Tuesday, January 14, 2014

പ്രാഥമിക സഹ. സംഘങ്ങളെ മില്‍മ പിഴിയുന്നു

കണ്ണൂര്‍: സംഭരണച്ചെലവും മറ്റാനുകൂല്യങ്ങളും അനുവദിക്കാതെ മില്‍മ പ്രാഥമികസഹകരണസംഘങ്ങളെ പിഴിയുന്നു. മില്‍മയുടെ കടുംപിടിത്തം മൂലം സര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയില്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ പരിഷ്കരിക്കാനും സാധിക്കുന്നില്ല. സഹകരണനിയമത്തിന്റെ 80ാം വകുപ്പ് പ്രകാരമുള്ള സേവനവേതനവ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് 2009 ജനുവരി ഒന്നിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പത്തുശതമാനത്തോളം ശമ്പളവര്‍ധനയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്. പരമ്പരാഗതസംഘങ്ങളടക്കം പകുതിയോളം സംഘങ്ങള്‍ ഉത്തരവ് നടപ്പാക്കിയെങ്കിലും മില്‍മയുടെ കീഴിലുള്ള ഭൂരിഭാഗം സൊസൈറ്റികളും നടപ്പാക്കിയില്ല.

സംഭരണച്ചെലവ് മില്‍മ നല്‍കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. സ്ഥാപനത്തിന്റെ വാടക, വൈദ്യുതിച്ചെലവ്, കര്‍ഷകക്ഷേമനിധി വിഹിതം, വാഹനവാടക എന്നിവയെല്ലാം സംഘങ്ങളാണ് ചെലവഴിക്കേണ്ടത്. അടുത്തിടെ ഇവയുടെ വൈദ്യുതി താരിഫ് വ്യവസായത്തിലേക്ക് മാറ്റിയതും വന്‍ തിരിച്ചടിയായി. ഓഡിറ്റിന്റെ പണവും സംഘങ്ങള്‍ കണ്ടെത്തണം. വില്‍പനവിലയുടെ മൂന്ന് ശതമാനമാണ് മില്‍മ സംഘങ്ങള്‍ക്ക് നല്‍കുന്നത്. കൊഴുപ്പ്-കൊഴുപ്പേതരഘടകം എന്നിവ വേര്‍തിരിച്ച് പാലിന്റെ ഗുണം കണക്കാക്കുന്നതിനാല്‍ ലിറ്ററിന് 27മുതല്‍ 29 രൂപവരെയാണ് ലഭിക്കുന്നത്. സംസ്ഥാനത്താകെ മില്‍മയുടെ കീഴിലെ സൊസൈറ്റികളിലായി പതിനയ്യായിരത്തിലധികം ജീവനക്കാരുണ്ട്. ഇവരില്‍ പ്രതിദിനം 200 രൂപപോലും ലഭിക്കാത്തവരുമുണ്ട്. പാല്‍ അളക്കുന്നതനുസരിച്ചാണ് സംഘങ്ങളെ തരംതിരിക്കുന്നത്. പ്രതിവര്‍ഷം 500 ലക്ഷം ലിറ്റര്‍ പാലിന്റെ വിറ്റുവരവുള്ള സംഘങ്ങള്‍ക്ക് സെക്രട്ടറി, ക്ലര്‍ക്ക്, ലാബ് അസിസ്റ്റന്റ്, പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികകളില്‍ നിയമനം നടത്താം. ഇത്തരത്തിലുള്ള ഏഴു ക്ലാസുകള്‍ 80ാം വകുപ്പിന്റെ പരിധിയില്‍ വരും. താരതമ്യേന കുറഞ്ഞ വരുമാനമുള്ളവ എട്ടാം ക്ലാസിലാണ്. ഇവയിലെ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ പരിശോധിച്ച് തീര്‍പ്പാക്കേണ്ടത് ജില്ലാ ക്ഷീരവികസന ഓഫീസറുടെ ചുമതലയാണ്. ശമ്പളപരിഷ്കരണം സംബന്ധിച്ച ഉത്തരവിറങ്ങി ഒരുവര്‍ഷത്തിനകം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മില്‍മ പുല്ലുപോലെ അവഗണിച്ചു. പാല്‍ സ്വയം ശീതീകരിച്ച് വില്‍ക്കുന്നതിനാല്‍ പരമ്പരാഗതസംഘങ്ങള്‍ക്ക് ഒരുലിറ്ററിന് അഞ്ചുരൂപവരെ ലാഭം കിട്ടും.

deshabhimani

No comments:

Post a Comment