Wednesday, January 8, 2014

എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന സര്‍ക്കാര്‍: എം എ ബേബി

സംസ്ഥാനത്തിന്റെ എല്ലാ സമ്പത്തും സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രിയെന്നും നന്ദിപ്രമേയത്തെ എതിര്‍ത്ത് ബേബി പറഞ്ഞു. സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാര്‍ അക്കാദമിക് സ്വയംഭരണത്തിനു പകരം സ്വകാര്യഎയ്ഡഡ് കോളേജുകള്‍ക്ക് യഥേഷ്ടം സ്വയംഭരണം നല്‍കുന്നു. കുടിവെള്ളവും വൈദ്യുതിയും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം പ്രതിപക്ഷസമരത്തെതുടര്‍ന്നാണ് ഉപേക്ഷിച്ചത്. ജനസമ്പര്‍ക്കംപോലുള്ള കപടനാടകങ്ങള്‍ മുഖ്യമന്ത്രി അവസാനിപ്പിക്കണം. എഴുന്നേറ്റു നടക്കാന്‍ കഴിയാത്തവരെപ്പോലും താങ്ങിപ്പിടിച്ച് മുഖ്യമന്ത്രിയുടെ മുന്നിലേക്ക് കൊണ്ടുവരുന്നത് ക്രൂരതയാണ്. കൊല്ലത്ത് ജനസമ്പര്‍ക്കത്തിനെത്തി സഹായംകിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സുശീലന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇതുവരെ നല്‍കിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ലെന്നു പറഞ്ഞ രമേശ് ചെന്നിത്തല ഇപ്പോള്‍ മന്ത്രിസഭയിലായി. ഇനി ഉമ്മന്‍ചാണ്ടിക്ക് എ കെ ആന്റണിയുടെ ഗതിവരുമോ എന്നാണ് അറിയേണ്ടത്.

നിയമസഭയിലെ ഭൂരിപക്ഷത്തെ പുച്ഛിക്കുകയാണ് സര്‍ക്കാര്‍. ഭൂരിപക്ഷം അംഗങ്ങളും നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന ആറന്മുള വിമാനത്താവളപദ്ധതി വാശിയോടെ നടപ്പാക്കുന്നു. നിയമവിരുദ്ധ പദ്ധതിയില്‍ 10 ശതമാനം ഓഹരിയും എടുത്തു. നെല്‍വയല്‍ നികത്തല്‍, തണ്ണീര്‍ത്തടസംരക്ഷണം ഉള്‍പ്പെടെ എട്ട് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണം. നിയമംലംഘിച്ച് വിമാനത്താവളം വരുന്നതിലൂടെ ചരിത്രം കേരളീയസമൂഹത്തിന് മാപ്പ് നല്‍കില്ല. വിമാനത്താവളപ്രശ്നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ട്. ഒരു എംഎല്‍എ തന്ന നിവേദനം പരിശോധിക്കാന്‍ കലക്ടറെ ചുുമതലപ്പെടുത്തിയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത തെറ്റ്. ഈ തെറ്റ് തിരുത്തുന്നതിനുപകരം ഇത് ചൂണ്ടിക്കാട്ടി യുഡിഎഫ് സര്‍ക്കാര്‍ വലിയ തെറ്റുകള്‍ ചെയ്യുകയാണ്.

തെറ്റായ നയങ്ങളെ തെറ്റായ വാചകങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് നയപ്രഖ്യാപനപ്രസംഗത്തില്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവര്‍ഗീയതയുടെ പേരെടുത്ത് പറയാന്‍പോലും നയപ്രഖ്യാപനത്തില്‍ തയ്യാറായിട്ടില്ല. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് വര്‍ഗീയതക്കെതിരെ ഉറച്ചനിലപാട് സ്വീകരിക്കണം. തീവ്രവര്‍ഗീയതയെ മൃദുവര്‍ഗീയതകൊണ്ട് നേരിടുന്ന കോണ്‍ഗ്രസ് ബിജെപിക്കുമുന്നില്‍ ദയനീയമായി തോല്‍ക്കുകയാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍മാത്രമാണ് തീവ്രവര്‍ഗീയവാദികള്‍ക്ക് കടന്നുകയറാന്‍ കഴിയാത്തത്. വര്‍ഗീയതക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും ശക്തമായ നിലപാട് തുടരും. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. 1984ന് ശേഷം കോണ്‍ഗ്രസിനോ, മുന്നണിക്കോ ഒരിക്കലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആത്മപരിശോധന നടത്തേണ്ടതാണെന്നും ബേബി പറഞ്ഞു.

സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ ഗൂഢനീക്കം: ഐസക്

തിരു: പാചകവാതക സബ്സിഡി ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനുള്ള ഗൂഢപദ്ധതിയാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ഡോ. തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. വര്‍ധിപ്പിക്കുന്ന വിലയുടെ ആനുപാതികമായി ഭാവിയില്‍ സബ്സിഡി ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിനോടൊപ്പം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി കുറക്കുകയാണ്്. വര്‍ഷത്തില്‍ ഒമ്പത് സബ്സിഡി സിലിണ്ടര്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എണ്ണക്കമ്പനികള്‍ ഭൂരിഭാഗംപേര്‍ക്കും ആറ് സിലിണ്ടറുകള്‍മാത്രമേ അനുവദിക്കുന്നുള്ളുവെന്നും ഐസക് പറഞ്ഞു. പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതും ആധാറിന്റെ പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സബ്സിഡി നിഷേധിക്കുന്നതും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതിതേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വര്‍ധിപ്പിച്ച വിലയടക്കം ഒരു സിലിണ്ടറിന് ഗാര്‍ഹിക ഉപയോക്താക്കള്‍ ഇപ്പോള്‍ 1290 രൂപ മുന്‍കൂറായി നല്‍കണം. ഇങ്ങനെ പണം നല്‍കി സിലിണ്ടര്‍ വാങ്ങിയാല്‍ സബ്സിഡിത്തുക എപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് അറിയില്ല. ഫലത്തില്‍ ഭാവിയില്‍ വര്‍ധിപ്പിക്കുന്ന വിലയ്ക്ക് സബ്സിഡി ലഭിക്കില്ല. ഇടയ്ക്കിടെ വില വര്‍ധിപ്പിച്ചാല്‍ വര്‍ധിപ്പിക്കുന്ന വിലയ്ക്ക് സബ്സിഡി നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുനല്‍കുമോ. പാചകവാതകപ്രശ്നത്തില്‍ ആശങ്കയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ആധാര്‍ ബന്ധപ്പെടുത്തിയുള്ള സബ്സിഡി നല്‍കല്‍ ഭരണഘടനാ ലംഘനമാണ്. സര്‍ക്കാരിന്റെയും എണ്ണക്കമ്പനികളുടെയും വന്‍കൊള്ളക്കെതിരെ കേരളീയര്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് വില കൂട്ടുന്നതിനെ ന്യായീകരിക്കാനാവില്ല. ഇറക്കുമതി വാതകത്തിന്റെ പേരിലെ ഇപ്പോഴത്തെ വിലവര്‍ധന പകല്‍കൊള്ളയാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം1708 രൂപയാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ യഥാര്‍ഥ വില. ഇത് 2189 രൂപയായി വര്‍ധിപ്പിച്ചു. ആധാറിനെ ബന്ധപ്പെടുത്തി പാചകവാതകത്തിന് സബ്സിഡി അനുവദിക്കുന്നത് റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യക്കമ്പനികള്‍ക്ക് സബ്സിഡി ലഭ്യമാക്കാനാണ്. നഷ്ടത്തിന്റെ പേരില്‍ പൊതുമേഖല കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഇതിനെതിരെ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കമ്പനികള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. പൊതുമേഖലയെ രക്ഷിക്കുന്നതിന്റെ പേരില്‍ കുത്തകകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഐസക് പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുന്നു: വി എസ്

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. കര്‍ഷകദ്രോഹനയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കര്‍ഷകരുമായി ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂവെന്നും അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് വി എസ് പറഞ്ഞു. നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരിസ്ഥിതിസംരക്ഷണം ഏറെ പ്രാധാന്യമുള്ളതാണ്. മനുഷ്യരെ കണക്കിലെടുക്കാതെയാകരുത് പരിസ്ഥിതിസംരക്ഷണം. കസ്തൂരിരംഗന് പരിസ്ഥിതിമേഖലയുമായി ബന്ധമില്ല. മലയോര ജനതയ്ക്ക് എതിരായ റിപ്പോര്‍ട്ട് ക്വാറി, മണല്‍ മാഫിയക്ക് അനുകൂലമാണ്. ജനരോഷം ശക്തമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടിവച്ചിരിക്കയാണ്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ആധാറിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇത്തരമൊരു സമീപനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും വി എസ് പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് തകരും: കോടിയേരി

തിരു: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ യുഡിഎഫ് ഭരണവും മുന്നണിയും തകരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ സര്‍ക്കാരിനും മുന്നണിക്കും പിന്നീട് നിലനില്‍പ്പുണ്ടാകില്ലെന്ന് നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കോടിയേരി പറഞ്ഞു.

ഭരണമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കേരളം അരാജകത്വത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഔദ്യോഗിക വാഹനംപോലും എത്തിക്കാന്‍ കഴിയാത്ത നിലയില്‍ കെടുകാര്യസ്ഥത വളര്‍ന്നു. 32 മാസത്തെ യുഡിഎഫ് ഭരണത്തിനിടയില്‍ അഭ്യന്തരം, വനം, കായികം, ഗതാഗതം തുടങ്ങി സുപ്രധാന വകുപ്പുകളില്‍ മൂന്നു മന്ത്രിമാര്‍ വീതം മാറിമാറി വന്നു. ഒരു വകുപ്പിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുത്ത് നടപ്പാക്കാനാകുന്നില്ല. ഉദ്യോഗസ്ഥരും മടിച്ചുനില്‍ക്കുന്നു. സര്‍ക്കാരിന് പൊതുവായ തീരുമാനങ്ങളില്ല. ജനസമ്പര്‍ക്കവും മുഖ്യമന്ത്രിയുടെ പേരില്‍ മാത്രമാക്കി. ഇതിന് വ്യക്തമായ ചില ഉദ്ദേശ്യങ്ങളുണ്ട്. ഇതിലൊന്നും എല്‍ഡിഎഫിന് അങ്കലാപ്പില്ല. കുറെ പണം വാരി വിതരണംചെയ്താല്‍ എല്ലാം നേടാമെന്നാണ് കരുതുന്നത്. 2005ല്‍ ജനസമ്പര്‍ക്കമെന്ന പേരില്‍ പണം വിതരണം നടത്തി. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ എല്‍ഡിഎഫിനെ ജനങ്ങള്‍ അംഗീകരിച്ചപ്പോള്‍ യുഡിഎഫ് നേടിയത് 40 സീറ്റ് മാത്രമാണ്. സമരങ്ങള്‍ പരാജയപ്പെട്ടുവെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് ജനങ്ങള്‍ തക്കതായ ശിക്ഷ നല്‍കുമെന്ന് ഉറപ്പാണ്.

എല്‍ഡിഎഫ് അഴിമതിക്കെതിരായ സമരമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. നിയമസഭാ സമ്മേളനവും, തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജനകീയ കോടതിയെ സമീപിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കും. നരേന്ദ്രമോഡിയും രാഹുല്‍ ഗാന്ധിയുമല്ലാതെയൊരു പ്രധാനമന്ത്രി രാജ്യം ഭരിക്കും. ഈ ഭരണത്തില്‍ ഇടതു മതേതര പാര്‍ടികള്‍ക്ക് മുന്‍കൈ ഉണ്ടാകും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിടാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിപദവിയിലേക്ക് രാഹുല്‍ ഗാന്ധിയെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് ഭയപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment