Thursday, January 9, 2014

പരിസ്ഥിതി സംരക്ഷണം ജനങ്ങളെ കണക്കിലെടുത്ത് വേണം: പിണറായി

പന്തീരാങ്കാവ് (കോഴിക്കോട്): ജനങ്ങളെ കണക്കിലെടുക്കാതെയുള്ള കേവല പരിസ്ഥിതിവാദത്തോട് യോജിപ്പില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രകൃതി സംരക്ഷിക്കപ്പെടുമ്പോള്‍ തന്നെ മനുഷ്യനെ കാണാതിരുന്നുകൂടാ. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഉയരുന്ന കടുത്ത എതിര്‍പ്പുകള്‍ക്കൊപ്പം സിപിഐ എം നില്‍ക്കുന്നത് അതുകൊണ്ടാണ്. പശ്ചിമഘട്ട സംരക്ഷണം പ്രധാനമാണ്. അതുപോലെ പ്രാധാന്യമുള്ളതാണ് മനുഷ്യനും സമൂഹവും. പന്തീരാങ്കാവില്‍ സിപിഐ എം സംഘടിപ്പിച്ച ബഹുജനസംഗമവും "വികസനം, പരിസ്ഥിതി, സംസ്കാരം" സെമിനാറും ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

കേരളം ആര്‍ജിച്ച പുരോഗതിക്കനുസരിച്ച് കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാനായില്ല. കാര്‍ഷികരംഗത്തെ പുരോഗതിയില്ലാതെ വളര്‍ച്ച പൂര്‍ണമാകില്ല. വ്യാവസായിക പുരോഗതിയിലും പിറകിലാണ്. നാടിനോട് പ്രതിബദ്ധതയുള്ള സര്‍ക്കാരിനേ വ്യവസായവികസനം സാധ്യമാക്കാനാകൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു. ഇപ്പോള്‍ ഇവ മിക്കതും നഷ്ടത്തിലാണ്. തകര്‍ച്ചയിലായ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനും അഭിവൃദ്ധിപ്പെടുത്താനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. നാടിന്റെ വികസനത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി രംഗത്തുവരണം. പൊതുവിദ്യാഭ്യാസം തകര്‍ത്ത് സ്വകാര്യ- സ്വാശ്രയമേഖലയ്ക്ക് കൊള്ളലാഭമടിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുകയാണ്. അന്യമത വിരോധം വളര്‍ത്താന്‍ ചില മാനേജ്മെന്റുകളുടെ കൈയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എത്തുന്നു. ഇത്തരം തെറ്റായനയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. ഇത് ചില ശക്തികളെ പ്രീണിപ്പിക്കാനാണ്. ആഗോളവല്‍ക്കരണനയത്തിന്റെ ഫലമായി ചികിത്സാച്ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്ത് സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്നു. ജനങ്ങള്‍ക്ക് പെട്ടെന്ന് സ്വീകാര്യമാകുന്ന മുദ്രാവാക്യം ഉയര്‍ത്തി വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ തീവ്രവാദ-വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണം. അനുഗ്രഹ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സൗത്ത് ഏരിയ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസന്‍ അധ്യക്ഷനായി.

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പകരം പുതിയ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് പിണറായി വിജയന്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒരുപാട് പ്രശ്നമുണ്ട്. ഗാഡ്ഗിലിലും ഒട്ടേറെ പരിമിതിയുണ്ട്. പാരിസ്ഥിതികാനുമതി അപേക്ഷകളില്‍ തീര്‍പ്പിന് പ്രത്യേക നിയന്ത്രണസംവിധാനം (റഗുലേറ്റര്‍) വേണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പായാല്‍ ഈ മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകും. ആറന്മുള വിമാനത്താവളം നിര്‍ദിഷ്ട സ്ഥലത്ത് വരുന്നതിനെ സിപിഐ എം നേരത്തെ എതിര്‍ത്തതാണ്. ഒരുപാട് വയലുള്ള സ്ഥലം നികത്തിയാണ് വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ ഭൂമിയുടെ പോക്കുവരവടക്കം ശരിയാക്കിക്കൊടുത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത പലരും അതിനു മുകളിലുള്ളതിനാലാകും അത് പറയാതെ എല്‍ഡിഎഫിനെ പഴിപറയുന്നതെന്നും പിണറായി പറഞ്ഞു.

കൊയിലാണ്ടിയിലേത് പാര്‍ടിക്കുള്ളില്‍ പരിഹരിക്കാവുന്ന കാര്യങ്ങള്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സിപിഐ എമ്മിലെ പ്രശ്നങ്ങള്‍ പാര്‍ടിക്കുള്ളില്‍ പരിഹരിക്കാനാകുന്നതേയുള്ളൂവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നടപടിക്ക് വിധേയനാണെന്ന് എന്‍ വി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അത് അംഗീകരിച്ച് പ്രസ്താവനയും വന്നു. നടപടിക്ക് വിധേയനാണെന്ന് വരുമ്പോള്‍ വിയോജിപ്പിന്റെ പ്രശ്നമില്ലെന്നാണ് അര്‍ഥം. അതിനാല്‍ കൊയിലാണ്ടിയില്‍ പാര്‍ടിയില്‍ മാധ്യമങ്ങള്‍ പറയുന്ന അത്തരം പ്രശ്നമില്ല. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത രാജിവയ്ക്കണമെന്നത് നിങ്ങളുടെ താല്‍പ്പര്യമാണ്. അത് നടക്കുന്നില്ലായെന്നുള്ളത് കണ്ടില്ലേയെന്നും വാര്‍ത്താലേഖകരുടെ ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment