Monday, January 13, 2014

കണ്ണു തുറക്കാം ചരിത്രത്തിലേക്ക്

ഇരിട്ടി: "കൊട്ടിയൂര്‍ കുടിയിറക്ക് വിരുദ്ധ സമര സ്മാരക നഗര്‍" ഒരുതലമുറയുടെ പോരാട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ്. മെച്ചപ്പെട്ട ജീവിതാനുഭവങ്ങളില്‍ ചരിത്രം മറക്കരുതെന്ന മുന്നറിയിപ്പാണ് ഇരിട്ടിയിലെ ഈ നഗരി നല്‍കുന്നത്. അതിജീവനത്തിന്റെ നേട്ടങ്ങള്‍ ഏതെങ്കിലും റിപ്പോര്‍ട്ടിന്റെ പേരില്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇവിടെ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും" സെമിനാര്‍. എകെ ജിയും ഫാദര്‍ വടക്കനും കൊളുത്തിയ സമരാഗ്നി വരുംകാല പോരാട്ടത്തിന് ഊര്‍ജമാകുമെന്ന് ആയിരങ്ങള്‍ പ്രഖ്യാപിച്ചു. ഒരു ദേശത്തുനിന്ന് മറ്റൊന്നിലേക്ക് സ്വയം അടര്‍ന്നുചേര്‍ന്ന് ദുരിതങ്ങളോട് പൊരുതി അതിജീവനത്തിന്റെ പുതുവഴി വെട്ടിയവര്‍ക്കുള്ള ആദരംകൂടിയായി സെമിനാര്‍. കുടിയേറ്റത്തിന്റെ തീക്ഷ്ണനാളുകള്‍ അതിജീവിച്ച് ജീവിതം കെട്ടിപ്പടുത്ത ഇവര്‍ക്ക് കുടിയിറങ്ങുകയെന്നത് ഭയാനക അനുഭവമാണ്. പുതുതലമുറ ഇതിന്റെ അര്‍ഥം വേണ്ടത്ര മനസ്സിലാക്കിയില്ല. ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളാണ് ഇവരുടെ കണ്ണ് തുറപ്പിച്ചതെന്ന് സെമിനാറിനെത്തിയ പഴയ തലമുറയില്‍പെട്ടവര്‍ പറഞ്ഞു. നാടിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്ന സംവാദത്തിന്റെ വേദികൂടിയായി സെമിനാര്‍. കാഴ്ചക്കാരാകാതെ പങ്കെടുത്തവരില്‍ മിക്കവരും കനപ്പെട്ട നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. വിപുലമായ ജനപങ്കാളിത്തമാണ് സെമിനാറിലുണ്ടായത്. അവശത വകവയ്ക്കാതെ ആദ്യകാല കുടിയേറ്റക്കാരായ വയോധികര്‍ കൂട്ടമായെത്തി.

മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക്് സെമിനാര്‍ ഉദ്ഘാടനംചെയ്തു. കുടിയേറ്റ ചരിത്രവും അതിലേക്ക് നയിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ വിശദീകരിച്ച വിഷയാവതരണംകൂടിയായി ഉദ്ഘാടന പ്രസംഗം. ഗവേഷണ കേന്ദ്രം സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് "കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ; പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി കെ വി ചാക്കോ അഭിപ്രായപ്പെട്ടു. ഡോ. പി ജെ വിന്‍സെന്റ് (മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകള്‍), ഫാദര്‍ ടോമി എടാട്ട് (കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും മലയോര ജനതയും), ഡോ. എന്‍ സെബാസ്റ്റ്യന്‍ (മലയോരമേഖലയും ആദിവാസികളും), റിട്ട. ആര്‍ഡിഒ എ സി മാത്യു (മലയോരവികസന പ്രശ്നങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും) എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, കെ പി കുഞ്ഞികൃഷ്ന്‍, അഡ്വ. കെ എ ഫിലിപ്പ്, അഡ്വ. മാത്യു കുന്നപ്പള്ളി, ഡോ. ജി കുമാരന്‍ നായര്‍, വിജയന്‍ മട്ടിണി, അജയന്‍ പായം, വര്‍ക്കി വട്ടപ്പാറ, ഫാദര്‍ റോയി എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വി ജി പത്മനാഭന്‍ അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു. 2700 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.

മലബാര്‍ കുടിയേറ്റം പ്രകൃതി കൈയേറ്റമല്ല: തോമസ് ഐസക്

ഇരിട്ടി: മലബാര്‍ കുടിയേറ്റത്തെ പ്രകൃതി കൈയേറ്റമായും പരിസ്ഥിതി നശീകരണമായും വ്യാഖ്യാനിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു. തിരുവിതാംകൂറില്‍നിന്നും മറ്റും ഇവിടെ കുടിയേറിയ കര്‍ഷകര്‍ പ്രകൃതിയെ കൊള്ളയടിക്കാന്‍ വന്നവരല്ല. കൃഷി നടത്തുകയെന്ന ഒറ്റ ലക്ഷ്യമാണവര്‍ക്കുണ്ടായിരുന്നത.്് കണ്ണൂര്‍ പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിക്കാരെ വിശ്വാസത്തിലെടുത്തായിരിക്കണം പരിസ്ഥിതി സംരക്ഷിക്കേണ്ടത്. ഏകവിള കൃഷിയേ പാടുള്ളൂവെന്നും 30 ശതമാനം ചെരിഞ്ഞ ഭൂമിയില്‍ കൃഷിയിറക്കരുതെന്നും രാസവളം ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള നിബന്ധനകള്‍ അംഗീകരിക്കാനാവില്ല. 1921ലാണ് മലബാറിലേക്കുള്ള കുടിയേറ്റം തുടങ്ങിയത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഇത് ശക്തിപ്പെട്ടു. 1925ല്‍ മീനച്ചലില്‍ ഭൂമി വില ഏക്കറിന് 145 രൂപയായിരുന്നപ്പോള്‍, മലബാറില്‍ നാലുരൂപയായിരുന്നു. മലബാറിലെ കൃഷിക്കാര്‍ക്ക് കൃഷിയിറക്കാനാവശ്യമായ മൂലധനവുമുണ്ടായിരുന്നില്ല. തിരുവിതാംകൂറില്‍നിന്നെത്തിയവര്‍ക്ക് അവിടെ വിറ്റുകിട്ടിയ സ്ഥലത്തിന്റെ കാശുണ്ടായതിനാല്‍ ഭക്ഷ്യവിളയായി കപ്പ കൃഷിചെയ്യുന്നതിന് പുറമെ വാണിജ്യ വിളകളുമിറക്കാനായി. ഇതിനൊപ്പം പള്ളിയും പളളിക്കൂടവും റോഡും മറ്റുവികസന പ്രവര്‍ത്തനങ്ങളും മലയോരത്തിന്റെ മുഖഛായ മാറ്റി.

ഇതിനിടയിലാണ് ദേശീയ പ്രസ്ഥാനവും മറ്റും കടന്നുവരുന്നത്. കേരളത്തില്‍ ദേശീയ പ്രസ്ഥാനമെന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയുമായിരുന്നു നേതാക്കള്‍. കര്‍ഷക സമരങ്ങളെ കമ്യൂണിസ്റ്റ് പാര്‍ടി പിന്തുണച്ചു. ഇതിന്റെയെല്ലാം ഫലമായി 57ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. ഇതിനെ അട്ടിമറിക്കാന്‍ മുന്നിട്ടുനിന്നത് ഫാദര്‍ വടക്കന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു. വിമോചന സമരത്തിനുശേഷം വന്ന സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകരെ വ്യാപകമായി കുടിയിറക്കാന്‍ തുടങ്ങി. ഇതിനെതിരെയാണ് ഫാദര്‍ വടക്കനും എ കെ ജിയും ഒന്നിച്ച് സമരത്തിനിറങ്ങിയത്. കമ്യൂണിസ്റ്റുകാരെ നിരീശ്വരവാദികളായി കണ്ടിരുന്നവര്‍ക്ക് കുടിയിറക്ക് സമരത്തില്‍ യോജിക്കാനായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള സമരത്തിലും ഇതുപോലെ യോജിച്ച സമരത്തിന് ഒരു പ്രശ്നവുമില്ല. മാര്‍ക്സിസ്റ്റല്ലെങ്കിലും മാര്‍ക്സിസ്റ്റുകാര്‍ പറയുന്നതുപോലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംസാരിക്കുന്ന കാലമാണിതെന്നും - തോമസ് ഐസക് പറഞ്ഞു.

യോജിപ്പ് അനിവാര്യം: സെബാസ്റ്റ്യന്‍ പോള്‍

ഇരിട്ടി: കുടിയേറ്റത്തിന്റെ മഹാത്യാഗവും കുടിയേറ്റജനതയും മലബാര്‍ മേഖലയും കൈവരിച്ച നേട്ടങ്ങളും അയവിറക്കുന്നത് പോലെ പ്രധാനമാണ് കമ്യൂണിസ്റ്റുകാരും വിശ്വാസികളും തമ്മിലുള്ള യോജിപ്പിന്റെ വിഷയമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. "മലബാര്‍കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും" സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വത്തിക്കാനില്‍നിന്നുയരുന്ന പുതിയ ശബ്ദം ഇക്കാര്യത്തില്‍ ലോകം ശ്രദ്ധിക്കുന്ന നിലപാടായിട്ടുണ്ട്. ഞാന്‍ മാര്‍ക്സിസ്റ്റല്ലെന്ന് മാര്‍പ്പാപ്പ പറയുന്നു. നല്ല തോതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റുകാരെ തനിക്കറിയാമെന്നും പാപ്പ പറയുന്നുണ്ട്. രണ്ടുതരം ലോകം രൂപപ്പെട്ടതായി തെക്കെ അമേരിക്കയില്‍നിന്നുള്ള മാര്‍പ്പാപ്പ പറയുമ്പോള്‍ പുതിയ ലോകക്രമത്തിലെ അസന്തുലിതാവസ്ഥയുടെ നേര്‍ക്കാണ് ഈ വിശേഷണമെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment