Tuesday, January 14, 2014

ഉല്‍പ്പാദനം കുറഞ്ഞിട്ടും റബര്‍ വില ഉയരുന്നില്ല

റബറിന്റെ ഇറക്കുമതിത്തീരുവ ഉയര്‍ത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിച്ചതിനാല്‍ ഉല്‍പ്പാദനം കുറഞ്ഞിട്ടും വില ഉയരുന്നില്ല. മുന്‍ വര്‍ഷത്തേക്കാളും ഉല്‍പ്പദനം കുറഞ്ഞ് ഉപഭോഗം കൂടിയിട്ടും വില കൂടുന്നില്ല. റബര്‍ ഉല്‍പ്പാദനം 2012 നേക്കാള്‍ 5.3 ശതമാനം കുറഞ്ഞു. ഉപഭോഗം മുന്‍ വര്‍ഷത്തേത്തേക്കാള്‍ 3.9 ശതമാനം കൂടി. എന്നിട്ടും വില കൂടാത്തത് കേന്ദ്ര സര്‍ക്കാര്‍ ടയര്‍ വ്യവസായികള്‍ക്ക് കീഴടങ്ങി തീരുമാനം നീട്ടിയതു മൂലമാണ്.

ഉല്‍പ്പാദനം കൂടിയ സമയത്ത് ടയര്‍ വ്യവസായികളുടെ ആവശ്യപ്രകാരം തീരുവ കുറച്ച് ഇറക്കുമതിക്ക് കേന്ദ്രം അവസരമൊരുക്കിയതിന്റെ ആഘാതമാണ് ഇപ്പാള്‍ വിപണിയില്‍. ഇത് ഈ സീസണെ മുഴുവന്‍ ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ രണ്ടര ലക്ഷം ടണ്‍ റബറാണ് വ്യവസായികള്‍ ഇറക്കുമതി ചെയ്തത്. ഇതിനുപുറമെയാണ് അവധി വ്യാപാരികള്‍ വിപണിയില്‍ ഇടപെട്ട് നടത്തുന്ന വില ഇടിക്കല്‍. ഇവര്‍ കുറഞ്ഞവില വാഗ്ദാനം നല്‍കുന്നതിനാല്‍ വ്യവസായികള്‍ വിപണിയില്‍നിന്ന് വാങ്ങാന്‍ മടിക്കുയാണ്. ജനുവരി ആദ്യം മുതല്‍ വില ഇടിഞ്ഞുതുടങ്ങിയതാണ്.

പുതുവര്‍ഷത്തിലെ ആദ്യ ആഴ്ച കിലോയ്ക്ക് 160 രൂപയിലേക്ക് എത്തിയ വില ക്രമേണ ഇടിയുകയായിരുന്നു. 150 രൂപയിലേക്ക് വരെ വില താഴുന്ന സാഹചര്യം എത്തി. എന്നാല്‍ തിങ്കളാഴ്ച 152 രൂപയ്ക്കാണ് വ്യാപാരം നടന്നത്. വിലയിടിവും ഉല്‍പ്പാദനക്കുറവും മൂലം വിപണിയിലേക്ക് റബര്‍ തീരെ എത്താത്തതിനാലാണ് ഈ ഉയര്‍ച്ച. ജനുവരി അവസാനത്തോടെ ഉല്‍പ്പാദനം ഇനിയും ഇടിയും. ആ നിലയ്ക്ക് വില ഉയരേണ്ടതാണ്. ഇത് മുന്‍കൂട്ടി കണ്ട് ടയര്‍ വ്യവസായികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് റബര്‍ ലഭ്യമാക്കാനാണ് തീരുവ ഉയര്‍ത്തല്‍ തീരുമാനം കേന്ദ്രം താമസിപ്പിച്ചത്.

20 രൂപയായിരുന്ന തീരുവ കിലോയ്ക്ക് മുപ്പത് രൂപയാക്കിയതിന്റ ഗുണം ഫലത്തില്‍ സാധാണ കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന് സാരം. അവധി വ്യാപാരികളും ഡീലര്‍മാരുമായി അയ്യായിരം ടണ്ണോളം റബര്‍ സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷനിലും സൂക്ഷിച്ചിട്ടുണ്ട്. റബറിന്റെ ഉല്‍പ്പാദനത്തില്‍ 20 മുതല്‍ നാല്‍പതുശതമാനം വരെ കുറവ് ഉണ്ടായെന്ന് റബര്‍ബോര്‍ഡ് പറയുമ്പോഴും വില ഉയരാത്തിതിന് ഇതും കാരണമാണ്.

ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെ ഉല്‍പ്പാദനം കുറച്ച് മാര്‍ച്ചോടെ റബര്‍ വെട്ടുന്നത് പൂര്‍ണമായും നിലയ്ക്കും. അതോടൊപ്പം ആസിയന്‍ കരാറിന്റെ ഫലമായി ചെറുകിട റബര്‍ വ്യവസായ ഉല്‍പ്പന്നങ്ങളും ജനുവരിയോടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു തുടങ്ങി. ഇത് വ്യാപമാകുന്നതോടെ ചെറുകിട റബര്‍ ഉല്‍പ്പന്ന വ്യവസായങ്ങളും കൂടുതല്‍ പ്രതിസന്ധിയിലാകും.
(എസ് മനോജ്)

deshabhimani

No comments:

Post a Comment