Monday, January 13, 2014

സോഷ്യലിസ്റ്റ് ജനതാദളുകാര്‍ തകര്‍ത്ത വീട് ഡിവൈഎഫ്ഐ പുനര്‍നിര്‍മിച്ചുനല്‍കി

വിളപ്പില്‍: നിര്‍ധനരായ പെണ്‍കുട്ടികളുടെയും വയോധികയുടെയും വീട് ജനതാദളുകാര്‍ ആക്രമിച്ചതില്‍ നാട് പ്രതിഷേധത്തില്‍. തകര്‍ത്ത വീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചു നല്‍കി. മാതാപിതാക്കള്‍ മരിച്ച നിരാലംബരായ പെണ്‍കുട്ടികളും വൃദ്ധയും താമസിക്കുന്ന മലയിന്‍കീഴ് പഞ്ചായത്തിലെ അരുവിക്കര വാര്‍ഡില്‍ കൂത്തക്കോട് ആലംചേരിനട വീടിന്റെ മതിലും കുളിമുറിയും വെള്ളിയാഴ്ച സോഷ്യലിസ്റ്റ് ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം നേതാവും മുള്ളമല ക്ഷീരസഹകരണസംഘം പ്രസിഡന്റുമായ സുരേഷ്കുമാറും സഹോദരന്‍ അമ്പിളിയും ചേര്‍ന്ന് മാരകായുധങ്ങളുമായി എത്തി പട്ടാപ്പകല്‍ ഇടിച്ചുനിരത്തി.

തകര്‍ന്ന മതിലും കുളിമുറിയും ഡിവൈഎഫ്ഐ മലയിന്‍കീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ ചേര്‍ന്ന് പുനര്‍നിര്‍മിച്ചു. സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ജയചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം അനില്‍കുമാര്‍, ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറി കെ എസ് സജീവ്, പ്രസിഡന്റ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. എ സമ്പത്ത് എംപി, സിപിഐ എം വിളപ്പില്‍ ഏരിയ സെക്രട്ടറി പുത്തന്‍കട വിജയന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. പ്ലസ്ടു വിദ്യാര്‍ഥിനി ശരണ്യ, പത്താംക്ലാസ് വിദ്യാര്‍ഥിനി ശാലിനി, ഇവരുടെ അമ്മൂമ്മ ലീലാബായി എന്നിവരെ മര്‍ദിക്കുകയും വീടിനുള്ളില്‍ കടന്ന് പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്ത പ്രതികളെ ശനിയാഴ്ച ഉച്ചയോടെ മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തു. യുഡിഎഫിന്റെ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവായ ഒന്നാംപ്രതി സുരേഷ്കുമാറിന്റെ ഭരണസ്വാധീനത്തില്‍ ചെറിയ വകുപ്പുകളാണ് മലയിന്‍കീഴ് പൊലീസ് ചുമത്തിയത്. ഒന്നാംപ്രതിയെ ശനിയാഴ്ച തന്നെ വൈകിട്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പൊലീസിന്റെ നീതിനിഷേധത്തിലും ഭരണസ്വാധീനത്തില്‍ പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമത്തിലും പ്രതിഷേധം ശക്തമായി.

സോഷ്യലിസ്റ്റ് ജനതക്കാര്‍ തകര്‍ത്ത വീട്ടില്‍ ആശ്വാസമായി സമ്പത്ത്

വിളപ്പില്‍: സോഷ്യലിസ്റ്റ് ജനതാദള്‍ വീരേന്ദ്രവിഭാഗം പ്രവര്‍ത്തകരുടെ ആക്രമണത്തിന് വിധേയരായ ദരിദ്രകുടുംബത്തിലെ പേരക്കുട്ടികള്‍ക്കും അവരുടെ അമ്മൂമ്മയ്ക്കും ആശ്വാസം പകര്‍ന്ന് എ സമ്പത്ത് എംപി സംഭവസ്ഥലം സന്ദര്‍ശിച്ചു. മൂങ്ങോട് കൂത്തകോട് ആലംചേരിനട ലീലാഭായി (75), ചെറുമക്കളായ പ്ലസ്ടു വിദ്യാര്‍ഥിനി ശരണ്യ, പത്താംക്ലാസ് വിദ്യാര്‍ഥിനി ശാലിനി എന്നിവര്‍ക്ക് നേരെ ആക്രമണം നടത്തിയ ക്രിമിനലുകളെ രക്ഷിക്കുന്ന പൊലീസ് നടപടിയില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമ്പത്ത് ആവശ്യപ്പെട്ടു. സിപിഐ എം വിളപ്പില്‍ ഏരിയ സെക്രട്ടറി പുത്തന്‍കട വിജയന്‍, മലയിന്‍കീഴ് ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍, ഏരിയ കമ്മിറ്റി അംഗം എം അനില്‍കുമാര്‍, ബ്രാഞ്ച് സെക്രട്ടറിമാരായ കെ മനോജ്കുമാര്‍, സന്തോഷ് എന്നിവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.

deshabhimani

No comments:

Post a Comment