Tuesday, January 14, 2014

ആധാറിനെ പിന്തുണച്ച് സത്യവാങ്മൂലം: തല്‍ക്കാലം പിന്മാറി; പഴി ഉദ്യോഗസ്ഥര്‍ക്ക്

ആധാറിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനുള്ള തീരുമാനം ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച രാവിലെ സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കെയാണ് ജനരോഷം ഭയന്ന് സര്‍ക്കാറിന്റെ കള്ളക്കളി. സത്യവാങ്മൂലം തല്‍ക്കാലം സമര്‍പ്പിക്കേണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് നിര്‍ദേശം നല്‍കുകയായിരുന്നു. സത്യവാങ്മൂലം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതാണെന്നും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്തുമാത്രമേ കേരളത്തിന്റെ സത്യവാങ്മൂലം ഫയല്‍ചെയ്യുകയുള്ളൂവെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യാതെയും ഭക്ഷ്യവകുപ്പ് അറിയാതെയും ഐടി വകുപ്പാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് വകുപ്പ് ചുമതലയുള്ള മന്ത്രിയുടെ വിശദീകരണം.

എന്നാല്‍, ഇത്രയും സുപ്രധാനമായ ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ സ്വമേധയാ തീരുമാനം എടുക്കില്ലെന്ന കാര്യം വ്യക്തം. ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മന്ത്രിതലത്തില്‍ അറിഞ്ഞുതന്നെയാണ് ഈ തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍ വഴിയാക്കുമ്പോള്‍ നിരവധി പേര്‍ പുറന്തള്ളപ്പെടും. സബ്സിഡി വാങ്ങുന്നവരുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിന് ആശ്വാസമാകുകയും ചെയ്യും. സംസ്ഥാനം നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ആധാര്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍പോലും ആധാറുമായി ബന്ധിപ്പിക്കും. ഈ സാഹചര്യത്തിലാണ് ആധാറിനെ ചെലവു കുറയ്ക്കാനുള്ള പോംവഴിയായി കണ്ട് സര്‍ക്കാര്‍ തിരക്കിട്ട് സത്യവാങ്മൂലം നല്‍കാന്‍ ശ്രമിച്ചത്. നിയമപരമായ പിന്‍ബലമില്ലാത്ത ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. നവംബര്‍ 26ന് ഇതു പരിഗണിച്ച കോടതി നിലപാടറിയിക്കാന്‍ എല്ലാ സംസ്ഥാനത്തിനും നോട്ടീസ് അയച്ചു. ഇതിന് മറുപടിയായാണ് ആധാറിനെ പൂര്‍ണമായി അനുകൂലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. കേസ് ഈമാസം 28നു വീണ്ടും പരിഗണിക്കും. തയ്യാറാക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സമയം കൂട്ടി ചോദിക്കണമെന്ന നിര്‍ദേശവും അഡ്വക്കറ്റ് ജനറല്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് നല്‍കിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment