Saturday, January 18, 2014

സാന്ത്വനമേകാന്‍ സ്നേഹദൂതുമായ്...

കല്‍പ്പറ്റ: മനസ്സും ശരീരവും തളര്‍ന്നും വ്രണം ജീവിതത്തെ കാര്‍ന്നുതിന്നുന്നവര്‍ക്കും താങ്ങും സാന്ത്വനത്തിന്റെ തണലുമാവുകയാണ് ജീവിച്ചിരിക്കുന്ന മാലാഖമാരും ദേവദൂതരും. ഇവരെ നമുക്ക് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നുവിളിക്കാം. മുറിവുകളില്‍ വ്രണം വന്ന് പൊട്ടിയൊലിക്കുന്നവര്‍, തളര്‍ന്ന് കിടക്കയില്‍നിന്ന് ഒന്നെഴുന്നേല്‍ക്കാന്‍പോലും കഴിയാത്തവര്‍, മാറാരോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇവര്‍ക്കൊരു കൈതാങ്ങാവുകയാണ് പാലിയേറ്റ് പ്രവര്‍ത്തകര്‍. ജന്മംകൊണ്ട് തലശേരി സ്വദേശിയെങ്കിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ആറുവര്‍ഷമായി വയനാട്ടില്‍ സ്നേഹസാന്ത്വനമായി ഓടിനടക്കുകയാണ് സ്മിതയെന്ന പാലിയേറ്റീവ്കെയര്‍ കോ- ഓര്‍ഡിനേറ്റര്‍. സര്‍ക്കാര്‍ തലത്തില്‍ പാലിയേറ്റീവ്കെയര്‍ പ്രവര്‍ത്തനം തുടങ്ങിയതാകട്ടെ 2008-ല്‍. അന്നുമുതല്‍ പാലിയേറ്റീവ് പ്രവര്‍ത്തനമാണ് തന്റെ ജീവിതം എന്നറിഞ്ഞ് മുന്നോട്ടുപോവുകയാണ് സ്മിത. എല്ലാമുണ്ടെന്ന് അഹങ്കരിക്കുന്നവര്‍ ഒരുദിവസം പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ ഒന്നുമല്ല എന്ന് മനസിലാകുമെന്ന് എട്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തില്‍നിന്ന് സ്മിത പറയുന്നു. ക്യാന്‍സര്‍ ബാധിതനായ ഒരരാളുടെ ദേഹത്തുനിന്ന് 150 ഓളം പുഴുക്കളെ എടുത്തുമാറ്റിയതും പക്ഷാഘാതം വന്ന് തളര്‍ന്നുകിടന്ന് രണ്ടുവര്‍ഷമായി കുളിക്കാത്തയാളെ കുളിപ്പിച്ച് വൃത്തിയാക്കിയതും മറക്കാന്‍പറ്റാത്ത അനുഭവമായി സ്മിതയിലുണ്ട്. വീട്ടില്‍ ബന്ധുക്കള്‍ ഉണ്ടായിട്ടും അവഗണിക്കപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി ജില്ലയിലെങ്ങും സ്മിതയുണ്ട്. ആറ് വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് രോഗികളെയാണ് അവര്‍ പരിചരിച്ചത്.

ആദിവാസികള്‍ക്കിടയില്‍ രണ്ടാംഘട്ടമാണ് പാലിയേറ്റീവ് വളണ്ടിയര്‍ എത്തുന്നതെന്ന് വളണ്ടിയര്‍മാര്‍ തന്നെ പറയുന്നു. ചില ട്രൈബല്‍ പ്രമോട്ടര്‍മാരുടെ അലംഭാവമാണിതിന് കാരണം. പ്രമോട്ടര്‍മാര്‍ യഥാസമയം രോഗികളുടെ അടുത്തെത്താത്തതും അവര്‍ പാലിയേറ്റീവ് വളണ്ടിയറോട് കാര്യങ്ങള്‍ പറയാത്തതും ആദിവാസികളുടെ രോഗാവസ്ഥയെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. പ്രാഥമികം, രണ്ടാംഘട്ടം എന്നിങ്ങനെ തിരിച്ചാണ് പാലിയേറ്റീവ് പ്രവര്‍ത്തനം. പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ് രണ്ടാംഘട്ടം. പാലിയേറ്റീവ് കോ-ഓഡിനേറ്റര്‍, കമ്യൂണിറ്റി നഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ഹോംകെയര്‍ ടീമിലുള്ളത്. രോഗിയുടെ വീട്ടില്‍ പാലിയേറ്റീവ് വളണ്ടിയേഴ്സ് ആഴ്ചയില്‍ രണ്ടുംമൂന്നും പ്രാവശ്യം പോകാറുണ്ട്. രോഗിയുടെ രോഗാവസ്ഥയ്ക്കനുസരിച്ചായിരിക്കും അവരുടെ സന്ദര്‍ശനം. ചിലപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണ, രണ്ടാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ എന്നിങ്ങനെ. മിക്കവരുടെയും കുടുംബത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഒരുനേരത്തെ ഭക്ഷണംപോലും കഴിക്കാന്‍ വകയില്ലാത്ത "എപിഎല്‍" കുടുംബത്തില്‍പ്പെട്ടവരും കുടുംബങ്ങളിലുണ്ടെന്ന് സ്മിത പറയുന്നു. ചികിത്സാചെലവും മറ്റുമാണ് അവരെ ദരിദ്രരാക്കിയത്. ദുരിതങ്ങളും വേദനകളുംകണ്ട് മനസ്സ് മരവിച്ചിരിക്കുകയാണ് പാലിയേറ്റീവ് വളണ്ടിയറുടേതെന്ന് സ്മിത. തലശേരി സ്വദേശിയായ ഇവര്‍ മുട്ടിലിലാണ് താമസം. ഭര്‍ത്താവും രണ്ട് മക്കളുമുള്ള സ്മിത മക്കളെപോലെ പരിചരിക്കുകയാണ് അവശതയനുഭവിക്കുന്നവരെ. കൂട്ടായ്മയുടെ വിജയമാണിതെന്ന് സ്മിത പറയുന്നു.
(യു ബി സംഗീത)

സോഷ്യല്‍ മീഡിയവഴി മീര സ്വരൂപിച്ചത് 10 ലക്ഷം

മുംബൈ: ചാറ്റിംഗിനും, തമാശപറച്ചിലിനുമായി ഫെയിസ് ബുക്കിനെ ഉപയോഗിക്കുന്നവര്‍ക്ക് മുംബൈ ആദിത്യ ബിര്‍ല സ്കൂളിലെ വിദ്യാര്‍ത്ഥിനി മീര മേത്ത മാതൃകയാകുന്നു. മുംബൈയിലെ പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാജേന്ദ്ര ലവ് ആന്റ് കെയര്‍ എന്ന ധര്‍മ്മ സ്ഥാപനത്തിനായി ഈ പതിനഞ്ചുകാരി ഫേസ്ബുക്കുവഴി സമ്പാദിച്ചത് 10 ലക്ഷം രൂപയാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികളെയും, കുട്ടികളെയും സഹായിക്കുന്ന സംഘടന നടത്തുന്ന മാരത്തണിന് ഉദാരമായി സംഭാവന ചെയ്യുക എന്ന പോസ്റ്റില്‍ തന്നെ ഓണ്‍ ലൈന്‍ പേമെന്റ് ഓപ്ഷന്‍ നല്‍കിയായിരുന്നു മീര ക്യാപയിന്‍ ആരംഭിച്ചത്. പഠനത്തിന്റെ ഭാഗമായി 2012ല്‍ കാലിഫോര്‍ണിയായില്‍ ഹ്രസ്വകാല പരിശീലനത്തിന് പോയപ്പോള്‍ ലഭിച്ച എല്ലാ കൂട്ടുകാര്‍ക്കും പോസ്റ്റ് ഷെയര്‍ ചെയ്ത് നല്‍കി. അതിനാല്‍ യുഎസ്, ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിന്നും പണം എത്തി. പിറന്നാള്‍ സമ്മാനങ്ങള്‍ക്ക് പകരം ഈ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും മീര നിര്‍ദ്ദേശിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരിക്കുന്ന ഫോട്ടോകളും ഇടയ്ക്കിടെ അപ്ലോഡ് ചെയ്തു.

2012 മുതല്‍ മീര മാരത്തണിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ നടക്കുന്ന മാരത്തണില്‍ 750 പേര്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു. ഫെബ്രുവരി പകുതിവരെ സംഭാവനകള്‍ സ്വീകരിക്കാനാണ് മീരയുടെ തീരുമാനം

deshabhimani

No comments:

Post a Comment