Tuesday, January 14, 2014

അധിക വാറ്റ്: വസ്ത്രവ്യാപാര മേഖല തകര്‍ക്കും

തുണിത്തരങ്ങള്‍ക്ക് അഞ്ചു ശതമാനം അധിക വാറ്റ് കൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം വസ്ത്ര വ്യാപാരമേഖലയെ തകര്‍ക്കും. തോര്‍ത്തുമുണ്ടുമുതല്‍ പട്ടുസാരിവരെയുള്ള തുണിത്തരങ്ങള്‍ക്ക് 10 ശതമാനം വില വര്‍ധിക്കുന്നതാകും ഫലം. വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ ധനമന്ത്രി സൂചിപ്പിച്ചിരുന്നു.

അടുത്ത ബജറ്റില്‍ ഇത് പ്രഖ്യാപിക്കും. സര്‍ക്കാര്‍ അഞ്ചു ശതമാനമാണ് നികുതി ഏര്‍പ്പെടുത്തുന്നതെങ്കിലും ഫലത്തില്‍ 10 ശതമാനം വില വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ തുണിത്തരങ്ങള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തിയിട്ടില്ല. നികുതിവര്‍ധന സ്കൂള്‍ യൂണിഫോം വിലയില്‍ വന്‍ വര്‍ധനയ്ക്കിടയാക്കും. ഏകീകൃത നികുതിഘടന ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാറ്റ് സമ്പ്രദായത്തില്‍ തുണിത്തരങ്ങളെ ഒഴിവാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ പട്ട്, എംബ്രോയ്ഡറി സാരികള്‍ക്കും വിലകൂടിയ തുണിത്തരങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരം നികുതികള്‍ ഒഴിവാക്കിയാണ് വാറ്റ് നടപ്പാക്കിയത്. തുണിത്തരങ്ങള്‍ക്ക് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അധിക എക്സൈസ് തീരുവ ചുമത്തുന്നുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും വില്‍പ്പനനികുതി ഏര്‍പ്പെടുത്തുന്നുണ്ട്. വസ്ത്രനിര്‍മാണത്തിനായി എല്ലാ അസംസ്കൃത വസ്തുക്കളും മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. വാറ്റ് ഏര്‍പ്പെടുത്തുന്നതോടെ ഇവയുടെ വില ഇരട്ടിയാകും. സംസ്ഥാനത്ത് 1200 കോടിയുടെ വസ്ത്രവില്‍പ്പനയാണ് ഓരോ വര്‍ഷവും നടക്കുന്നത്്. ഉത്സവസീസണ്‍, പ്രദര്‍ശനമേളകള്‍ എന്നിവയില്‍ക്കൂടി 500 കോടിയുടെ വില്‍പ്പനയും നടക്കുന്നു.

വാറ്റ് ഏര്‍പ്പെടുത്തുന്നതോടെ വില്‍പ്പന കുറയുമെന്നാണ് വസ്ത്ര വില്‍പ്പന, നിര്‍മാണ മേഖലയിലുള്ളവരുടെ ആശങ്ക. സംസ്ഥാനത്ത് പതിനായിരത്തോളം ചെറുകിട, ഇടത്തരം റെഡിമെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റുകളിലായി ഒന്നരലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരും ദുരിതത്തിലാകും. വന്‍കിട മാളുകളുടെ വരവോടെ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരമേഖല അഞ്ചു ശതമാനം അധികവാറ്റ് ഏര്‍പ്പെടുത്തുന്നതോടെ പൂര്‍ണ തകര്‍ച്ചയിലാകും. സംസ്ഥാനത്തെ വസ്ത്രനിര്‍മാണ യൂണിറ്റുകളും വില്‍പ്പനകേന്ദ്രങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്.

(സി എന്‍ റെജി) deshabhimani

No comments:

Post a Comment