Tuesday, January 14, 2014

ഇന്ദിര ആവാസ് യോജന ഫണ്ട് നിലച്ചു; വീടെല്ലാം പാതിവഴിയില്‍

ഇന്ദിര ആവാസ് യോജന പദ്ധതി (എഎവൈ) ഗുണഭോക്താക്കള്‍ ഫണ്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ദുരിതത്തില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളെയും യോജിപ്പിച്ച് നടപ്പാക്കുന്ന ഐഎവൈ പദ്ധതിയില്‍ ആദ്യ രണ്ട് ഗഡുക്കള്‍ വാങ്ങി വീട് നിര്‍മാണം ആരംഭിച്ചവരാണ് ദുരിതത്തിലായത്. ഐഎവൈ പദ്ധതി ആരംഭിച്ച് മൂന്നുവര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാനാകാതെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നെട്ടോട്ടത്തിലാണ്.

ആദ്യ രണ്ട് ഗഡു ലഭിക്കാന്‍ കാലതാമസം നേരിട്ടെങ്കില്‍ വര്‍ഷം പിന്നിട്ടിട്ടും മൂന്നാം ഗഡു ലഭിച്ചിട്ടില്ല. പുതിയ വാര്‍ഷിക പദ്ധതിക്ക് രണ്ടുമാസം മാത്രം ബാക്കിനില്‍ക്കേ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. തദ്ദേശ ഭരണ വകുപ്പ് ഒരു മന്ത്രിയില്‍നിന്ന് മൂന്ന് മന്ത്രിമാര്‍ക്ക് വിഭജിച്ചുനല്‍കിയതാണ് പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയത്. പദ്ധതിയെക്കുറിച്ച് വ്യക്തതയില്ലാതെ മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ നടത്തിപ്പിനെ ബാധിച്ചു. ഓരോ തവണയും പദ്ധതിത്തുക ഇരട്ടിയാക്കിയതായി പ്രഖ്യാപനമുണ്ടായെങ്കിലും തുക വകയിരുത്താന്‍ ഈ വകുപ്പ് തയ്യാറായില്ല.

കേന്ദ്രവിഹിതവും വര്‍ധിപ്പിച്ചില്ല. വിഹിതം മുടങ്ങിയതോടെ പദ്ധതി നടത്തിപ്പിനായി സഹകരണബാങ്കില്‍നിന്ന് കടമെടുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശംനല്‍കിയെങ്കിലും കോടിക്കണക്കിന് രൂപ കടം നല്‍കുന്നത് ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന ബാങ്ക് കണ്‍സോര്‍ഷ്യം പ്രഖ്യാപനം സര്‍ക്കാരിനെ വെട്ടിലാക്കി. മലപ്പുറം ജില്ലയില്‍ 40 കോടി രൂപയാണ് അധിക ബാധ്യത. എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച നിലയില്‍ നടപ്പാക്കിയ ഇഎംഎസ് ഭവനപദ്ധതിയാണ് ഇന്ദിര ആവാസ് യോജന പദ്ധതിയാക്കി യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. നടത്തിപ്പിലെ പാളിച്ചകളും യഥാസമയം ഫണ്ട് കണ്ടെത്താന്‍ കഴിയാത്തതുമാണ് ഗുണഭോക്താക്കളെ നരകയാതനയിലാക്കിയത്.

deshabhimani

No comments:

Post a Comment