Wednesday, February 8, 2012

യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കാന്‍ ദേവാസ് 69 ലക്ഷം മുടക്കി

വാഷിങ്ടണ്‍ : എസ് ബാന്‍ഡ് കരാര്‍ വിവാദത്തില്‍പെട്ട ഇന്ത്യന്‍ കമ്പനി ദേവാസ് വിദേശനിക്ഷേപം സംഘടിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിനെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെയും സ്വാധീനിക്കാന്‍ 1,40,000 ഡോളര്‍(69 ലക്ഷത്തോളം രൂപ) ചെലവഴിച്ചെന്ന് കണ്ടെത്തി. പ്രത്യേക ആവശ്യങ്ങള്‍ക്കായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കാന്‍ സഹായിക്കുന്ന അമേരിക്കയിലെ ഹോഗന്‍ ലോവെല്‍സ് എന്ന ലോബിയിങ് സ്ഥാപനം ബാഗ്ലൂര്‍ ആസ്ഥാനമായ ദേവാസിനുവേണ്ടി കഴിഞ്ഞവര്‍ഷം ജൂണ്‍മുതല്‍ പ്രവര്‍ത്തിക്കുന്നു. 2011 ഒക്ടോബര്‍ -ഡിസംബര്‍ ത്രൈമാസത്തില്‍ ദേവാസ് 60,000 ഡോളര്‍ ഫീസ് നല്‍കിയെന്ന് ലോബിയിങ് സ്ഥാപനം യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച പുതിയ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുമുമ്പ് രണ്ട് തവണയായി 80,000 ഡോളര്‍ നല്‍കിയതായി സെനറ്റിന് സമര്‍പ്പിച്ചിരുന്ന മുന്‍ ത്രൈമാസ റിപ്പോര്‍ട്ടുകളിലുണ്ട്.

ദേവാസിന് ഇന്ത്യയില്‍ ലഭിച്ച ഉപഗ്രഹ സംപ്രേക്ഷണ അവകാശ കരാര്‍ സംബന്ധിച്ച പദ്ധതികളില്‍ വിദേശനിക്ഷേപവും അമേരിക്കന്‍ പങ്കാളിത്തവും ഉറപ്പാക്കാന്‍ വേണ്ടിയാണ് ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേവാസുമായി കരാറില്‍ ഏര്‍പ്പെട്ട ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സിനെ കമ്പനി പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. ലോബിയിങ് സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ദേവാസ് തയ്യാറായിട്ടില്ല. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനരംഗത്ത് വന്‍മാറ്റം ഉണ്ടാക്കാന്‍ സാധ്യതയുള്ള എസ് ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം ദേവാസിനു കൈമാറാന്‍ ആന്‍ഡ്രിക്സുമായി 2005ല്‍ ഒപ്പിട്ട കരാര്‍ ക്രമക്കേട് കണ്ടെത്തിയതിനെ ത്തുടര്‍ന്ന് 2011ല്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വാദം കള്ളം: മാധവന്‍നായര്‍

ബംഗളൂരു: വിവാദമായ എസ് ബാന്‍ഡ് കരാറുമായി ബന്ധപ്പെട്ട് പൂര്‍ണതോതില്‍ അന്വേഷണം നടത്തിയെന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ വാദം കളവാണെന്ന് ജി മാധവന്‍നായര്‍ . ആന്‍ഡ്രിക്സും ദേവാസും തമ്മിലുള്ള കരാറിനെപ്പറ്റി അവ്യക്തവും അപൂര്‍ണവുമായ റിപ്പോര്‍ട്ടാണ് വെബ്സൈറ്റ് വഴി പുറത്തുവിട്ടതെന്നും അദ്ദേഹം ബംഗളൂരുവില്‍ പറഞ്ഞു. പ്രത്യുഷ് സിന്‍ഹ അധ്യക്ഷനായ ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടില്‍ മാധവന്‍നായരടക്കം എട്ടുശാസ്ത്രജ്ഞര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഐഎസ്ആര്‍ഒ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്ന് രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം വ്യക്തമാക്കുകയുംചെയ്തു.

എന്നാല്‍ , പ്രത്യുഷ് സിന്‍ഹ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും കത്ത് നല്‍കുക മാത്രമാണ് ചെയ്തതെന്നും മാധവന്‍നായര്‍ വ്യക്തമാക്കി. കരാര്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ആരാഞ്ഞുള്ള കത്തായിരുന്നു അത്. എന്നാല്‍ , ഇത് അന്വേഷണറിപ്പോര്‍ട്ടാണെന്ന വ്യാജപ്രചാരണം നടത്തുകയാണ് രാധാകൃഷ്ണന്‍ . ഒരു കരാറിനെപ്പറ്റിയുള്ള അന്വേഷണം നടത്തുമ്പോള്‍ ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപത്രംനല്‍കുകയും ആരോപണവിധേയരുടെ വിശദീകരണം തേടുകയുംചെയ്യാറുണ്ട്. എന്നാല്‍ , തങ്ങളോട് വിശദീകരണം ആരായാന്‍പോലും ബന്ധപ്പെട്ടവര്‍ താല്‍പ്പര്യം കാട്ടിയിട്ടില്ല. ഒരുകള്ളം മറച്ചുവയ്ക്കാന്‍ നിരവധി കള്ളങ്ങള്‍ ചമയ്ക്കുകയാണ് ചെയര്‍മാനെന്നും മാധവന്‍നായര്‍ ആരോപിച്ചു.

deshabhimani 080212

3 comments:

