Tuesday, January 14, 2014

രാഹുലിനെതിരെ കേസെടുക്കുമോ: പിണറായി

നിയമവിരുദ്ധമായി പൊലീസ് വാഹനത്തിന് മുകളില്‍ കയറി സഞ്ചരിച്ച എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഗതാഗത കമ്മീഷണര്‍ കേസെടുക്കുമോയെന്നും പിണറായി ചോദിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഏറെ കുറെ ഉയര്‍ത്തികാട്ടുന്ന രാഹുല്‍ഗാന്ധിക്ക് പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറാന്‍ ആരാണ് അനുമതി നല്‍കിയത്. കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി കോമാളി വേഷം കെട്ടുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.

പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറിയാണ് രാഹുല്‍ഗാന്ധി യുവകേരളയാത്രയില്‍ പങ്കെടുത്തത്. ഒപ്പം പദയാത്ര നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസടക്കമുള്ളവരും പൊലീസ് വാഹനത്തിന്റെ മുകുളില്‍ കയറി. ഇതോടെ യുവ കേരളയാത്ര വിവാദത്തിലായി. നിയമലംഘനത്തിന് കൂട്ടുനിന്ന പൊലീസിനെതിരെ നടപടി വേണമെന്ന് തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു. പൊലീസ് വാഹനത്തിന് മുകളില്‍ കയറിയത് കടുത്ത നിയമ ലംഘനമാണെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എം ആര്‍ രാജേന്ദ്രന്‍നായര്‍ പറഞ്ഞു.

ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് വാഹനത്തിന് മുകളില്‍ കയറാന്‍ അനുവദിച്ചതില്‍ പൊലീസിനിടയില്‍ തന്നെ അമര്‍ഷമുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ഈ നിയമ ലംഘനം. നിയമലംഘനം നടന്നിട്ടുണെടങ്കില്‍ നിയമപരമായി കാര്യങ്ങള്‍ നീങ്ങട്ടെയെന്നുംരാഹുല്‍ഗാന്ധിക്ക് കൂടുതല്‍ സുരക്ഷ നല്‍കാനാണ് പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറ്റിയതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കോമാളിത്തം: പിണറായി

തിരു: നിയമവിരുദ്ധമായി പൊലീസ് വാഹനത്തിന് മുകളില്‍ കയറി യാത്രചെയ്ത എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ കേരളത്തിലെത്തി പൊലീസ് വാഹനത്തിന് മുകളില്‍ കയറി കോമാളിത്തമാണ് കാട്ടിയത്. ഇത്തരത്തില്‍ കോമാളിത്തം കാട്ടുന്നയാളെയാണോ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. നമ്മുടെ നാട്ടില്‍ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. സിനിമയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്രചെയ്യുന്നവര്‍ക്കെതിരെപോലും നടപടിയെടുക്കുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഇവിടെയുണ്ടല്ലോ. അദ്ദേഹം ഇപ്പോള്‍ എവിടെ പോയെന്നും പിണറായി ചോദിച്ചു. ആഭ്യന്തരമന്ത്രിയുടെ അനുമതിയോടെയും ആശീര്‍വാദത്തോടെയുമാണ് നിയമലംഘനം നടന്നത്. വെളിവില്ലാത്ത രാഷ്ട്രീയനേതാവ് നിയമലംഘനം നടത്തുമ്പോള്‍ അതിന് ഉത്തരവാദപ്പെട്ടവര്‍ കൂട്ടുനില്‍ക്കരുത്. രാഹുലിന് പൊലീസ് ജീപ്പിന് മുകളില്‍ കയറി നില്‍ക്കാന്‍ ആര് അനുവാദം നല്‍കി. പൊലീസ് ജീപ്പിന് മുകളില്‍ കയറിനില്‍ക്കുന്നതാണോ ലാളിത്യം. ഇവിടെ ആഭ്യന്തരമന്ത്രി തെറ്റ് ചെയ്തിരിക്കുന്നു. പൊലീസ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനിന്നു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment