Wednesday, January 8, 2014

എന്‍ഡോസള്‍ഫാന്‍ പ്രക്ഷോഭകര്‍ ക്രിമിനലുകളെന്ന്

എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരെ സമരം നടത്തിയവര്‍ ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളുമാണെന്ന് കാട്ടി, എന്‍ഡോസള്‍ഫാന്‍ കമ്പനി നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി കാസര്‍കോട് ജില്ലാകലക്ടറോടും ജില്ലാമെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടിരിക്കയാണ്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരക്കാര്‍ നിരക്ഷരരും പാവപ്പെട്ടവരുമായ ആളുകളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്നാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ എക്സല്‍ ഗ്രൂപ്പ് കമ്പനി ഉദ്യോഗസ്ഥന്‍ രാജു ഷൊറോഫ് പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സമരക്കാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ലിസ്റ്റില്‍ ആളുകളെ ഉള്‍പ്പടുത്തുകയാണെന്നും ഉദ്യോഗസ്ഥന്റെ പരാതിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി കേരളത്തില്‍ എത്തി "പ്രത്യേക മന്ത്രിസഭാ"യോഗത്തില്‍ പങ്കെടുത്ത് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേകപാക്കേജ് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ് പോയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കത്ത് ജില്ലാ കലക്ടര്‍ക്ക് ലഭിച്ചത്. എന്‍ഡോസള്‍ഫാനെതിരെ ഡിവൈഎഫ്ഐ സുപ്രിംകോടതിയില്‍ നല്‍കിയ കേസ് കമ്പനിക്ക് അനുകൂലമാക്കുന്നതിനുവേണ്ടി കമ്പനിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ഗൂഢനീക്കം നടത്തുകയാണ്്. തലമുറകളെ വരെ വിഷം ചീറ്റി കൊന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍, ഇരകളുടെ ലിസ്റ്റില്‍ എണ്ണം കൂടുന്നതാണ് കമ്പനിക്ക് പ്രശ്നമായത്. ഇപ്പോള്‍ ആറായിരത്തിലധികം ആളുകളെ രോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍നിന്നെത്തിയ വിദഗ്ധരാണ് രോഗികളെ പരിശോധിച്ച് ദുരന്തബാധിതനാണോ എന്ന് തീരുമാനിക്കുന്നത്. ഇവരുടെ ശുപാര്‍ശ പ്രകാരം എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിന്റെ അനുമതിക്ക് അയച്ചാണ് ദുരന്തബാധിതരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതില്‍ ഉള്‍പ്പെടാത്ത ആയിരങ്ങള്‍ ഇപ്പോഴും ദുരിതം തിന്നുമ്പോഴാണ്, പ്രക്ഷോഭകരെ ക്രിമിനലുകളായി സര്‍ക്കാര്‍ തന്നെ ചിത്രീകരിക്കുന്നത്.

deshabhimani

No comments:

Post a Comment