Thursday, January 9, 2014

പുതുപ്പള്ളിയിലെ വെച്ചൂട്ട്

പുതുപ്പള്ളിയിലെ പെരുന്നാള്‍ മേടത്തിലാണ്. വിശുദ്ധ ഗീവര്‍ഗീസിന്റെ നാമധേയത്തിലുള്ള പള്ളിയിലെ പൊന്നിന്‍കുരിശുകാണാനും വെച്ചൂട്ടുസദ്യയുണ്ണാനും പോകുന്നതില്‍ ഒരു തെറ്റുമില്ല. ചോറും അപ്പവും കോഴിയും കഴിച്ച് ഗീവര്‍ഗീസ് പുണ്യാളനെയും സ്മരിച്ച് അട്ടക്കുളങ്ങര ജയിലിലേക്ക് തിരിച്ചുപോകാനാണ് സരിതാ നായര്‍ പുതുപ്പള്ളിയിലേക്ക് ധനുമാസത്തില്‍ പോയതെന്ന് വാര്‍ത്തയെഴുതുന്നതായിരുന്നു ഇതിലും ഭേദം. റബറിനേ വില കുറഞ്ഞിട്ടുള്ളൂ- റബര്‍ പത്രത്തിന്റെ മൂല്യവും ഗമയും ഇടിഞ്ഞിട്ടില്ല. ജയിലില്‍ കഴിയേണ്ട സരിത റോഡിലൂടെ ഫാഷന്‍ പരേഡ് നടത്തുന്നതില്‍ കുഴപ്പമില്ല. പതിമൂന്നുലക്ഷത്തിന്റെ സാരി വാങ്ങിയ സുന്ദരിക്ക് ആ സാരി അണിയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഒച്ചവയ്ക്കാനുള്ളതും തെറി വിളിക്കാനുള്ളതും പട്ടുസാരിയുടുക്കാനുള്ളതും നാല് ലാര്‍ജടിച്ച് മദ്യവിരുദ്ധസമരം നടത്താനുള്ളതും സത്യമേവ ജയതേയെന്ന് നെറ്റിയിലെഴുതിവച്ച് പച്ചക്കള്ളം പറയുന്നതിനുമൊക്കെയുള്ളതാണ് പുതിയ കാലത്തെ സ്വാതന്ത്ര്യം. അതുകൊണ്ടാണ്, എറണാകുളത്തേക്ക് ഉല്ലാസയാത്രപോയ സരിത എളുപ്പത്തില്‍ തിരിച്ച് തലസ്ഥാനത്തെത്താനാണ് പുതുപ്പള്ളി വഴി സഞ്ചരിച്ചതെന്ന് പൊലീസ് പറയുന്നതും, മനോരമ ആ തട്ടുകടവിഭവം ചമ്മന്തി കൂട്ടാതെ വിഴുങ്ങുന്നതും.

""സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാനായരെ എറണാകുളം കോടതിയില്‍ ഹാജരാക്കിയശേഷം പുതുപ്പള്ളി വഴിയാണ് തലസ്ഥാനത്തേക്ക്മടക്കിക്കൊണ്ടുവന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു."" എന്നാണ് ആസ്ഥാനലേഖകന്‍ പേരുവച്ചെഴുതിയ വാര്‍ത്ത- അഥവാ വലിച്ചുനീട്ടുകയും ചുരുക്കിക്കെട്ടുകയും ചെയ്യാവുന്ന റബര്‍ഉല്‍പ്പന്നം. ""ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഹോട്ടല്‍ സമരമായതിനാല്‍ നാടന്‍കടയില്‍നിന്ന് ഭക്ഷണം കഴിക്കാനുമാണ് ആ വഴി തെരഞ്ഞെടുത്തതെന്ന് എസ്കോര്‍ട്ട് പോയ പൊലീസുകാര്‍ മൊഴി നല്‍കി."" എന്ന് റബര്‍ വാര്‍ത്ത തുടരുന്നു. ലേഖകന് എംസി റോഡേത്, ദേശീയപാതയേത് എന്ന് നിശ്ചയമില്ല. ഇന്നുവരെ കൊച്ചി കണ്ടിട്ടില്ലാത്തതുകൊണ്ട് വഴിപാട് ആ വഴിക്കും ആകാം. ""മുന്‍പും സരിതയെ ഈ വഴി കൊണ്ടുവന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു""വത്രെ. ""കൊല്ലം, ആലപ്പുഴ വഴി ദേശീയപാതയിലൂടെയാണ് അങ്ങോട്ടുപോയത്. നാലേകാല്‍ മണിക്കൂര്‍ കൊണ്ട് അവിടെയെത്തിയെന്നാണ് പൊലീസുകാരുടെ മൊഴി. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ കോടതിയില്‍നിന്നിറങ്ങി. ആ സമയം ദേശീയപാതയിലൂടെ തിരികെവന്നാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നു മാത്രമല്ല, ജങ്ഷനില്‍ വാഹനം നിര്‍ത്തേണ്ടിവന്നാല്‍ സരിതയെ കാണുമ്പോള്‍ ആളുകള്‍ കൂടുമെന്നും കരുതിയാണ് തിരികെയുള്ള യാത്ര എംസി റോഡിലൂടെ ആക്കിയത്..... മടക്കയാത്ര വൈറ്റില, തലയോലപ്പറമ്പ്, തിരുവഞ്ചൂര്‍, മണര്‍കാട്, പുതുപ്പള്ളി, ചങ്ങനാശേരി, തിരുവല്ല വഴി എംസി റോഡിലൂടെ തിരുവനന്തപുരത്തേക്ക്."" മനോരമയുടെ ഭാവന അങ്ങനെ എംസി റോഡുവഴി യാത്രചെയ്യുന്നു. അതു വായിച്ച് ആവേശംപൂണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഏറ്റുപാടി- നിയമസഭയില്‍.

ദേശീയപാത വഴി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്യാന്‍ ദൂരം 209 കിലോമീറ്റര്‍. എടുക്കുന്ന സമയം നാല്-നാലര മണിക്കൂര്‍. ആ വഴിയാണ് സരിതയെ എറണാകുളത്തേക്ക് കൊണ്ടുപോയത്. വണ്ടി ഓടുന്നത് മനോരമ പറഞ്ഞ വഴിയെങ്കില്‍ ദൂരം 249 കിലോമീറ്റര്‍. യാത്രാസമയം അഞ്ചേമുക്കാല്‍ മണിക്കൂര്‍. ഏതാണ് എളുപ്പമെന്ന് "വിവരം ചോര്‍ത്തിക്കൊടുത്ത" പൊലീസുകാരനോട് ചോദിക്കാന്‍ ലേഖകന്‍ മറന്നതാകാം. ഹോട്ടലടച്ചിടല്‍ സമരം വന്നാല്‍ എറണാകുളം- തിരുവനന്തപുരം വഴിയില്‍ തട്ടുകടയുള്ളത് പുതുപ്പള്ളിയില്‍ മാത്രം എന്ന സനാതനസത്യം അവഗണിക്കാന്‍ പാടുള്ളതുമല്ല. അവിടെയാണല്ലോ "വെച്ചൂട്ട്". സരിതയെ കൊണ്ടുപോകേണ്ടത് തിരുവഞ്ചൂര്‍, പുതുപ്പള്ളി വഴി തന്നെയാണെന്നതില്‍ മനോരമയെങ്കിലും ശങ്കിക്കാതിരിക്കുന്നതിനെ സത്യസന്ധതയായി കാണണം. കോട്ടയം ഒഴിവാക്കി പുതുപ്പള്ളി വഴിതന്നെ സരിതാവാഹനം കുതിച്ചില്ലെങ്കില്‍ എങ്ങനെ ഉമ്മന്‍ചാണ്ടി സഹിക്കും?

ശബരിമല സീസണ്‍ കാലമാണ്. എംസി റോഡില്‍ നിറയെ തട്ടുകടകളുണ്ട്. ബീഫും പൊറോട്ടയുംവിറ്റ കടകളാകെ ശുദ്ധ വെജിറ്റേറിയനാണിന്ന്. സസ്യഭുക്കായ സരിതയ്ക്ക് ഇഷ്ടഭോജ്യം കൊടുക്കാന്‍ പൊലീസുകാര്‍ക്ക് ബാധ്യതയുണ്ട്. സ്വാമിശരണം വണ്ടികള്‍ തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും കര്‍ണാടകത്തില്‍ നിന്നും വടക്കന്‍ ജില്ലകളില്‍നിന്നും എംസി റോഡിലൂടെ പ്രവഹിക്കുമ്പോള്‍, "ട്രാഫിക് തടസ്സം" ഉണ്ടാകാത്തത് അയ്യപ്പന്റെ കൃപതന്നെ. അഥവാ തടസ്സംവന്നാല്‍, എംസി റോഡില്‍ ആള്‍താമസമില്ലാത്തതുകൊണ്ട് സരിതയെ കണ്ട് ആരും ഓടിക്കൂടില്ല. ആ വഴിയില്‍ "ജങ്ഷനും" ഇല്ലല്ലോ. പുതുപ്പള്ളിക്കാര്‍ക്ക് ചിരപരിചിതയായതുകൊണ്ട് കാണാന്‍ ഓടിക്കൂടുന്ന പ്രശ്നവുമില്ല. പ്രശ്നക്കാരാകെ ദേശീയപാതയിലാണ് എന്ന മനോരമയുടെ സൂചന ചെന്നിത്തലയ്ക്ക് മനസ്സിലായോ എന്തോ?

സരിതയ്ക്കിപ്പോള്‍ രണ്ടു സാരിയേ ഉള്ളൂ എന്നും പറയുന്നുണ്ട് ലേഖകന്‍. അത് പുതിയ ജയില്‍ ഏമാന്റെ ഉത്തരവു പ്രകാരമത്രെ. ഇന്ന് രണ്ട്, നാളെ രണ്ട്, എന്നും രണ്ട് എന്ന കണക്ക് ന്യായം. ഒരുമാസം അറുപതായാല്‍ ദിവസം രണ്ട് എന്ന കണക്ക് കിറുകൃത്യം. സരിത പുതുപ്പള്ളിയില്‍ ചെന്ന് ഞണ്ട്, കൊഞ്ച്, താറാവ് തുടങ്ങിയ സസ്യഭക്ഷണം തട്ടുകടയിലിരുന്ന് കഴിച്ചതിന്റെ മഹത്വമെങ്കിലും ചര്‍ച്ചയ്ക്കുവയ്ക്കാന്‍ മടിച്ച ചാനലുകള്‍ക്ക് പാഠമാണ് മനോരമ പത്രവും അതിന്റെ ആസ്ഥാന വാര്‍ത്തയും. സത്യസന്ധമായ പത്രപ്രവര്‍ത്തനവും വാര്‍ത്തയുടെ നിര്‍മാണശൈലിയും പഠിക്കാന്‍ ചില്ലിട്ടുവയ്ക്കണം, ""സരിതയുടെ യാത്ര പുതുപ്പള്ളി വഴി, ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു" എന്ന വാര്‍ത്ത വായിച്ചാല്‍ "സ്വാമിയേ ശരണമയ്യപ്പാ" എന്നുതന്നെ വിളിക്കണമെന്നില്ല. പുതുപ്പള്ളി പുണ്യാളന് സ്തോത്രവും ചൊല്ലാം.

കോഴിക്കോട്ട് കിണറ്റില്‍ വീണ പുലിയെ പുറത്തെടുക്കാന്‍ മയക്കുവെടി വേണ്ടിവന്നു. ഇതിനെയാണ് ധൂര്‍ത്ത് എന്നു വിളിക്കുന്നത്. ജനുവരി എട്ടിന്റെ മനോരമ പത്രം കിണറ്റിലേക്കെറിഞ്ഞാല്‍ കാര്യം നടക്കുമായിരുന്നു. കോപ്പി കിട്ടിയില്ലെങ്കില്‍ തലക്കെട്ടും ലേഖകന്റെ പേരും മൂന്നാവൃത്തി വായിച്ചാലും മതിയായിരുന്നു-വെടിയേക്കാള്‍ വേഗത്തില്‍ പുലി മയങ്ങിയേനെ.

ഫേസ്ബുക്കില്‍ കണ്ടത്: 

എറണാകുളത്തുനിന്നും തിരുവഞ്ചൂര്‍, പുതുപ്പള്ളി, ചങ്ങനാശേരി വഴി തിരുവനന്തപുരം വരെ പോകുന്ന സോളാര്‍-പകല്‍ മാന്യതിലക് സരിതാ എക്സ്പ്രസ് പുതുപ്പള്ളി ജങ്ഷനില്‍ നില്‍ക്കുന്നു!!.

മമ്മാലി ദേശാഭിമാനി

No comments:

Post a Comment