Saturday, January 18, 2014

ബോണക്കാട്ട് തൊഴിലാളികള്‍ കൊടുംപട്ടിണിയില്‍

ബോണക്കാട്: തോട്ടങ്ങളുടെയും ജീവിതത്തിന്റെയും പ്രസരിപ്പ് മാഞ്ഞ ബോണക്കാട്ടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍. കൂലിയും ചെലവുകാശും മൂന്നുമാസമായി കിട്ടുന്നില്ല. ലേബര്‍ ഓഫീസര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചകളില്‍ ഉടമ പങ്കെടുക്കാത്തതിനാല്‍ പരിഹാരവും അകലെ. സര്‍ക്കാര്‍ നല്‍കിവന്ന സൗജന്യ റേഷനും നിലച്ചു. കുടുംബങ്ങള്‍ പലതും ഇന്നും എപിഎല്‍ പട്ടികയിലായതിനാല്‍ കുറഞ്ഞ ചെലവില്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനും കഴിയുന്നില്ല. അരിയും ഗോതമ്പും കിട്ടാതായതോടെ പല വീടുകളിലും തീ പുകയാത്ത അവസ്ഥ. പുറംജോലിക്ക് പോകുന്ന അംഗങ്ങളുള്ള വീടുകള്‍ക്ക് മാത്രമാണ് പട്ടിണയില്‍നിന്ന് അല്‍പ്പമെങ്കിലും ആശ്വാസം. മഹാവീര്‍ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ബോണക്കാട്ട് തോട്ടം ഉടമകള്‍ തിരിഞ്ഞുനോക്കിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞദിവസം നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ മനേജ്മെന്റിനെ പ്രതിനിധീകരിച്ച് സൂപ്രണ്ട് പങ്കെടുത്തു. എന്നാല്‍, തീരുമാനമെടുക്കാനുള്ള അധികാരം അദ്ദേഹത്തിന് ഇല്ലാത്തതിനാല്‍ യോഗം പ്രഹസനമായി.

ആഴ്ചതോറും ചെലവുകാശും മാസാവസാനം അവശേഷിക്കുന്ന തുക ശമ്പളമായും കിട്ടിയിരുന്ന തൊഴിലാളിക്ക് അവകൂടി മുടങ്ങിയതോടെ ജീവിതം ചോദ്യചിഹ്നമായി. വരുമാനമില്ലാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്നു. മക്കളെ അനാഥാലയങ്ങളില്‍ അയച്ച് പഠിപ്പിക്കുന്ന കുടുംബങ്ങള്‍ നിരവധി. ഏഴെട്ട് കൊല്ലമായി കമ്പനിയുടെ തേയില ഫാക്ടറി അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളില്‍നിന്ന് പിടിക്കുന്ന തുകപോലും ബാങ്കില്‍ അടച്ചില്ല. പ്ലാന്റേഷന്‍ നികുതിയും റവന്യൂ നികുതിയും കുടിശ്ശികയാക്കിയതിനെ തുടര്‍ന്ന് ഓഫീസും പൂട്ടാന്‍ നിര്‍ബന്ധിതരായി. ഫാക്ടറിയുടെയും ഓഫീസിന്റെയും താക്കോല്‍ ഇന്ന് അധികൃതരുടെ കൈവശമാണ്. തൊഴിലാളികളുടെ രേഖകള്‍ ഓഫീസിനുള്ളില്‍ നശിക്കുന്നു.

ബോണക്കാടിന്റെ പ്രൗഢകാലം തൊഴിലാളിയായ മാഹിന്‍ അനുസ്മരിക്കുന്നു. ബോണക്കാട്ട് അന്ന് സമൃദ്ധി ദൃശ്യമായിരുന്നു. പുലര്‍ച്ചെതന്നെ കുരിശടി ജങ്ഷന്‍ സജീവമാകും. തങ്കയ്യന്‍നാടാരുടെയും രാജയ്യന്‍നാടാരുടെയും പള്ളിയാടിയുടെയും ചായക്കടയില്‍ പുലര്‍ച്ചെതന്നെ ആവി പറക്കുന്ന പലഹാരങ്ങള്‍ നിരക്കും. കൊളുന്തെടുപ്പ് കഴിഞ്ഞ് തൊഴിലാളികള്‍ ഇറങ്ങിയാല്‍ മണിക്കൂറുകളോളം കടകളില്‍ തിരക്കുതന്നെയായിരുന്നു.. ചന്ത ദിവസമായ ബുധനാഴ്ചകളില്‍ നെടുമങ്ങാട്, വിതുര, പറണ്ടോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം വ്യാപാരികള്‍ കുരിശടി നടയിലേക്ക് എത്തുമായിരുന്നു. പച്ചക്കറിയും മത്സ്യങ്ങളും അരിയും കരിപ്പെട്ടിയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയും. തൊഴിലാളികള്‍ക്ക് വരുമാനം നിലച്ചതോടെ ഇന്ന് ഈ പ്രദേശമാകെ മൂകമാണ്. സ്റ്റേഷനറി കടകളും ഹോട്ടലുകളും പലവ്യഞ്ജനക്കടകളും തയ്യല്‍ക്കടകളും ബാര്‍ബര്‍ഷോപ്പും ഇന്ന് ഇവിടെയില്ല. ഡോക്ടറും നേഴ്സുമാരും ഒപി വിഭാഗവും കിടത്തി ചികിത്സയും ഉണ്ടായിരുന്ന കമ്പനി ആശുപത്രിയുടെ പ്രവര്‍ത്തനവും നിലച്ചു. സര്‍ക്കാരിലേക്കുള്ള നികുതികളും വൈദ്യുതി ചാര്‍ജുമെല്ലാം ഇന്ന് കുടിശ്ശികയാണ്. മൂവായിരത്തോളം തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്ത് സ്ഥിരം തൊഴിലാളികളുടെ എണ്ണം ഇന്ന് 200ല്‍ താഴെ മാത്രം. ആകെയുള്ള 1350 ഏക്കറില്‍ 950 ഏക്കറും തേയിലയാണ്. 110 ഏക്കറില്‍ റബര്‍മരങ്ങളും ബാക്കി സ്ഥലത്ത് ഏലവുമാണ് കൃഷി. മാറിമാറി വന്ന ഉടമകള്‍ക്കെല്ലാം റബറില്‍ നിന്നുള്ള ആദായത്തില്‍ മാത്രമായിരുന്നു കണ്ണ്. തോട്ടം അതോടെ അനാഥമായി. കളപറിക്കാനോ വളമിടാനോ മെനക്കെടാത്തതിനാല്‍ തോട്ടത്തിന്റെ വലിയൊരു ഭാഗം കാടായി മാറി. ശേഷിക്കുന്ന ഭാഗത്തെ തേയിലയില്‍നിന്ന് കിട്ടുന്ന ആദായം പോലും തൊഴിലാളികളില്‍ എത്തുന്നില്ല.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment