Wednesday, February 8, 2012

അമൃതയില്‍ നേഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മാനേജ്മെന്റ് നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നേഴ്സുമാര്‍ 21 മുതല്‍ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി ഒന്നിന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ നല്‍കിയ ഡിമാന്‍ഡ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും മാനേജ്മെന്റ് വിട്ടുനിന്നു. ഇതേത്തുടര്‍ന്നാണ് സമരത്തിന് നോട്ടീസ് നല്‍കിയത്.

ഡിസംബറില്‍ സമരത്തിനു നോട്ടീസ് നല്‍കിയ സംഘടന ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് അമൃതയില്‍ സമരം ആരംഭിച്ചത്. പി രാജീവ് എംപി, കലക്ടര്‍ പി ഐ ഷേഖ് പരീത്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒമ്പതിനു നടത്തിയ ചര്‍ച്ചയില്‍ നേഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. മിനിമം വേതനത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ട മാനേജ്മെന്റ്, സമരക്കാര്‍ക്കെതിരെ പ്രതികാരനടപടിയുണ്ടാകില്ലെന്നും ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ , രണ്ടുമാസം പിന്നിട്ടിട്ടും മിനിമം വേതനത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചില്ലെന്ന് നേഴ്സുമാര്‍ പറഞ്ഞു. മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കുപോലും 4,500 രൂപയാണ് നല്‍കുന്നത്. സമരംകഴിഞ്ഞ ഉടന്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച 250 ഇന്റേണ്‍ഷിപ്പുകാരെ പിരിച്ചുവിട്ടു. സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണത്തിനും നടപടിയായില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.

നേഴ്സ് സമരം: ഇനി ചര്‍ച്ചയില്ലെന്ന് ലേക്ഷോര്‍ എംഡി

കൊച്ചി: സമരം തുടരുന്ന നേഴ്സുമാരുടെ സംഘടനയുമായി ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ലേക്ഷോര്‍ ആശുപത്രി എംഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്മെന്റിന് പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞു.മാര്‍ച്ച് അവസാനം ആശുപത്രി ഡയറക്ടര്‍ബോര്‍ഡ് യോഗം ചേരും. തുടര്‍നടപടി ഈ യോഗത്തിനു ശേഷമാകും ഉണ്ടാകുക. നേഴ്സുമാര്‍ക്ക് മിനിമം കൂലി നല്‍കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 16,000 രൂപയാണ് വേതനമായി അവര്‍ ആവശ്യപ്പെടുന്നത്. ഇത് മാനേജ്മെന്റിന് താങ്ങാനാവില്ല. പരിചയസമ്പന്നര്‍ക്ക് അതിനനുസരിച്ചുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 18 പേര്‍ പരിശീലനത്തിനാണ് ആശുപത്രിയില്‍ ചേര്‍ന്നത്. ഇവര്‍ക്ക് യാത്രാബത്തയായി ചെറിയ തുക നല്‍കുന്നുണ്ട്. ഇതിന്റെ ബില്ലാണ് ലേക്ഷോറില്‍ തുച്ഛമായ ശമ്പളം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും ഡയറക്ടര്‍ബോര്‍ഡ് യോഗം പരിഗണിക്കും. ഇതനുസരിച്ചുള്ള പാക്കേജും പ്രഖ്യാപിക്കും.

നേഴ്സുമാര്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പുതിയ നിയമനം നടത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരാവും. പുറത്തുനിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്നാണ് നേഴ്സുമാര്‍ സമരം തുടങ്ങിയത്. അതുകൊണ്ടാണ് അവര്‍ക്ക് ഇപ്പോള്‍ സമരം നിര്‍ത്താന്‍ പറ്റാത്തത്. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്തിടത്തോളം സമരക്കാര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്നും ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. അതിനിടെ, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്സുമാരുടെ സമരം 11 ദിവസം പിന്നിട്ടു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ബുധനാഴ്ച കോലഞ്ചേരി ടൗണില്‍ ഹര്‍ത്താലാചരിക്കും.

deshabhimani 080212

5 comments:

  1. സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മാനേജ്മെന്റ് നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നേഴ്സുമാര്‍ 21 മുതല്‍ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി ഒന്നിന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ നല്‍കിയ ഡിമാന്‍ഡ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും മാനേജ്മെന്റ് വിട്ടുനിന്നു. ഇതേത്തുടര്‍ന്നാണ് സമരത്തിന് നോട്ടീസ് നല്‍കിയത്.

    ReplyDelete
  2. നേഴ്സുമാര്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എ ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് സ്വാഭാവിക നീതി നിഷേധിക്കലാണ്. ഇതിനെതിരെയുള്ള നേഴ്സുമാരുടെ സമരം ന്യായമാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടാന്‍ കെപിസിസി സര്‍ക്കാരിന് നിര്‍ദേശം നല്‍കും.
    ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേഷ്കുമാറും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വേണ്ടിവന്നാല്‍ ഇരുവരുമായി ചര്‍ച്ചചെയ്യും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസിന്റെ സമരം അവരുടെ ആഭ്യന്തര കാര്യമാണ്. അതിനെ ചോദ്യംചെയ്യേണ്ട കാര്യമില്ല. പ്രശ്നം ഇപ്പോള്‍ ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്. കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘടക കക്ഷികളെ പോലും ഒതുക്കുന്ന സമീപനമാണ് സിപിഐ എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  3. കേരളത്തില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് സിപിഐഎം സംസ്ഥാനസമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കടുത്ത ചൂഷണമാണ് സ്വകാര്യാശുപത്രികള്‍ നേഴ്സുമാരോട് കാട്ടുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ദിവസം 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ 24 ആശുപത്രികള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മിനിമം വേതനം കൊടുക്കുന്നത്. ചുരുങ്ങിയ വേതനമാണ് നല്‍കുന്നത്. മാസത്തില്‍ 28 ദിവസവും കഠിനമായ ജോലിയാണ് ചെയ്യേണ്ടത്. കേരളത്തിലെ 9 ലക്ഷം നേഴ്സുമാര്‍ കടക്കെണിയിലാണ്. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ നേഴ്സുമാരെയാണ് സ്വകാര്യആശുപത്രിക്കാര്‍ ചൂഷണത്തിനു വിധേയരാക്കുന്നത്. ഇതൊരു സാമൂഹ്യപ്രശ്നമായി വളര്‍ന്നിരിക്കുകയാണ്. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്കിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.

    ReplyDelete
  4. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തി. എം പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സികെ വര്‍ഗീസ് അധ്യക്ഷനായി. എം എന്‍ മോഹനന്‍ , ടി തോമസ്, എം എന്‍ മണി, എം പി കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ ആരംഭിച്ച സമരം 12 ദിവസം പിന്നിട്ടു. ഇതോടൊപ്പം ആരംഭിച്ച റിലേ നിരാഹാരം അഞ്ചുദിനവും പിന്നിട്ടു. 12-ാം ദിനമായ ബുധനാഴ്ചയും നൂറുകണക്കിനു നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. ഹര്‍ത്താലിനെത്തുടര്‍ന്ന് കോലഞ്ചേരി ടൗണിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിനെ അനുകൂലിച്ച് പൗരവേദി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി സമരപ്പന്തലിലെ നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വൈകിട്ട് മൂന്നിന് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയുമുണ്ട്. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കോലഞ്ചേരിയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.

    ReplyDelete
  5. കണ്ണൂര്‍ : സംസ്ഥാനത്തെ നേഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്എഫ്ഐ. മിനിമം വേതനവും ആനുകൂല്യങ്ങളും നിഷേധിച്ച് ചൂഷണം ചെയ്യുന്ന മാനേജ്മെന്റുകളുടെ തൊഴിലാളി ദ്രോഹ സമീപനത്തിനെതിരെ എസ്എസഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നേഴ്സിങ് വിദ്യാര്‍ഥികളെ അണിനിരത്തി കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ച. ജില്ലാപ്രസിഡന്റ് ബി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം റോബര്‍ട്ട് ജോര്‍ജ്, ജി ലിജിത്ത്, എം ഷാജിര്‍ , സരിന്‍ ശശി എന്നിവര്‍ സംസാരിച്ചു.

    ReplyDelete