  1. എസ് ബാന്‍ഡ് കരാര്‍ വിവാദത്തില്‍പെട്ട ഇന്ത്യന്‍ കമ്പനി ദേവാസ് വിദേശനിക്ഷേപം സംഘടിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിനെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെയും സ്വാധീനിക്കാന്‍ 1,40,000 ഡോളര്‍(69 ലക്ഷത്തോളം രൂപ) ചെലവഴിച്ചെന്ന് കണ്ടെത്തി. പ്രത്യേക ആവശ്യങ്ങള്‍ക്കായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കാന്‍ സഹായിക്കുന്ന അമേരിക്കയിലെ ഹോഗന്‍ ലോവെല്‍സ് എന്ന ലോബിയിങ് സ്ഥാപനം ബാഗ്ലൂര്‍ ആസ്ഥാനമായ ദേവാസിനുവേണ്ടി കഴിഞ്ഞവര്‍ഷം ജൂണ്‍മുതല്‍ പ്രവര്‍ത്തിക്കുന്നു. 2011 ഒക്ടോബര്‍ -ഡിസംബര്‍ ത്രൈമാസത്തില്‍ ദേവാസ് 60,000 ഡോളര്‍ ഫീസ് നല്‍കിയെന്ന് ലോബിയിങ് സ്ഥാപനം യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച പുതിയ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുമുമ്പ് രണ്ട് തവണയായി 80,000 ഡോളര്‍ നല്‍കിയതായി സെനറ്റിന് സമര്‍പ്പിച്ചിരുന്ന മുന്‍ ത്രൈമാസ റിപ്പോര്‍ട്ടുകളിലുണ്ട്.

    ReplyDelete
  2. വിവാദമായ എസ് ബാന്‍ഡ് സ്പെക്ട്രം കരാര്‍ റദ്ദാക്കിയതിനെതിരെ പാരീസിലെ അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദേവാസ് മള്‍ട്ടിമീഡിയയുടെ നടപടി തടയണമെന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ കോടതിയെ സമീപിച്ചു. വാദം കേള്‍ക്കാനായി ജഡ്ജി ഡി ബി പാട്ടീല്‍ ഹര്‍ജി 25ലേക്ക് മാറ്റി. ദേവാസ് മള്‍ട്ടിമീഡിയയും ആന്‍ഡ്രിക്സും 2005ലാണ് എസ് ബാന്‍ഡ് ഉപയോഗം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് 2011ല്‍ കരാര്‍ റദ്ദാക്കി. ഇതിനെതിരായാണ് ദേവാസ് പാരീസിലെ കോടതിയെ സമീപിച്ചത്. കരാര്‍ വിവാദമായതിനെത്തുടര്‍ന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ അടക്കം നാലു ശാസ്ത്രജ്ഞര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

    ReplyDelete
  3. എസ് ബാന്‍ഡ് സ്പെക്ട്രം കരാറിനെത്തുടര്‍ന്നുള്ള വിലക്കും വിവാദവും രൂക്ഷമായതോടെ ഇന്ത്യന്‍ ശാസ്ത്രസമൂഹം ആശങ്കയില്‍ . പ്രശ്നപരിഹാരത്തിന് നടപടിയെടുക്കണമെന്ന് പല പ്രമുഖ ശാസ്ത്രജ്ഞരും ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. പ്രശ്നത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ ശാസ്ത്രസമൂഹത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബഹിരാകാശ ഗവേഷണമേഖലയില്‍ ഏറെ സുപ്രധാനനേട്ടം കൈവരിച്ച ഐഎസ്ആര്‍ഒയുടെ ഭാവിപ്രവര്‍ത്തനങ്ങളെ വിവാദം പ്രതികൂലമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. വിവാദം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായതോടെ പ്രശ്നം അവസാനിപ്പിക്കാന്‍ ഉന്നതര്‍ മുന്‍കൈയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബഹിരാകാശ ഗവേഷണമേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പാക്കേണ്ട കാലഘട്ടത്തില്‍ ഒന്നിനുപിറകെ ഒന്നായി വിവാദം ഉയരുന്നത് ശാസ്ത്രസമൂഹത്തെ പിന്നോടടിപ്പിക്കാനേ ഉതകുകയുയുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരുടെയും നിലവിലെ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍ ചേരിതിരിഞ്ഞതാണ് ആശങ്ക സൃഷ്ടിക്കുന്നത്. അന്വേഷണറിപ്പോര്‍ട്ടിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട അച്ചടക്കനടപടി അങ്ങേയറ്റം വേദനാജനകമാണെന്ന് പല പ്രമുഖ ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിരുന്നു. കരാര്‍ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ വെബ്സൈറ്റ് വഴി പുറത്തുവിട്ടതും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി. പൂര്‍ണ റിപ്പോര്‍ട്ടല്ല പുറത്തുവിട്ടതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പ്രതികാരനടപടി കൈക്കൊള്ളുകയാണെന്നുമുള്ള ആരോപണവുമായി മാധവന്‍നായര്‍ രംഗത്തെത്തി. എന്നാല്‍ , വിവാദത്തെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രമുഖ ശാസ്ത്രജ്ഞന്‍ റോധം നരസിംഹ ബഹിരാകാശ കമീഷനംഗത്വം രാജിവച്ചത് വിവാദങ്ങള്‍ രൂക്ഷമാക്കി. എസ് ബാന്‍ഡ് കരാറിനെപ്പറ്റി പുതിയ അന്വേഷണം ആവശ്യപ്പെട്ട് മാധവന്‍നായര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.

    ReplyDelete