Tuesday, January 14, 2014

ഭിന്നശേഷിയുള്ളവരില്‍ 51 ശതമാനം നിരക്ഷരര്‍

രാജ്യത്ത് ഭിന്നശേഷിയുള്ളവരില്‍ 51 ശതമാനം നിരക്ഷരര്‍. 63 ശതമാനം പേര്‍ക്കും തൊഴിലില്ല. വിദ്യാലയങ്ങളില്‍ പോകുന്ന പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികളുടെ നിരക്കിന്റെ അഞ്ചിലൊന്നു മാത്രമാണ് പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്ന ഭിന്നശേഷിയുള്ളവരുടെ തോത്. രാജ്യത്തെ പത്തുകോടിയോളം വരുന്ന ഭിന്നശേഷിയുള്ളവരുടെ അവകാശസംരക്ഷണത്തിന് ഫലപ്രദമായ നിയമംപോലും നിലവിലില്ല. ഇതുസംബന്ധിച്ച ബില്‍ മന്ത്രിസഭ അംഗീകരിച്ചെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാട്ടുകയാണ്. നാലരവര്‍ഷത്തെ ശ്രമഫലമായി തയ്യാറാക്കിയ ബില്‍ പാര്‍ലമെന്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് സമ്മേളനത്തിലെങ്കിലും പാസാക്കാനായില്ലെങ്കില്‍ സ്വതന്ത്രഇന്ത്യയിലും ഭിന്നശേഷിയുള്ളവര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ നാളുകള്‍ നീളും.

ഔദാര്യ മനോഭാവം മുന്നിട്ടുനില്‍ക്കുന്ന നിലവിലെ നിയമം പ്രയോജനരഹിതമാണ്. 1995ല്‍ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ല. പല സംസ്ഥാനങ്ങളിലും ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിന് നയംപോലുമില്ല. ദേശീയനയം രൂപീകരിച്ചത് 2006ല്‍ മാത്രമാണ്. എന്നാല്‍, 2008ല്‍ രാജ്യം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ ചട്ടത്തില്‍ ഒപ്പിട്ടതോടെ പുതിയ നിയമനിര്‍മാണം അനിവാര്യമായി. തുടര്‍ന്നാണ് 2009ല്‍ സാമൂഹികനീതി- ക്ഷേമ മന്ത്രാലയം ഡോ. സുധ കൗളിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ പുതിയ കരട് നിയമം തയ്യാറാക്കാന്‍ നിയോഗിച്ചത്. കരട്നിയമം 2012 സെപ്തംബറില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

1995ലെ നിയമത്തില്‍ അന്ധത, കാഴ്ചക്കുറവ്, കുഷ്ഠരോഗ വൈകല്യങ്ങള്‍, കേള്‍വിക്കുറവ്, ലോക്കോമോട്ടോര്‍ ഭിന്നശേഷി, മാനസികാരോഗ്യക്കുറവ് എന്നീ അവസ്ഥകളാണ് ഭിന്നശേഷി പരിഗണിക്കാന്‍ വ്യവസ്ഥചെയ്തത്. എന്നാല്‍, പുതിയ കരട് നിയമത്തില്‍ ഇവയ്ക്കു പുറമെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, തലാസീമിയ, പഠനശേഷിക്കുറവ് എന്നിവയടക്കം 18 അവസ്ഥകള്‍ ഭിന്നശേഷിയായി പരിഗണിക്കാന്‍ വ്യവസ്ഥചെയ്യുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക സ്കൂളുകള്‍ സ്ഥാപിക്കുന്നതിനു പകരം പൊതുവായ വിദ്യാലയങ്ങളില്‍ സമഗ്രമായ വിദ്യാഭ്യാസം നേടാന്‍ അവസരം നല്‍കണം. അഞ്ചു ശതമാനം തൊഴിലുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി സംവരണംചെയ്യണമെന്നും സാമൂഹികസുരക്ഷ ഉറപ്പാക്കണമെന്നും കരട് നിയമം വിഭാവനചെയ്യുന്നു. എന്നാല്‍, നിയമപരമായ ശേഷി, പ്രൊമോഷന്‍ തസ്തികകളില്‍ സംവരണം, രാഷ്ട്രീയ പ്രാതിനിധ്യം എന്നീ വിഷയങ്ങളില്‍ മൗനം പാലിക്കുന്നു. ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും ഭിന്നശേഷിയുള്ളവരില്‍ പ്രത്യാശ ഉയര്‍ത്തുന്നതാണ് കരട്നിയമമെന്ന് നാഷണല്‍ പ്ലാറ്റ്ഫോറം ഫോര്‍ ദി റൈറ്റ്സ് ഓഫ് ഡിസേബിള്‍ഡിന്റെ സെക്രട്ടറി മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്ത് ഇത് പാസാക്കണമെന്നാണ് ഭിന്നശേഷിയുള്ളവരുടെ സംഘടനകളുടെ നിലപാട്. ഇതാവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചയും നടത്തുന്നു. അതേസമയം, മന്ത്രിസഭ ഈ നിയമത്തിന് അനുമതി നല്‍കിയശേഷവും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചില്ല.

deshabhimani

No comments:

Post a Comment