Monday, January 20, 2014

അപേക്ഷ തള്ളിയ സ്വകാര്യസ്കൂളുകളുടെ അംഗീകാരത്തിന് മന്ത്രിയുടെ ഓഫീസ് ഇടപെട്ടു

ഒരു കാരണവശാലും പ്രവര്‍ത്തനയോഗ്യമല്ലെന്ന് വിദ്യാഭ്യാസവകുപ്പിന് നേരിട്ട് ബോധ്യപ്പെട്ട് അംഗീകാര അപേക്ഷ തള്ളിയ 1000 സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അതത് ഇടങ്ങളിലെ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഡെപ്യൂട്ടി ഡയറക്ടര്‍മാരും തള്ളിയ അപേക്ഷകളാണ് വീണ്ടും വാങ്ങി അംഗീകാരം നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഓഫീസ് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടത്.

മന്ത്രി ഓഫീസിലെ സമ്മര്‍ദത്തെ തുടര്‍ന്ന് ഡിപിഐ ഇതുസംബന്ധിച്ച് ഉപജില്ല, ജില്ല, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കുമായി സര്‍ക്കുലര്‍ ഇറക്കി. (നമ്പര്‍: എന്‍എസ്(1)/47310/13/ഡിപിഐ). ദേശീയ വിദ്യാഭ്യാസ അവകാശനിയമപ്രകാരം സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ അംഗീകാരമില്ലാതെ 2014ലെ പുതിയ അധ്യയനവര്‍ഷം മുതല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള മാര്‍ഗനിര്‍ദേശവും വിജ്ഞാപനവും പുറപ്പെടുവിച്ചു.

1600 അപേക്ഷകള്‍ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലുമായി ലഭിച്ചു. അപേക്ഷിച്ച സ്കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍മുഴുവന്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ എഇഒ, ഡിഇഒ മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സ്കൂളുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. സ്കൂള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഭൂരിപക്ഷം സ്കൂളുകളിലും സ്ഥിതി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമാണെന്ന് കണ്ടെത്തിയത്. പല സ്വകാര്യ സ്കൂളുകളിലും കുട്ടികളുടെ സുരക്ഷപോലും ഉറപ്പാക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. പലയിടത്തും അങ്കണവാടികളിലുള്ള അടിസ്ഥാനസൗകര്യംപോലും ഇല്ല. ചിലയിടങ്ങളില്‍ എസ്എസ്എല്‍സി തോറ്റവര്‍പോലും പഠിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നത അധികാരികള്‍ക്ക് കൈമാറിയശേഷം ഇത്തരം സ്കൂളുകളുടെ അപേക്ഷ തള്ളി.

മാര്‍ഗനിര്‍ദേശങ്ങള്‍ പേരിനെങ്കിലും പാലിക്കുന്ന 550 സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനാണ് ശുപാര്‍ശ ലഭിച്ചത്. ബിനാമികളെവച്ച് ചാരിറ്റബിള്‍ ട്രസ്റ്റുകളുണ്ടാക്കി വിദ്യാഭ്യാസ മേഖലയില്‍ വ്യാപകമായി അണ്‍എയ്ഡഡ് സ്കൂളുകള്‍ ആരംഭിച്ച് കച്ചവടം ആരംഭിച്ച പല ഭരണകക്ഷി നേതാക്കളുടെയും സ്കൂളുകളുടെ അപേക്ഷയും നിരസിക്കപ്പെട്ടു. ഇതോടെയാണ് അട്ടിമറിനീക്കം തുടങ്ങിയത്. പുതിയ അധ്യയനവര്‍ഷത്തിലെ പ്രവേശന നടപടികള്‍ക്കുമുമ്പ് അംഗീകാരം ലഭിച്ചാല്‍ അത് പ്രചാരണത്തിനും ഫീസ് വര്‍ധനയ്ക്കും ഉപയോഗിക്കാന്‍ സ്കൂളുകള്‍ക്ക് കഴിയും. എത്രയുംവേഗം അംഗീകാരം തരപ്പെടുത്താന്‍ പ്രത്യേകസംഘംതന്നെ തലസ്ഥാനത്ത് സംഘടിച്ചിരിക്കയാണ്. സര്‍ക്കാരിനെ സ്വാധീനിക്കാനായി സ്കൂള്‍ ഒന്നിന് 5 ലക്ഷം വീതം പണപ്പിരിവ് നടത്തിയതായും വിവരമുണ്ട്.

വന്‍തുകയുടെ ഇടപാടിനുള്ള അവസരം ലഭിച്ചതോടെയാണ് മന്ത്രി ഓഫീസ് നിരസിച്ച അപേക്ഷകള്‍ തിരിച്ചുവാങ്ങി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. നിരസിച്ച അപേക്ഷകള്‍ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഡിഇഒ ഓഫീസിലും അവിടെനിന്ന് അപാകം "പരിഹരിച്ച്" അംഗീകാരത്തിനായുള്ള ശുപാര്‍ശ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും എത്തിക്കണമെന്നാണ് സര്‍ക്കുലര്‍.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment