Thursday, January 9, 2014

വേണം മാധ്യമസാക്ഷരത: പിണറായി

ദേശാഭിമാനി

വേണം മാധ്യമസാക്ഷരത: പിണറായി

കോഴിക്കോട്: കാലഘട്ടത്തിനനുസരിച്ച് മാധ്യമങ്ങളെ വായിച്ചെടുക്കാനും വാര്‍ത്തകള്‍ തിരിച്ചറിയാനും മാധ്യമസാക്ഷരത രൂപപ്പെടുത്തേണ്ടതുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിന്ത സുവര്‍ണജൂബിലിയുടെ ഭാഗമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിഷ്പക്ഷമെന്ന് പറയുന്ന മാധ്യമങ്ങളൊന്നും നിഷ്പക്ഷമല്ല. എല്ലാവര്‍ക്കും വര്‍ഗതാല്‍പര്യമുണ്ട്. അത്കൊണ്ടാണ്് മാധ്യമങ്ങള്‍ സിപിഐ എമ്മിനും സംഘടിത പ്രസ്ഥാനങ്ങള്‍ക്കുമെതിരായ നിലപാട് സ്വീകരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ വാര്‍ത്തകള്‍ വായിക്കാന്‍ മാത്രമറിഞ്ഞാല്‍ പോര, വരികള്‍ക്കിടയില്‍ വായിക്കാനും ലക്ഷ്യം തിരിച്ചറിഞ്ഞ് വിമര്‍ശിക്കാനുള്ള മാധ്യമ സാക്ഷരത കൂടി നാം ആര്‍ജിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. വലതുപക്ഷത്തെ സഹായിക്കുന്നതിനായി മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇടതുപക്ഷം എത്ര വലിയ പ്രക്ഷോഭം സംഘടിപ്പിച്ചാലും അത് അവഗണിക്കും. എന്നാല്‍ ചില ഒറ്റയാന്‍ പരിപാടികള്‍ നടന്നാല്‍ ഇതാ ഒരു മഹാമേരു ഉയര്‍ന്നുവന്നിരിക്കുന്നു എന്നാണ് പ്രചരിപ്പിക്കുക. കണ്‍മുന്നില്‍ കണ്ട തെറ്റായ കാര്യങ്ങള്‍ക്കുനേരെയും കണ്ണടയ്ക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാക്കുകളിലല്ല വ്യത്യാസം നയപരമായ കാര്യങ്ങളിലാണെന്ന വസ്തുത ബോധപൂര്‍വം വിസ്മരിച്ച് വാര്‍ത്തകള്‍ മെനയുകയാണ്. 

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും തകര്‍ക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മാധ്യമങ്ങള്‍. പൊതുവിദ്യാഭ്യാസം തകര്‍ന്നാല്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ദുരന്തമായിരിക്കും നമ്മുടെ സമൂഹത്തില്‍ വന്നുചേരുകയെന്നും പിണറായി പറഞ്ഞു. സ്വകാര്യ ശക്തികള്‍ വിദ്യാഭ്യാസത്തെ ലാഭം കൊയ്യാനുള്ള മേഖലയായി മാത്രം കാണുകയാണ്. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ല. അവരവര്‍ക്ക് ചെയ്യാവുന്ന സഹായം നാടിനുചെയ്യുക എന്നുള്ളതായിരുന്നു വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യശക്തികള്‍ സ്വീകരിച്ച നിലപാട്. നാടിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രത്യേക വിഭാഗത്തിന് പ്രത്യേക സ്കൂള്‍ വേണമെന്ന ആവശ്യത്തിന് പിന്നില്‍. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്നവരോടുപോലും അന്യമതസ്ഥരോട് സംസാരിക്കരുതെന്നാണ് മതമേധാവികള്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ യഥാര്‍ത്ഥ്യത്തോടെ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. മാധ്യമങ്ങളുടെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈയിലായതുകൊണ്ട് സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മിക്ക മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തമായി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ വിഷമതകളുണ്ട്. ഇവക്കെതിരെ വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്നു. സംഘടിത പ്രസ്ഥാനം ശക്തിപ്പെടുന്നത്ഇടതുപക്ഷത്തിന് ഗുണംചെയ്യുമെന്ന് മറ്റാരെക്കാളും കോര്‍പറേറ്റ് ശക്തികള്‍ക്കറിയാമെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment