Thursday, January 9, 2014

എടിഎം തൊട്ടാല്‍ കാശ് പോകും; വന്‍ കൊള്ള

സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളും ബാങ്ക്വഴിയാക്കുമ്പോള്‍ എടിഎം ഉപയോഗത്തിന് തുക ഈടാക്കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ കൊള്ള. അതത് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന്റെ തവണ അഞ്ചാക്കി പരിമിതപ്പെടുത്താനും കൂടുതലുള്ള ഉപയോഗത്തിന് തുക ഈടാക്കാനും അനുവദിക്കണമെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം സമര്‍പ്പിച്ചു. ഇതുവഴി വന്‍ലാഭം കൊയ്യുകയാണ് ലക്ഷ്യമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതരബാങ്ക് എടിഎമ്മുകളുടെ സേവനത്തിന് ഓരോ തവണയും തുക ഈടാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കുകയാണ്. കൂടുതല്‍ ബാങ്കിടപാടുകാര്‍ ഉണ്ടാകുമ്പോള്‍ സേവനങ്ങള്‍ ഉദാരമാക്കുന്നതിനുപകരം കൊള്ളയടിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വൈറ്റ്ബാങ്ക് എടിഎം പോലുള്ള സ്വകാര്യ എടിഎമ്മുകള്‍ രാജ്യത്ത് വ്യാപകമാക്കുകയും സേവനരംഗത്തുനിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്യുന്നതിന്റെ ആദ്യപടിയാണ് ഇത്തരം നിര്‍ദേശമെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറഞ്ഞു. പരിധി കഴിഞ്ഞുള്ള സ്വന്തം ബാങ്ക് എടിഎം ഉപയോഗത്തിന് 15 മുതല്‍ 18 രൂപവരെ ഈടാക്കാനാണ് നീക്കം. ഇതര ബാങ്ക് എടിഎമ്മുകളുടേത് 20 രൂപവീതമാക്കാനാണ് നിര്‍ദേശം.

2013 ഒക്ടോബര്‍വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1,33,313 എടിഎമ്മുകളുണ്ട്. ഇതില്‍ ബാങ്കുകളോടു ചേര്‍ന്നുള്ള എടിഎമ്മുകള്‍ അഥവാ ഓണ്‍സൈറ്റ് എടിഎമ്മുകള്‍ 66,912 ആണ്. 50,167 എടിഎമ്മുകള്‍ പൊതുമേഖലാ ബാങ്കുകളുടേതാണ്. ഓഫ്സൈറ്റ് എടിഎം അഥവാ ബാങ്കുകളില്‍നിന്ന് അകലെയുള്ള എടിഎമ്മുകള്‍ 66,401 എണ്ണമുണ്ട്. ഇതില്‍ 35,581 എണ്ണംവരും പൊതുമേഖലാ ബാങ്കുകളുടേതായി. വിദേശ ബാങ്കുകള്‍ക്ക് ഓണ്‍സൈറ്റ് എടിഎമ്മുകള്‍ 271 എണ്ണവും ഓഫ്സൈറ്റ് എടിഎമ്മുകള്‍ 961 എണ്ണവുമുണ്ട്. രാജ്യത്തെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം മാത്രം 37.42 കോടിയാണ്. ഒക്ടോബറില്‍ എടിഎം വഴി നടന്നതാകട്ടെ ശരാശരി 55 കോടി 16 ലക്ഷം രൂപയുടെ ഇടപാടുകളും. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കണക്കാണിത്. പ്രതിദിനം എടിഎം വഴി നടന്ന ശരാശരി ഇടപാട് 1.70 കോടി രൂപയുടേതാണ്. ഒരു എടിഎമ്മിലൂടെ ഒരുദിവസം ഏറ്റവും കുറഞ്ഞത് 100-150 ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ബാലന്‍സ് നോക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇടപാടില്‍ പെടും. 15 രൂപമുതല്‍ ഓരോ തവണയും ഇടാക്കിയാല്‍ 37.42 കോടി ഡെബിറ്റ് കാര്‍ഡുടമകളില്‍നിന്ന് ബാങ്ക് നിശ്ചയിക്കുന്ന പരിധിവിട്ടുള്ള ഉപയോഗത്തിലൂടെ കോടികള്‍ ലഭിക്കും.

ഒരു ബാങ്കിന്റെ കൗണ്ടറില്‍നിന്ന് ഇടപാടുകാരന് ലഭിക്കുന്ന അതേ സുരക്ഷ എടിഎം കൗണ്ടറുകളിലും ഒരുക്കുകയെന്നത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. അതിന് ഉപയോക്താവില്‍നിന്ന് തുക ഈടാക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ബാങ്കിങ് രംഗത്ത സംഘടനകള്‍ പറഞ്ഞു. സുരക്ഷയ്ക്കായി മാസം 560 കോടി രൂപ വേണമെന്നാണ് ബാങ്ക്സ് അസോസിയേഷന്‍ പറയുന്നത്. സുരക്ഷയ്ക്കും എടിഎമ്മിലേക്ക് തുക എത്തിക്കുന്നതിനും പുറംകരാര്‍ നല്‍കുന്നതിന്റെ അരരക്ഷിതാവസ്ഥ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. എടിഎമ്മിലെ കാവല്‍ക്കാരനായി ബാങ്ക് 12,000-15,000 രൂപവരെയാണ് ചെലവഴിക്കുന്നത്. കരാര്‍ ഏജന്‍സി 6,000 രൂപ കമ്മീഷനെടുക്കും. ഇത്രയും തുക വേണ്ടിവരില്ല ബാങ്കിന് സ്വന്തമായി കാവല്‍ക്കാരനെ നിയമിക്കാന്‍.

മഞ്ജു കുട്ടികൃഷ്ണന്‍ deshabhimani

No comments:

Post a Comment