Thursday, January 9, 2014

സ്വര്‍ണം തുരുമ്പിച്ചാല്‍...

വിലക്കയറ്റത്തിന്റെ കാഠിന്യം സഭയിലും അനുഭവേദ്യമാക്കിയ ദിനം. സരിതയുടെ പുതുപ്പള്ളി വഴിയുള്ള ദുരൂഹത നിറഞ്ഞ യാത്രയും യുഡിഎഫ് നേതാക്കള്‍ പരസ്പരം നടത്തിയ പോര്‍വിളികളുടെ സാക്ഷ്യപത്രവും ഇഴചേര്‍ന്നാണ് നന്ദിപ്രമേയ ചര്‍ച്ച മുന്നേറിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള വാദപ്രതിവാദത്തോടെയാണ് മൂന്നുദിനം നീണ്ട നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് വിരാമമായത്. ദേശീയ രാഷ്ട്രീയത്തിലേക്ക് അളന്നു മുറിച്ച് കടക്കാനും മറന്നില്ല. പി സി ജോര്‍ജ്, ആര്യാടന്‍, തിരുവഞ്ചൂര്‍, കെ മുരളീധരന്‍, ചെന്നിത്തല, ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ അണിനിരന്ന പോര്‍വിളികളുടെ അഞ്ഞൂറ് പത്രകട്ടിങ്ങുമായാണ് എ കെ ബാലന്‍ ഹാജരായത്. സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശങ്ങളുടെ നീണ്ട പട്ടികയും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആകെ മൊത്തം കണ്ണോടിച്ചാല്‍ ഒരു മസാലപ്പടം തിയറ്ററില്‍ പോയി കാണുന്ന പ്രതീതിയാണ് സര്‍ക്കാര്‍ ഉളവാക്കുന്നതെന്നാണ് ബാലന്റെ നിരീക്ഷണം.

ആര്യാടനും തിരുവഞ്ചൂരും പി സി ജോര്‍ജുമൊക്കെ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളുടെ തലവാചകം എ കെ ബാലന്‍ ഒന്നൊന്നായി വായിച്ചത് സഭയില്‍ കൂട്ടച്ചിരിക്ക് വകയായി. പ്രതിപക്ഷ സമരങ്ങളെ പരാജയമെന്ന് പരിഹസിക്കുന്നവര്‍ "ആളിക്കത്തുന്ന തീയേക്കാള്‍ ശക്തമാണ് അമര്‍ന്നു കത്തുന്ന തീ" എന്ന ഇ പത്മനാഭന്റെ വാക്കുകള്‍ ഓര്‍ത്താല്‍ നന്നെന്ന് ബാലന്‍ ഓര്‍മിപ്പിച്ചു. യുഡിഎഫിന്റെ ചിറകരിയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്കൂള്‍ ലീഡര്‍ ആകാന്‍ പോലും യോഗ്യതയില്ലാത്ത രാഹുലിനെ ഉയര്‍ത്തിക്കാട്ടി മോഡിക്ക് പത്ത് സീറ്റ് കൂട്ടിക്കൊടുക്കരുതെന്ന് കോണ്‍ഗ്രസിനെ ഉപദേശിക്കാനും ബാലന്‍ മറന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പിന്താങ്ങിയ വി ടി ബല്‍റാമിനെ റോഷി അഗസ്റ്റിനാണ് നേരിട്ടത്.

മലയോര കര്‍ഷകരുടെ ശാപം ഏല്‍ക്കേണ്ടിവന്നാല്‍ ഒരു ജനപ്രതിനിധിയും സര്‍ക്കാരും ഗുണം പിടിക്കില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്റെ ശാപവചനം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അന്തഃസത്ത ചോര്‍ന്നുപോകാതെ നടപ്പാക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ ബല്‍റാമിന്റെ ആവശ്യം. ഇത്തരം പരിസ്ഥിതിവാദം ഇനി ആവര്‍ത്തിച്ചാല്‍ കണ്ടും സഹിച്ചും നിയമസഭയില്‍ ഇരിക്കില്ലെന്ന പ്രതിജ്ഞയും റോഷി അഗസ്റ്റിന്‍ നടത്തി. പ്രതിപക്ഷ സമരം ഉയര്‍ത്തിവിട്ട വികാരം അടുത്ത തെരഞ്ഞെടുപ്പില്‍ കാണാമെന്നായിരുന്നു പി ടി എ റഹിമിന്റെ വെല്ലുവിളി. പരാജയമായിരുന്ന ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷികം എന്തിന് കോണ്‍ഗ്രസ് ആചരിക്കുന്നൂവെന്നും അദ്ദേഹം ചോദിച്ചു. വികസന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മാത്യു ടി തോമസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ നീറോ ചക്രവര്‍ത്തിയോട് ഉപമിച്ച വി എസ് സുനില്‍കുമാര്‍, "ഉമ്മന്‍ചാണ്ടി മഹാരാജാവ്" എന്ന വിശേഷണവും ചാര്‍ത്തിക്കൊടുത്തു. മന്ത്രിമാര്‍ ഓരോ ജാതിയുടെ പേരിലാണ് അറിയപ്പെടുന്നതെന്ന് സുനില്‍കുമാര്‍ പറഞ്ഞത് വര്‍ക്കല കഹാറിന് രസിച്ചില്ല. രേഖയില്‍നിന്ന് "ജാതി" നീക്കണമെന്നായി കഹാര്‍. അങ്ങനെയാണെങ്കില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാന്‍ തയ്യാറുണ്ടോയെന്നായി ജി സുധാകരന്‍. യുഡിഎഫിന് രാഷ്ട്രീയമുണ്ടായിരുന്നെങ്കില്‍ പി സി ജോര്‍ജ് അപ്പുറത്ത് ഇരിക്കുമായിരുന്നില്ലെന്നും സുനില്‍കുമാര്‍. യുഡിഎഫുകാരുടെ ശരീരത്തില്‍ എവിടെയൊക്കെ മോഡിയുടെ പടം വച്ചിട്ടുണ്ടെന്ന് തിട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് കെ മുരളീധരന്‍ ഊന്നിയത്. ഇടതുപക്ഷം തൊട്ടുകൂടാത്തവരല്ലെന്നും സോദാഹരണം അദ്ദേഹം വിശദമാക്കി. സരിതയെന്ന തട്ടിപ്പുകാരിക്കു വേണ്ടി ഉമ്മന്‍ചാണ്ടി കങ്കാണിപ്പണി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ജനസമ്പര്‍ക്കത്തിന്റെ പേരില്‍ വില്ലേജ് ഓഫീസറും തഹസില്‍ദാരും ചെയ്യേണ്ട ജോലിയാണോ മുഖ്യമന്ത്രിയുടേതെന്ന് വി എസ് ആരാഞ്ഞു. പിന്നെ എന്തിനാണ് സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ മുറി, ഒന്നാം നമ്പര്‍ കാര്‍.... വി എസിന്റെ ചോദ്യനിര നീണ്ടു. വിലക്കയറ്റത്തിനു മുന്നില്‍ കുന്തംവിഴുങ്ങിയവനെപ്പോലെ മുഖ്യമന്ത്രി അന്തംവിട്ടിരിക്കുകയാണ്.

സ്വര്‍ണം തുരുമ്പിച്ചാല്‍ പിന്നെ ഇരുമ്പിന്റെ കാര്യം പറയാനുണ്ടോയെന്നും വി എസ് ചോദിച്ചു. സോളാര്‍ കേസിന്റെ അന്വേഷണ വിഷയങ്ങളുടെ ക്യാന്‍വാസ് വലുതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തില്‍ അക്കമിട്ട് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറുണ്ടോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല. നിയമസഭാ പരിസരത്ത് ഷാമിയാന കെട്ടിയുള്ള എംഎല്‍എമാരുടെ സമരം വിലക്കി വിജ്ഞാപനം പുറത്തിറക്കിയതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സഭയെ അറിയിച്ചു.

കെ ശ്രീകണ്ഠന്‍ deshabhimani

No comments:

Post a Comment