Monday, January 20, 2014

ജീവനക്കാര്‍ കുറവ്; റെയില്‍വേക്ക് താളം തെറ്റുന്നു

സ്റ്റേഷന്‍ മാസ്റ്റര്‍, സ്റ്റേഷന്‍ മാനേജര്‍, ട്രെയിന്‍ ഗാര്‍ഡ്, ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ ഒഴിവുകള്‍ നികത്താത്തത് റെയില്‍വേ സ്റ്റേഷനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ട്രെയിന്‍ റദ്ദാക്കുന്ന നിലയിലേക്ക് പ്രശ്നം വളരുകയാണ്. കേരളത്തിലെ രണ്ട് ഡിവിഷനില്‍മാത്രം ഓപ്പറേറ്റിങ് മേഖലയില്‍ 420 ഒഴിവുണ്ട്. രാജ്യത്താകമാനം 16 സോണുകളിലെ 62 ഡിവിഷനിലായി ആയിരക്കണക്കിന് ഒഴിവാണുള്ളത്. റെയില്‍വേയില്‍ 1,10,000 തസ്തികകള്‍ സറണ്ടര്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഓപ്പറേറ്റിങ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.

ജീവനക്കാരില്ലാത്തതിനാല്‍ എറണാകുളം-പാലക്കാട് മെമു സര്‍വീസ് ശനി, ഞായര്‍ ദിവസങ്ങളിലും എറണാകുളം-കായംകുളം പാസഞ്ചര്‍ ഞായറാഴ്ചയും റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ചൊവ്വ, ശനി ദിവസങ്ങളില്‍ കണ്ണൂരിലേക്കും ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും ഓടാതിരിക്കാനുള്ള കാരണവും ജീവനക്കാരില്ലാത്തതാണ്. സിഗ്നല്‍ പ്രവര്‍ത്തനം താറുമാറാകുന്നത് പലപ്പോഴും അപകടത്തിന് വഴിവയ്ക്കുന്നു. ജീവനക്കാരുടെ എണ്ണം കുറച്ച് സുരക്ഷാ മേഖലയുള്‍പ്പെടെ കരാര്‍ നല്‍കാനുള്ള നീക്കമാണ് റെയില്‍വേ മന്ത്രാലയത്തിന്റെത്.

പാലക്കാട് ഡിവിഷനില്‍ 8,038 തസ്തികയുണ്ടെങ്കിലും 6647 ജീവനക്കാര്‍ മാത്രമാണുള്ളത്. 1391 ഒഴിവുകള്‍ നികത്താനുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ 11,360 ജീവനക്കാര്‍ വേണ്ടിടത്ത് 9796 പേര്‍ മാത്രം. 1564 ഒഴിവുകള്‍ നികത്താനുണ്ട്.

പി കെ ബൈജു

No comments:

Post a Comment