്ധമുണ്ട്.

കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഐഎഎസുകാരായ പ്രതികളുടെ പ്രോസിക്യൂഷന് കേന്ദ്രാനുമതി വാങ്ങിയില്ലെന്ന വാദം കേസിന്റെ ഈ ഘട്ടത്തില്‍ പ്രസക്തമല്ല. സാക്ഷികളില്‍ മൂന്നുപേര്‍ മരിച്ചു, പാമൊലിന്‍ ഇറക്കുമതിക്ക് സ്റ്റോര്‍ പര്‍ച്ചേസ് നിയമം ബാധകമല്ല, കേസ് നിലനില്‍ക്കാനാവശ്യമായ തെളിവുകളില്ല എന്നിവയും കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എതാനും സാക്ഷികള്‍ മരിച്ചാലും കേസിന്റെ മറ്റു രേഖകളെല്ലാം നില്‍നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളി 30 പേജുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ടാണ് കേസ് പിന്‍വലിപ്പിക്കാന്‍ ചരടുവലിച്ചത്. പാമൊലിന്‍ ഇടപാട് സമയത്ത് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസ് തുടര്‍ന്നാല്‍ പ്രതിയാകുമെന്ന് കണ്ടാണ് അട്ടിമറിനീക്കമാരംഭിച്ചത്. മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയുടെ ഹര്‍ജിയെതുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ നേരത്തെ ഉത്തരവിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2011ല്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നിരാകരിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ ചീഫ്വിപ്പ് ഉള്‍പ്പെടെയുള്ളവരെ ഉമ്മന്‍ചാണ്ടി രംഗത്തിറക്കി. ഒടുവില്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി. കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ഇത് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് തന്നെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
(വി എം രാധാകൃഷ്ണന്‍)

ഉമ്മന്‍ചാണ്ടിക്ക് കുരുക്ക് മുറുകി

പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും എതിരെ കുരുക്ക് കൂടുതല്‍ സങ്കീര്‍ണമായി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ രണ്ടാംതവണയാണ് വിജിലന്‍സ് പ്രത്യേക കോടതി നിരാകരിക്കുന്നത്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് കേസ് പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചത്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി. ഇതു ശരിവച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പാമൊലിന്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2011ല്‍ പ്രത്യേക കോടതി നിരാകരിച്ചത് വന്‍വിവാദത്തിന് തിരികൊളുത്തി. ഇതേതുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് തൃശൂരിലേക്ക് കേസ് മാറ്റി.

ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ചെങ്കിലും കേസ് പൂര്‍ണമായും എഴുതിത്തള്ളാനുള്ള നീക്കമാണ് പിന്നീട് അരങ്ങേറിയത്. പ്രതിപ്പട്ടികയില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിക്കെതിരെ തുറിച്ചുനോക്കുന്ന തെളിവുകളും രേഖകളും പാമൊലിന്‍ കേസിന്റെ നാള്‍വഴിയിലുണ്ട്. കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ആധാരം ഇതാണ്. 2013 സെപ്തംബര്‍ ഇരുപത്തിമൂന്നിനാണ് കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മറ്റൊരു പ്രതിയായ പി ജെ തോമസ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി വിജിലന്‍സ് കോടതിയുടെ തീര്‍പ്പിനു വിടുകയായിരുന്നു. പാമൊലിന്‍ കേസ് അട്ടിമറിക്കുന്നതിന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അണിയറനീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പ്രത്യേക കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമെങ്കിലും ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഒരു അഴിമതിക്കേസില്‍ സര്‍ക്കാരിനെതിരെ കോടതി വിധി പ്രസ്താവിച്ചെന്നതാണ് ശ്രദ്ധേയം. ഈ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൂന്നാംതവണയാണ് കോടതി വിരല്‍ചൂണ്ടിയത്. കേസില്‍ പ്രതികളായ ടി എച്ച് മുസ്തഫ, സഖറിയാമാത്യു എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് ഉമ്മന്‍ചാണ്ടിയെ ആദ്യം വിജിലന്‍സ് കോടതി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. 2005ല്‍ കേസ് പിന്‍വലിക്കാനെടുത്ത തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന് 2010 ഡിസംബര്‍ 15ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. കേസ് പിന്‍വലിച്ചത് റദ്ദാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കെ കരുണാകരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയില്‍ നിന്ന് കടുത്ത പരാമര്‍ശമുണ്ടായത്. അന്നും പ്രതിക്കൂട്ടിലായത് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് 2011ല്‍ സര്‍ക്കാര്‍ അനുമതി തേടിയത്. 2011 ഫെബ്രുവരിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇത് അംഗീകരിച്ചു. ഇതേതുടര്‍ന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ഭരണം മാറിയതിനെ തുടര്‍ന്ന് ഇതു പൂഴ്ത്തി. 2011 ജൂലൈയില്‍ ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക ജഡ്ജി പി കെ ഹനീഫ തള്ളിക്കളഞ്ഞു. ഇതോടെ വീണ്ടും കുരുക്കിലായ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് തന്റെ വിശ്വസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി തടിയൂരി. തിരുവഞ്ചൂര്‍ വിജിലന്‍സ് മന്ത്രിയായിരുന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് കേസ് അപ്പാടെ അവസാനിപ്പിക്കാന്‍ അണിയറനീക്കം സജീവമായത്.
(കെ ശ്രീകണ്ഠന്‍)

deshabhimani

No comments:

Post a Comment