Tuesday, January 14, 2014

ആണവ ഉടമ്പടി 20ന് പ്രാബല്യത്തില്‍

ആണവപ്രശ്നപരിഹാരത്തിന് ഉണ്ടാക്കിയ ഇടക്കാല ഉടമ്പടി 20 മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഇറാനും ലോകരാജ്യങ്ങളും ധാരണയായി. ആറുമാസത്തേക്ക് ആണവ സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാനും തങ്ങളുടെ നിലയങ്ങളില്‍ അന്താരാഷ്ട്രപരിശോധനയ്ക്ക് അവസരമൊരുക്കാനും ഇറാന്‍ തയ്യാറായി. ഇറാനുമേല്‍ വര്‍ഷങ്ങളായി ചുമത്തിയ കടുത്ത ഉപരോധങ്ങളില്‍ ഇളവുനല്‍കാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ സമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.

ഉപരോധങ്ങള്‍ ഇളവുചെയ്യാത്ത പക്ഷം ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ അമേരിക്കയും കൂട്ടാളികളും വഴങ്ങി. റഷ്യയടക്കമുള്ള രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദവും അമേരിക്കന്‍ നിലപാട് മയപ്പെടുത്തി. നവംബറില്‍ എത്തിച്ചേര്‍ന്ന ഉടമ്പടി 29 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ വിദേശമന്ത്രി അബ്ബാസ് അരാക്ഷിയെ ഉദ്ധരിച്ച് "ഇര്‍ന" വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാശ്ചാത്യരാജ്യങ്ങളും പിന്നീട് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഉടമ്പടിയനുസരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇറാനിലെ നിലയങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കും.

ദിവസവും ഇറാന്‍ ആണവവിവരം കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ മാസംതോറും റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിന് പ്രത്യുപകാരമായി ഇറാനെതിരായ ഉപരോധങ്ങള്‍ ആറുമാസത്തേക്ക് ഇളവുചെയ്യും. തടഞ്ഞുവച്ച 420 കോടി ഡോളറിന്റെ എണ്ണവരുമാനം ഇറാന് ലഭ്യമാകുമെന്ന് അരാക്ഷി പറഞ്ഞു. 700 കോടി ഡോളറിന്റെ സാമ്പത്തികനേട്ടമാണ് ഇറാനുണ്ടാകുകയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. വ്യോമയാനം, വാഹനവ്യവസായം എന്നീ മേഖലകളിലും പൊട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇറാന് നേട്ടമുണ്ടാകും. സ്വര്‍ണ ഇറക്കുമതിയും കയറ്റുമതിക്കും ഏര്‍പ്പെടുത്തിയ ഉപരോധവും നീക്കി.

എന്നാല്‍, അമേരിക്കന്‍ ബാങ്കുകളുമായി ഇറാന് ഇടപാട് സാധിക്കില്ല. ഉടമ്പടിയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതംചെയ്തു. ലക്ഷ്യം എളുപ്പമാകുമെന്ന ധാരണയില്ലെങ്കിലും പ്രശ്നപരിഹാരത്തിന് നയതന്ത്രത്തിന് മികച്ച അവസരമാണ് ഇതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കരാര്‍ സുഗമമായി നടപ്പാക്കാന്‍ വഴിയൊരുങ്ങിയെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥയായ യൂറോപ്യന്‍ യൂണിയന്‍ വിദേശനയമേധാവി കാതറിന്‍ അഷ്ടണ്‍ പറഞ്ഞു. നിര്‍ണായകമായ ചുവടുവയ്പാണിതെന്ന് ജര്‍മന്‍ വിദേശമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ പ്രതികരിച്ചു.

അതേസമയം, ഇറാന് ഇളവുനല്‍കിയതിനെ എതിര്‍ത്ത് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരുവിഭാഗം രംഗത്തെത്തി. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നീ ആറു രാജ്യവുമായി നവംബറില്‍ എത്തിച്ചേര്‍ന്ന പ്രാഥമിക ഉടമ്പടിപ്രകാരം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം അഞ്ചു ശതമാനമായി നിജപ്പെടുത്തും. 20 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ആറുമാസത്തിനിടെ ഘട്ടംഘട്ടമായി വീര്യം കുറയ്ക്കാനും ധാരണയായി. ഈസമയത്ത് ആറു രാജ്യം ഇറാനുമായി ചര്‍ച്ച നടത്തി സ്ഥിരം ഉടമ്പടി തയ്യാറാക്കും. 2003 മുതലാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഊര്‍ജിതമാക്കിയത്. മാരകമായ ആണവായുധം നിര്‍മിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് ആരോപിച്ച് പാശ്ചാത്യചേരി രംഗത്തുവന്നു.

പിന്നാലെ ഉപരോധവും യുദ്ധഭീഷണിയും ഒറ്റപ്പെടുത്തലും. മെഡിക്കല്‍ ഐസോടോപ്പുകള്‍ക്കും ഊര്‍ജാവശ്യങ്ങള്‍ക്കും വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണം മാത്രമാണ് നടത്തുന്നതെന്ന നിലപാടില്‍ ഉറച്ചുനിന്ന ഇറാന്‍ ധീരമായി ഭീഷണി നേരിട്ടു. ഹസന്‍ റൂഹാനി പ്രസിഡന്റായശേഷമുള്ള ആദ്യ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഇറാന്‍ വ്യക്തമായ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇറാന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ വിദേശശക്തികളെ അനുവദിക്കില്ലെന്നുമുള്ള മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ നിലപാടാണ് റൂഹാനിയും പിന്തുടരുന്നത്.

deshabhimani

No comments:

Post a Comment