Tuesday, January 14, 2014

പിഎഫ് പലിശനിരക്ക് കാല്‍ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

നടപ്പ് സാമ്പത്തികവര്‍ഷം 8.75 ശതമാനം പലിശ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കേന്ദ്രബോര്‍ഡ് ട്രസ്റ്റിമാരുടെ യോഗം തീരുമാനിച്ചു. നിലവില്‍ 8.50 ശതമാനമാണ് പലിശ. നിരക്ക് ഉയര്‍ത്തുന്നതിനോട് ധനമന്ത്രാലയം വിയോജിച്ചിരുന്നു. എന്നാല്‍, പണപ്പെരുപ്പനിരക്ക് 10 ശതമാനം കടന്ന സാഹചര്യത്തില്‍ അത്രയുമെങ്കിലും തോതില്‍ പലിശ നല്‍കണമെന്ന് യോഗത്തില്‍ സിഐടിയു പ്രതിനിധി എ കെ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസും പലിശനിരക്ക് ഉയര്‍ത്തണമെന്ന നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്നാണ് പലിശ 8.75 ശതമാനമായി ഉയര്‍ത്താന്‍ ശുപാര്‍ശചെയ്യാന്‍ ധാരണയായത്.

പലിശനിരക്ക് ഉയര്‍ത്തിയാല്‍ സാമ്പത്തികപ്രശ്നമുണ്ടാകുമെന്ന് ട്രസ്റ്റ് അംഗങ്ങളെ അറിയിക്കണമെന്ന് ധനമന്ത്രാലയം ജനുവരി മൂന്നിന് തൊഴില്‍വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, പലിശ 8.75 ശതമാനമായി ഉയര്‍ത്തിയാല്‍പ്പോലും സാമ്പത്തികവര്‍ഷാവസാനം ഫണ്ടില്‍ 43.13 കോടി രൂപ മിച്ചമുണ്ടാകും. കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുന്ന വിഷയം അംഗങ്ങള്‍ ഉന്നയിച്ചു. ഇതിനുവേണ്ടുന്ന അധിക പണം കണ്ടെത്തുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിശോധനയിലാണെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.

വാര്‍ഷികകണക്കുകള്‍ യോഗം അംഗീകരിച്ചു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ പുതിയ സബ്റീജണല്‍ ഓഫീസ് തുറക്കാനുള്ള നടപടി നിര്‍ത്തിവയ്ക്കും. തൃശൂരില്‍ ഉള്‍പ്പെടെ സബ്റീജണല്‍ ഓഫീസുകള്‍ ആരംഭിക്കുന്നതും പഠനത്തിനുശേഷം തീരുമാനിക്കും. അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നല്‍കുന്ന തുക 20 ശതമാനം വര്‍ധിപ്പിച്ച് നല്‍കാനും തീരുമാനമായി. തൊഴില്‍ സെക്രട്ടറി ഗൗരികുമാര്‍, ഇപിഎഫ്ഒ കമീഷണര്‍ ജലാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment