Monday, January 20, 2014

ബാങ്കിങ്മേഖലയെ തകര്‍ക്കുന്ന നയങ്ങളെ ചെറുത്തുതോല്‍പ്പിക്കണം

മലപ്പുറം: ജനപക്ഷ ബാങ്കിങ്ങിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബെഫി) ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം തടഞ്ഞുനിര്‍ത്താനും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന വര്‍ഗീയ-വിഘടന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ബാങ്കിങ് പരിഷ്കരണമെന്നപേരില്‍ തുടരുന്ന നയങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. ജനകീയ ബാങ്കിങ് ശൈലി ഇവിടെ അട്ടിമറിക്കപ്പെട്ടു. മൂലധന പര്യാപ്തത വര്‍ധിപ്പിക്കാനെന്നപേരില്‍ ഓഹരികള്‍ ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നു. കുത്തകകള്‍ പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡിലെത്തി ബാങ്കുകളുടെ പ്രവര്‍ത്തനമാകെ നിയന്ത്രിക്കുന്നു. ലയനം വഴി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നു. കുത്തകകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കിയതോടെ പൊതുമേഖലാ ബാങ്കുകളില്‍ കോടികളുടെ കിട്ടാക്കടം വരുത്തിവച്ചവരും ബാങ്ക് തുടങ്ങുന്നു. പരിഷ്കരണത്തിന്റെ മറവില്‍ ഗ്രാമീണ മേഖലയില്‍ 3000-ത്തോളം ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടിയതായും സമ്മേളനം ചൂണ്ടിക്കാട്ടി.


വായ്പകളുടെയും പലിശയിളവിന്റെയും വായ്പ എഴുതിത്തള്ളലിന്റെയും ഗുണഭോക്താക്കള്‍ കോര്‍പറേറ്റുകളാണ്. ബാങ്കുകളുടെ നിക്ഷേപം ഇന്ന് കോര്‍പറേറ്റുകള്‍ക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാം. ആള്‍ക്ഷാമത്തിന്റെ മറവില്‍ പ്രധാന ജോലികള്‍വരെ പുറംകരാര്‍ നല്‍കുന്നു. എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള അവകാശം സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് കള്ളനോട്ട് വിതരണത്തിന് ലൈസന്‍സ് നല്‍കുന്നതിന് തുല്യമാണ്. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതിന് പിന്നിലും നവ ഉദാരവല്‍ക്കരണ നയമാണ്. സബ്സിഡി എടുത്തുകളഞ്ഞും ചില്ലറവ്യാപാര മേഖല കോര്‍പറേറ്റുകള്‍ കൈയടക്കുകയും ചെയ്തതോടെ മധ്യവര്‍ത്തികള്‍ കോടികള്‍ ലാഭം കൊയ്യുന്നു. ഇത്തരം നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒരുമിച്ച് പോരാടുമ്പോള്‍ ആ കൂട്ടായ്മ തകര്‍ക്കുന്നതിന് ജാതി-മത ശക്തികള്‍ ശ്രമിക്കുകയാണ്. ഹിന്ദു വര്‍ഗീയതയുടെ പ്രതീകമായ മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ആപല്‍ക്കരമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

എസ്ബിടി സ്റ്റാഫ് യൂണിയന്‍ ദേശീയ പ്രസിഡന്റ് കെ ടി ബാബു പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കെ ടി ബാബു അധ്യക്ഷനായി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് വൈശാഖന്‍, എഐബിഒസി സീനിയര്‍ വൈസ് പ്രസിഡന്റ് സി രാജ്കുമാര്‍, ബെഫി ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ നയംമാറ്റം അനിവാര്യം: രവീന്ദ്രനാഥ്

മലപ്പുറം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ മാറ്റാതിരുന്നാല്‍ തൊഴിലാളിവര്‍ഗവും സാധാരണജനങ്ങളും കൂടുതല്‍ ചൂഷണത്തിന് ഇരയാകുമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു. മലപ്പുറത്ത് എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബെഫി) ഇരുപതാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2007-08ല്‍ ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നിലവിലുള്ള സാമ്പത്തിക, വികസന സങ്കല്‍പ്പങ്ങളും സംവിധാനങ്ങളും മാറ്റുകയാണ് വേണ്ടത്. അത് ചെയ്യാതിരിക്കുന്നത് തകര്‍ന്ന വ്യവസായ, സാമ്പത്തിക സ്ഥാപനങ്ങളുടെ സ്ഥാനത്ത് അതിശക്തമായ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നതിനാണ് ഇടയാക്കുന്നത്. കൂടുതല്‍ ശക്തമായ പ്രതിസന്ധിയും ദുരിതങ്ങളുമായിരിക്കും ഇതിന്റെ ഫലം. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ബ്ലാക്ക്റോക്ക് എന്ന പുതിയ നിക്ഷേപബാങ്ക് ഉയര്‍ന്നുവന്നു. നാല് ട്രില്യന്‍ ഡോളറാണ് ഇതിന്റെ മൂലധനം. 129 രാജ്യങ്ങളുടെ പെന്‍ഷന്‍ ഫണ്ട് പോലുള്ള സോവറിന്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ഈ ബാങ്ക് വലിയ സാമ്പത്തിക, വ്യവസായ സ്ഥാപനങ്ങളുടെ നിര്‍ണായക ഓഹരികളും കൈയടക്കിയിരിക്കുന്നു.

നിലവിലുള്ള ഉല്‍പ്പാദന, വികസന, സാമ്പത്തിക സംവിധാനങ്ങള്‍ മാറിയില്ലെങ്കില്‍ ജനങ്ങളുടെ തൊഴിലും വരുമാനവും വന്‍തോതില്‍ ഇല്ലാതാകും. ഉല്‍പ്പാദനമേഖലയില്‍ മുരടിപ്പുണ്ടായെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഈ മേഖല ശക്തിപ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കയാണ്. ഇതിന് തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങളില്‍ സമഗ്രമായ ഭേദഗതി കൊണ്ടുവരണമെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്്. എട്ട് മണിക്കൂര്‍ ജോലി എന്ന സങ്കല്‍പ്പം അവസാനിപ്പിക്കണമെന്നും കരാര്‍വല്‍ക്കരണം വ്യാപകമാക്കണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. അമേരിക്കയില്‍ ഉല്‍പ്പാദനമേഖലയില്‍ സാങ്കേതികവിദ്യയുടെ വര്‍ധിച്ച ഉപയോഗം നടപ്പാക്കി മേഖലയെ നവീകരിക്കണമെന്നാണ് നിര്‍ദേശം. ഇതിന് യന്ത്രമനുഷ്യരുടെ ഉപയോഗം വ്യാപകമാക്കാനാണ് പ്രസിഡന്റ് ഒബാമ നിര്‍ദേശിക്കുന്നത്. യന്ത്രവല്‍ക്കരണം സമഗ്ര മേഖലകളിലും വ്യാപിപ്പിക്കാനും നിര്‍ദേശിക്കുന്നു. ഇന്ത്യയിലും ഭരണാധികാരികള്‍ ഈ മാതൃക പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. മനുഷ്യാദ്ധ്വാനത്തെ വന്‍തോതില്‍ ഇല്ലാതാക്കാനുള്ള ഈ നീക്കം തൊഴിലാളിവര്‍ഗത്തിനെതിരായ ശക്തമായ കടന്നാക്രമണമാണ്. ഇതിനെ നേരിടാന്‍ തൊഴിലാളിവര്‍ഗം കൂടുതല്‍ ശക്തി പ്രാപിക്കുകയും ഐക്യനിര രൂപപ്പെടുത്തുകയും വേണമെന്ന് രവീന്ദ്രനാഥ് പറഞ്ഞു.

deshabhimani

No comments:

Post a Comment