Monday, January 13, 2014

വിദ്യാഭ്യാസവകുപ്പിലെ അഴിമതി തുറന്നുകാട്ടി ഡിപിഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

വിദ്യാഭ്യാസവകുപ്പില്‍ കൊടികുത്തിവാഴുന്ന അഴിമതിക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍തന്നെ രംഗത്ത്. മുസ്ലിംലീഗ് കൈയാളുന്ന വകുപ്പില്‍ നടമാടുന്ന അഴിമതിയെക്കുറിച്ച് ഡിപിഐ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പ്രതികരിച്ചത്.


"അനീതി കണ്ടില്ലെന്നു നടിച്ചാല്‍ പെന്‍ഷനും മറ്റാനുകൂല്യവും വാങ്ങി അടിത്തൂണ്‍പറ്റാം" എന്ന് "ബിജു പ്രഭാകര്‍ ഐഎഎസ്" എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു. ആദ്യം യൂണിഫോം വിവാദം, പിന്നെ ക്രിസ്മസ് പരീക്ഷാ വിവാദം, ഇനി യുവജനോത്സവം, എസ്എസ്എല്‍സി പരീക്ഷ എന്നിവയുമുണ്ട്. "കാരണങ്ങള്‍ സര്‍വീസില്‍ ഇരുന്ന് പറയാന്‍ നിയമം അനുവദിക്കുന്നില്ല. പെന്‍ഷന്‍പറ്റിയശേഷം പറഞ്ഞിട്ടെന്തുകാര്യം"എന്നും ഡിപിഐ പറഞ്ഞുവയ്ക്കുന്നു.

കഴിഞ്ഞവര്‍ഷംവരെ പിടിഎയും ഹെഡ്മാസ്റ്റര്‍മാരും ചേര്‍ന്ന് സ്കൂള്‍തുറക്കുന്ന സമയംതന്നെ യൂണിഫോം പദ്ധതി വിജയകരമായി നടത്തി. എന്നാല്‍, ഈ വര്‍ഷം സ്കൂള്‍ അടയ്ക്കാന്‍ ഒരു മാസംമാത്രം ബാക്കി നില്‍ക്കുമ്പോഴും വിതരണം നടന്നിട്ടില്ല. കുത്തക വസ്ത്രവ്യാപാരികളെ വിതരണച്ചുമതല ഏല്‍പ്പിച്ച് 25 കോടി രൂപ തട്ടാനുള്ള മന്ത്രിയുടെയും കൂട്ടരുടെയും ശ്രമമാണ് പദ്ധതി അവതാളത്തിലാക്കിയത്. അഴിമതിക്കായുള്ള മന്ത്രിയുടെയും കൂട്ടരുടെയും ശ്രമം ലക്ഷ്യം കണ്ടെങ്കിലും യൂണിഫോം ഒരു കുട്ടിക്കും ലഭിച്ചില്ല. സംസ്ഥാന സ്കൂള്‍ കലോത്സവം ഇനിമുതല്‍ വേനലവധിക്കാലത്ത് നടത്താനുള്ള നീക്കവുമുണ്ടായി. ഇതിന്റെ ഭാഗമായി കലോത്സവനടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിക്കാന്‍ മന്ത്രി ശ്രമം നടത്തി. അധ്യാപക സംഘടനകളും വിദ്യാഭ്യാസവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതിന് എതിരായി. വരുംവര്‍ഷങ്ങളില്‍ കലോത്സവ നടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ച് വന്‍ അഴിമതിക്ക് ചരടുവലി തുടരുകയാണ്.

ഇതിനിടെയാണ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ കഴിഞ്ഞ വര്‍ഷത്തെ അതേപടി പകര്‍ത്തിവയ്ക്കുന്ന സ്ഥിതി ഉണ്ടായത്. തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഇതിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിപിഐ മുതിര്‍ന്നപ്പോള്‍ ഭരണതലത്തില്‍ ഇടപെടലുണ്ടായി. അഴിമതിക്കെതിരായ ഡിപിഐയുടെ ഫെയ്സ്ബുക്ക് പരാമര്‍ശം വെള്ളിയാഴ്ച രാത്രി ഒമ്പതുവരെ 102 പേര്‍ ഷെയര്‍ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പില്‍ ഭരണകക്ഷി നടത്തുന്ന വന്‍ അഴിമതി ചെറുത്തപ്പോഴാണ് മുന്‍ ഡിപിഐ എ ഷാജഹാനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ കമീഷണറായിരുന്ന ബിജുവിനെ നിയമിച്ചത്. കോണ്‍ഗ്രസ് മുന്‍ നേതാവ് തച്ചടി പ്രഭാകരന്റെ മകനാണ് ബിജു.

deshabhimani

No comments:

Post a Comment