Saturday, February 27, 2010

സംവരണ വിവാദവും വസ്തുതകളും

സംവരണപ്രശ്നം വീണ്ടും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പല രൂപത്തിലും തരത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം വിവാദങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ത്തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ വിവാദങ്ങളില്‍ പൊതുവില്‍ കാണുന്ന പ്രവണത ഈ പ്രശ്നത്തെ വിവിധ ജാതി-മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തലത്തിലേക്ക് രൂപപ്പെടുത്താനുള്ള പരിശ്രമമാണ്. സ്വത്വരാഷ്ട്രീയത്തിന്റെയും മറ്റും പിന്‍പറ്റി ഈ വിവാദങ്ങളെ സൈദ്ധാന്തികമായ തലത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളും സജീവമായിരിക്കുന്നു. സംവരണപ്രശ്നത്തെ സംബന്ധിച്ച് വളരെ വ്യക്തമായ നിലപാട് സിപിഐ എമ്മിനുണ്ട്. അത് ഇന്ത്യന്‍ സമൂഹത്തിലെ പ്രശ്നങ്ങളെ വിശകലനംചെയ്ത് വര്‍ഗപരമായ കാഴ്ചപ്പാടോടെ നിര്‍മിക്കപ്പെട്ടതാണ്. ജാതി-മത വികാരങ്ങള്‍ ഇളക്കിവിട്ട് സാമൂഹ്യവ്യവസ്ഥയ്ക്കെതിരായി ഉയര്‍ന്നുവരുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്തി വ്യവസ്ഥ രക്ഷപ്പെടുത്താനുള്ള കാഴ്ചപ്പാടില്‍നിന്ന് വിരുദ്ധമാണ് ഈ സമീപനം. അതുകൊണ്ടുതന്നെ ഈ നയത്തിനെതിരായി സ്ഥാപിത താല്‍പ്പര്യക്കാര്‍ രംഗപ്രവേശം ചെയ്യുക സ്വാഭാവികമാണ്. ദളിത്-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് എതിരാണ് സിപിഐ എം എന്നുള്ള പ്രചരണം ഇതിന്റെ ഭാഗമായി ചിലര്‍ നടത്തുന്നുണ്ട്. മറ്റു ചിലരുടേത് തങ്ങളുടെ നിലപാട് സിപിഐ എം അംഗീകരിച്ചു എന്ന പ്രചാരവേലയാണ്. ഇത്തരക്കാര്‍ സിപിഐ എം നിലപാട് മനസ്സിലാക്കാത്തവരോ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരോ ആണ്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതാണ് സംവരണം. എന്നാല്‍,ആ സംവരണം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുമാത്രം നിര്‍ബന്ധമായും നല്‍കണമെന്നേ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളൂ. ഭരണഘടനപ്രകാരം ഒബിസി സംവരണം എന്നത് ഒരു മാന്‍ഡേറ്റ് അല്ല. എന്നാല്‍, പിന്നോക്കവിഭാഗങ്ങളുടെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്നതിന് കമീഷനെ നിയോഗിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16ലാണ് സംവരണത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ വിവേചനാധികാരമായിട്ടാണ് പിന്നോക്കവിഭാഗത്തിന്റെ സംവരണം വരുന്നത്. അതുകൊണ്ടാണ് ഭരണഘടന നിലവില്‍ വന്നപ്പോള്‍ത്തന്നെ കേന്ദ്രസര്‍വീസില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നിലനിന്നപ്പോഴും പിന്നോക്കവിഭാഗത്തിന് സംവരണമില്ലാതിരുന്നത്. കേന്ദ്രസര്‍വീസിലെ സ്ഥിതി ഇതായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവേചനം ഉപയോഗിച്ച് 1958ല്‍ത്തന്നെ ഇ എം എസ് മന്ത്രിസഭ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇരുപതോളം പിന്നോക്ക സമുദായങ്ങള്‍ക്കാണ് ഇത്തരത്തില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചത്. ഈഴവ-മുസ്ളിം വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഇതിന്റെ ആനുകൂല്യം ലഭിക്കുകയുണ്ടായി. 1958ലെ കേരള സര്‍വീസ് സബോര്‍ഡിനേറ്റ് റൂള്‍സിലാണ് ഈ കാര്യം വിശദീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സംവരണം ഏര്‍പ്പെടുത്തിയത് കമ്യൂണിസ്റ്റുകാരാണ് എന്നര്‍ഥം.

ഭരണഘടനയുടെ 16-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട് കോസ്റിറ്റ്യുവന്റ് അസംബ്ളിയില്‍ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നിരുന്നു. ഈ വിഷയത്തില്‍ അംബേദ്കര്‍ മുന്നോട്ടുവച്ച നിലപാടിനോട് യോജിച്ച് അതിനെ പിന്താങ്ങിയത് കെ എം മുന്‍ഷിയായിരുന്നു. അംബേദ്കര്‍ പറഞ്ഞത് ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുപോലെയല്ല പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം എന്നാണ്. കാരണം, അവര്‍ക്കിടയില്‍ത്തന്നെ ചില വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ട് ആ കാര്യംകൂടി പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. അല്ലാതെ എടുക്കുന്ന തീരുമാനം തുല്യതയിലല്ലാത്തവരെ തുല്യമായി പരിഗണിക്കുന്നതിന് സമമായിരിക്കുമെന്നായിരുന്നു അംബേദ്കറുടെ നിരീക്ഷണം. യഥാര്‍ഥത്തില്‍ കോസ്റിറ്റ്യുവന്റ് അസംബ്ളിയില്‍ ഉയര്‍ന്ന ഈ വസ്തുതകൂടി കണക്കിലെടുത്താണ് പിന്നോക്കവിഭാഗത്തിന്റെ സംവരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ച നടന്നത്. സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്നുവന്ന വിഭാഗത്തെ പിന്നോക്കവിഭാഗത്തിന്റെ സംവരണത്തില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് ഈ പശ്ചാത്തലത്തിലാണ് സജീവമാകുന്നത്. മാത്രമല്ല, പിന്നോക്കവിഭാഗത്തില്‍ ചില വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നതുകൊണ്ടുതന്നെ അവരുമായി മത്സരിക്കാന്‍ അതിലെ പാവപ്പെട്ടവര്‍ക്ക് കഴിയാത്ത നിലയുണ്ടായി. ഈ സവിശേഷത പിന്നോക്കവിഭാഗത്തിലെ സംവരണം അതിലെ പാവപ്പെട്ടവന് കിട്ടാത്ത നിലയുണ്ടാക്കുന്ന കാര്യവും സജീവമായി ഉയര്‍ന്നുവന്നിരുന്നു. ഈ പ്രശ്നംകൂടി പരിഗണിച്ചാണ് പിന്നോക്കവിഭാഗത്തിന്റെ സംവരണത്തില്‍നിന്ന് മേല്‍പ്പാളി (ക്രീമിലെയര്‍) വിഭാഗത്തെ ഒഴിവാക്കണം എന്ന കാഴ്ചപ്പാട് സിപിഐ എം മുന്നോട്ടുവച്ചത്. പിന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ സംവരണത്തിനായി ആദ്യവും അവരില്ലാതെ വന്നാല്‍ അതിലെ മുന്നോക്കത്തിനെയും പരിഗണിക്കണം എന്നതാണ് പാര്‍ടി നിലപാട്. ഈ നയത്തിന്റെ ഫലമായുണ്ടാകുന്ന പ്രധാന പ്രത്യേകത ജാതീയമായി അതതു വിഭാഗത്തിനുള്ള സംവരണം അതേപോലെ ലഭിക്കും എന്നതാണ്. അതേസമയം, പ്രഥമ പരിഗണന അതേവിഭാഗത്തില്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും.

എന്നാല്‍, പിന്നോക്കവിഭാഗത്തിന്റെ സംവരണകാര്യത്തില്‍ ഒളിച്ചുകളി നടത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ചത്. പിന്നോക്കവിഭാഗക്കാരുടെ പ്രശ്നം പഠിച്ച് കാക്കാ കലേക്കര്‍ 1956ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നെഹ്റുവിന്റെ കാലത്ത് തുറന്നുനോക്കുകപോലുമുണ്ടായില്ല. മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മണ്ഡല്‍ കമീഷനെ നിയോഗിച്ചത് സിപിഐ എം പിന്തുണയോടെ 1977ല്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴായിരുന്നു. ആ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനുമേല്‍ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. ഇടതുപക്ഷ പിന്തുണയോടെ വി പി സിങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് 1990ല്‍ കേന്ദ്രസര്‍സീസില്‍ 27 ശതമാനം സംവരണം പിന്നോക്കക്കാര്‍ക്ക് ഏര്‍പ്പെടുത്തിയത്. അത്തരത്തില്‍ ഗുണപരമായ നിലപാടെടുത്ത മന്ത്രിസഭയെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു.

കേരളത്തില്‍ ഏറെ തൊഴിലവസരം സംഭാവനചെയ്യുന്ന മേഖലയാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇത്തരം സ്ഥാപനങ്ങളില്‍ സംവരണവ്യവസ്ഥ നടപ്പാക്കാന്‍ ഉതകുന്ന ഒന്നായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്‍. വലതുപക്ഷ പാര്‍ടികളിലും ജാതി-മത സംഘടനകളില്‍പ്പെട്ട നേതാക്കളാണ് വിമോചനസമരം നടത്തി വിദ്യാഭ്യാസബില്ലിനെ തകര്‍ത്തത്. 50 ശതമാനം സീറ്റ് ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ ലഭിക്കുമായിരുന്നത് ഇവര്‍ ഇല്ലാതാക്കി. മറ്റു വിഭാഗത്തില്‍പ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള അവസരവും നഷ്ടപ്പെട്ടു. ഈ ബില്ലിലെ 11-ാം വകുപ്പിലായിരുന്നു ഈ കാര്യം പറഞ്ഞിരുന്നത്. സുപ്രീംകോടതിയില്‍ ഈ വകുപ്പിന് അംഗീകാരം ലഭിച്ചെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന ശങ്കര്‍-പട്ടം-കോ-ലീ-പി, മുന്നണിയാണ് ഈ വകുപ്പ് എടുത്ത് മാറ്റി സംവരണവിഭാഗങ്ങള്‍ക്ക് പ്രഹരമേല്‍പ്പിച്ചത്.

ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരുവിഭാഗം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്ന ചര്‍ച്ചയും സമൂഹത്തില്‍ സജീവമാണ്. അതുകൊണ്ട് അവിടെയും മേല്‍പ്പാളിയെ ഒഴിവാക്കണം എന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ദളിത് വിഭാഗത്തിനിടയില്‍ ഇത്തരമൊരു മാറ്റം പൊതുവില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ദളിത് സംവരണകാര്യത്തില്‍ മേല്‍ത്തട്ട് പരിഗണിക്കേണ്ടതില്ല എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം പോയ വിഭാഗത്തെ കൈപിടിച്ചുയര്‍ത്തുക എന്നത് സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തവും കടമയുമാണ്. അങ്ങനെ ഉയര്‍ന്നുവരാനുള്ള അവസരം ഉണ്ടാവുക എന്നത് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ അവകാശത്തിന്റെ ഭാഗമാണുതാനും.

ചരിത്രത്തിന്റെ മുന്നോട്ടുപോക്കില്‍ നമ്മുടെ സാമൂഹ്യജീവിതത്തില്‍ മാറ്റങ്ങളും കീഴ്മേല്‍ മറിച്ചിലുകളും ചില കാര്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി സവര്‍ണവിഭാഗത്തിലെതന്നെ ഒരു വിഭാഗം സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം പോകുന്ന നിലയുണ്ടായിട്ടുണ്ട്. ഈ ജനവിഭാഗത്തെ മറ്റുള്ളവരോടൊപ്പം പരിഗണിക്കപ്പെടുക എന്നതും പ്രധാനമാണ്. അതുകൊണ്ടാണ് മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം വേണം എന്ന തത്വം സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഈ സംവരണം നിലവിലുള്ള ഏതെങ്കിലും വിഭാഗത്തിന്റെ സംവരണ ക്വോട്ട വെട്ടിക്കുറച്ചുകൊണ്ടാകരുത്. മറിച്ച്, 50 ശതമാനം വരുന്ന ജനറല്‍ മെറിറ്റില്‍നിന്ന് നിശ്ചിത ശതമാനം ഈ വിഭാഗത്തിനായി നീക്കിവയ്ക്കുകയാണ് വേണ്ടത്. ഇതാണ് മുന്നോക്കത്തിലെ പിന്നോക്കത്തിന്റെ സംവരണത്തെ സംബന്ധിച്ച സിപിഐ എം നിലപാട്. ഈ നയത്തിന്റെ ഫലമായി ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെടുന്ന ക്വോട്ട മിനിമം ലഭിക്കും. ബാക്കി വരുന്ന മെറിറ്റ് സീറ്റില്‍ വിവിധ വിഭാഗങ്ങള്‍ക്ക് കടന്നുവരാം എന്നതുകൊണ്ട് സംവരണ ക്വോട്ടയേക്കാള്‍ കൂടുതല്‍ തൊഴിലവസരം ഓരോ വിഭാഗത്തിനും ലഭിക്കും. മാത്രമല്ല, പാവങ്ങള്‍ക്ക് പ്രത്യേകമായ പരിഗണന ഉണ്ടാവുകയും ചെയ്യും.

നിലനില്‍ക്കുന്ന തൊഴിലവസരങ്ങള്‍തന്നെ ഇല്ലാതാക്കുന്നതാണ് ആഗോളവല്‍ക്കരണനയങ്ങള്‍. പൊതുമേഖലയെയും സിവില്‍ സര്‍വീസിനെയും ദുര്‍ബലപ്പെടുത്തുക എന്നത് അതിന്റെ പ്രത്യേകതയാണ്. യുഡിഎഫ് കേരളത്തില്‍ ഭരിക്കുന്ന ഘട്ടത്തില്‍ സ്വീകരിച്ച സമീപനം ഇത്തരത്തിലുള്ളതായിരുന്നു. ഏകദേശം 75,000 തസ്തികയാണ് ഈ ഘട്ടത്തില്‍ കേരളത്തില്‍ കുറവുവന്നത്. ഇതിന്റെ പകുതി ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ ലഭിക്കേണ്ടതായിരുന്നു. ബാക്കി പകുതി എല്ലാ വിഭാഗത്തിലുംപെട്ട മിടുക്കരായവര്‍ക്കും അര്‍ഹതപ്പെട്ടതായിരുന്നു. തൊഴിലവസരങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരായുള്ള പൊതുവായ പോരാട്ടം അനിവാര്യമാണെന്നും ഇത് കാണിക്കുന്നു.

തൊഴില്‍രഹിത വളര്‍ച്ച സൃഷ്ടിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെയും തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന മുതലാളിത്തവ്യവസ്ഥയ്ക്കുമെതിരായ സമരമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതിനെതിരായി നടക്കുന്ന പോരാട്ടങ്ങളുമായി സംവരണം ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങളെ കാണുകയാണ് വേണ്ടത്. അല്ലാതെ വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തി ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രശ്നമാക്കി ഇതിനെ മാറ്റുകയല്ല വേണ്ടത്. ജാതി സംഘടനകളും സ്വത്വരാഷ്ട്രീയക്കാരും മുന്നോട്ടുവയ്ക്കുന്ന ഈ രാഷ്ട്രീയത്തെ നാം തിരിച്ചറിയണം. ജനങ്ങളെ അവരുടെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ഭിന്നിപ്പിക്കുക എന്നത് ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ടി ശിവദാസമേനോന്‍ ദേശാഭിമാനി

ജാതിസംഘടനകളും പാര്‍ടിയും

5 comments:

  1. സംവരണപ്രശ്നം വീണ്ടും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പല രൂപത്തിലും തരത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം വിവാദങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ത്തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ വിവാദങ്ങളില്‍ പൊതുവില്‍ കാണുന്ന പ്രവണത ഈ പ്രശ്നത്തെ വിവിധ ജാതി-മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തലത്തിലേക്ക് രൂപപ്പെടുത്താനുള്ള പരിശ്രമമാണ്. സ്വത്വരാഷ്ട്രീയത്തിന്റെയും മറ്റും പിന്‍പറ്റി ഈ വിവാദങ്ങളെ സൈദ്ധാന്തികമായ തലത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളും സജീവമായിരിക്കുന്നു. സംവരണപ്രശ്നത്തെ സംബന്ധിച്ച് വളരെ വ്യക്തമായ നിലപാട് സിപിഐ എമ്മിനുണ്ട്. അത് ഇന്ത്യന്‍ സമൂഹത്തിലെ പ്രശ്നങ്ങളെ വിശകലനംചെയ്ത് വര്‍ഗപരമായ കാഴ്ചപ്പാടോടെ നിര്‍മിക്കപ്പെട്ടതാണ്. ജാതി-മത വികാരങ്ങള്‍ ഇളക്കിവിട്ട് സാമൂഹ്യവ്യവസ്ഥയ്ക്കെതിരായി ഉയര്‍ന്നുവരുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്തി വ്യവസ്ഥ രക്ഷപ്പെടുത്താനുള്ള കാഴ്ചപ്പാടില്‍നിന്ന് വിരുദ്ധമാണ് ഈ സമീപനം. അതുകൊണ്ടുതന്നെ ഈ നയത്തിനെതിരായി സ്ഥാപിത താല്‍പ്പര്യക്കാര്‍ രംഗപ്രവേശം ചെയ്യുക സ്വാഭാവികമാണ്. ദളിത്-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് എതിരാണ് സിപിഐ എം എന്നുള്ള പ്രചരണം ഇതിന്റെ ഭാഗമായി ചിലര്‍ നടത്തുന്നുണ്ട്. മറ്റു ചിലരുടേത് തങ്ങളുടെ നിലപാട് സിപിഐ എം അംഗീകരിച്ചു എന്ന പ്രചാരവേലയാണ്. ഇത്തരക്കാര്‍ സിപിഐ എം നിലപാട് മനസ്സിലാക്കാത്തവരോ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരോ ആണ്.

    ReplyDelete
  2. ശ്രി.ശിവദാസമേനോന്‍ ഒറ്റ വാചകത്തില്‍ പറഞ്ഞവസാനിപ്പിച്ച ഒരു വിഭാഗത്തിനെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്.മറ്റു പിന്നോക്ക വിഭാഗം.അദ്ദേഹത്തിന്റെ ലേഖനപ്രകാരം 958ല്‍ ഇരുപതോളം മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കു കേരള ഗവര്‍മെണ്ട് സംവരണം നല്‍കി.ശ്രി.മേനോന്‍ വീണ്ടൂം പറയുന്നു” അംബേദ്കര്‍ പറഞ്ഞത് ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുപോലെയല്ല പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം എന്നാണ്. കാരണം, അവര്‍ക്കിടയില്‍ത്തന്നെ ചില വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ട് ആ കാര്യംകൂടി പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്.“ഏതായാലും തുടക്കത്തില്‍ 50ശതമാനം മെറിറ്റും 10ശതമാനം പട്ടികജാതി പട്ടിക വറ്ഗത്തിനും ബാക്കി നാല്പതു ശതമാനം മറ്റു പിന്നോക്ക വിഭാഗത്തിനുമായിരുന്നു സംവരണം.അത്യാവശ്യം തെറ്റില്ലാത്ത രീതിയില്‍ ഞങ്ങള്‍ ജീവിച്ചുകൊണ്ടിരുന്നു. എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളിലെ പ്രബല വിഭാഗക്കാര്‍(ഏഴവര്‍,മുസ്ലിംസ്,വിശ്വകര്‍മ്മര്‍ തുടങ്ങിയവര്‍) മറ്റു പിന്നോക്കക്കാരുടെ വലിയ ശതമാനം സംവരണവും തട്ടിയെടുത്ത് പുറത്തു ചാടി. അങ്ങനെ പോയി പോയി മറ്റു പിന്നോക്ക വിഭാഗക്കാര്‍ 68 ജാതികളായും (പി.എസ്.സി 8-)0 ഷെഡ്യൂള്‍)അവരുടെ സംവരണശതമാനം വെറും 3 ശതമാനവുമായി. ഇതു നഗ്നമായ അനീതിയല്ലെ? പുറത്തു പോയവര്‍ പറയുന്ന ന്യായമെന്താണ്? ജനസംഖ്യ കൂടുതലെന്നോ? അതൊ സ്വാധീനം കൂടുതലെന്നോ?.ജനസംഖ്യയാണ് കൂടുതലെങ്കില്‍ എന്തടിശ്താനത്തിലാണതു പറയുന്നത്? മറ്റു പിന്നോക്ക സമുദായങ്ങളുടെ ജനസംഖ്യാപരമായ ഒരു കണക്കെടുപ്പ് നടന്നത് 1938ലാണ്. അതിനു ശേഷം ഭാരതപുഴയിലൂടെ വെള്ളമെത്ര ഒഴുകിപ്പോയി.
    ശരി,അവരുടെ ജനസംഖ്യ കൂടുതലെന്നു തന്നെ കണക്കാക്കുക.കാലങ്ങളായി അവര്‍ക്കു സംവരണം വഴി കിട്ടിയ
    ആനുകൂല്യങ്ങളും മറ്റുള്ളവരുടെയും തമ്മില്‍ ഒന്നു താരതമ്യം നടത്തേണ്ടേ.ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ നടത്തിയ പഠനം കാണിക്കുന്നതു ഇന്നു മറ്റു പിന്നോക്കമെന്നറിയപ്പെടുന്ന 68 ജാതിക്കാര്‍ വളരെ പുറകിലാണെന്നാണ്.(കേരള പഠനം,ശാസ്ത്ര സാഹിത്യ പരിഷത്തു)അംബേദ്ക്കറുടെ വാചകം ഒന്നുകൂറ്റെ ഓര്‍ത്തു നോക്കുക.അതുകൊണ്ട് ഞങ്ങളുടെ നിരന്തര ആവശ്യമായിരുന്നു മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഒരു സാമൂഹ്യ സാമ്പത്തീക സര്‍വെ നടത്തുക എന്നത്. അവറ്ക്കു കിട്ടിയ ആനുകൂല്യങ്ങളുമായി ഒന്നു തട്ടിച്ചു നോക്കുക.എന്നിട്ട് അതനുസരിച്ചു സംവരണം ഒന്ന് അഡ്ജസ്റ്റ് ചെയ്യുക.കേരള ഗണക സമുദായ സഭ എന്ന സംഘടനക്കാരായ ഞങ്ങള്‍ വിവരാവകാശം വ്ഴി ഒരു ഡിപാര്‍ട്മെന്റില്‍ നിന്നും കിട്ടിയ ഡാറ്റ വിശകലനം ചെയ്തപ്പോള്‍ ഞങ്ങളുടേ സംവരണ ശതമാനം 0.028 ആണ്.ലേശം അതിശയോക്തിയുണ്ടെന്നു കൂട്ടിയാല്പോലും സത്യം ഇതിനടുത്താണ്.ഇതിനൊരറുതി വരുത്താനുള്ള നിരന്തര പ്രക്ഷോഭണങ്ങളുടെ ഫലമായി ഈ ഇടതു പക്ഷ ജനാധിപ്ത്യമുന്നണി ഗവര്‍മെണ്ട് 2007ല്‍ ത്തന്നെ ഒരു സാമൂഹ്യ സാമ്പത്തിക സര്‍വെ നടത്താനുള്ള ഉത്തരവായിട്ടുണ്ട്.
    (Gov.OrderNo.GOMS 24/2007 SC/ST DD Dated 13/4/2007 ) എന്നാല്‍ സെക്രട്ടേറിയേറ്റിന്റെ നികുംഭിലകളിലെവിടെയൊ നിദ്ര കൊള്ളുന്ന ആ ഉത്തരവ് ഒന്നു നടപ്പിലാക്കിത്തരുവാങ്കൂടി അങ്ങയുടെ ഗവര്‍മെന്റ് മുന്‍ കൈ എടുക്കണമെന്നു കൂടി ഞാന്‍ അഭ്യര്‍ദ്ധിക്കുകയാണ്.

    ReplyDelete
  3. ശ്രീ എം എസ്സ് മോഹൻ, ഗണകന്മാരെപോലെ തന്നെയോ അതിനേക്കാൾ താഴെയോ കഴിയുന്ന വിഭാഗമാണ് വിശ്വകർമ്മജർ. താങ്കൾ ഈഴവരുടെയും മുസ്ലിംങ്ങളുടെയും കൂടെ ചേർത്ത് ഈ അവശവിഭാഗത്തെയും പരിഗണിച്ചത് വസ്തുതകൾക്ക് നിരക്കുന്നതല്ല. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലും പരിഷത്തിന്റെ പഠനത്തിലും ഇവരുടെ നിലാവാരം ഈഴവർക്കോ മുസ്ലിങ്ങൾക്കോ തുല്യമായി രേഖപ്പെടുത്തിയിട്ടില്ല.

    ReplyDelete
  4. പ്രിയ സുഹ്രുത്തെ,
    താങ്കളുടെയൊ വിശ്വകര്‍മ സമുദായത്തെയൊ കളിയാക്കിയതൊ മുന്നിരയിലേക്കു കയറ്റി നിറുത്തിയതൊ അല്ല. 8-)0 പട്ടികയില്‍ നിന്നും സ്വന്തം ശതമാനവുമായി പുറത്തു ചാടി പോയവരുടെ കൂട്ടത്തില്‍ വിശ്വകര്‍മ്മരും പെട്ടു പോയി എന്നു മാത്രം. ശരിക്കും അതില്‍ നിന്നും മുതലെടുത്തവര്‍ ഈഴവര്‍ തുടങ്ങിയ മറ്റു പിന്നോക്കത്തിലെ മുന്നോക്കക്കാരാണ്.

    ReplyDelete